പി.എൻ.മേനോന്റെയും എംടിയുടെയും പ്രതിഭാസാന്നിധ്യം, സ്ത്രീജീവിതത്തെ  അരികെക്കണ്ട സിനിമകൾ; എഡിറ്റിങ് വേളയിലെ അവിസ്മരണീയ നിമിഷങ്ങൾ ഓർക്കുകയാണ് ബീനാ പോൾ. ഓർമയെഴുത്തിന്റെ അവസാനഭാഗം 
  
 ‘അമ്മ അറിയാൻ’ കഴിഞ്ഞ ശേഷമൊരു ഇടവേളയുണ്ടായി. മടുപ്പിക്കുന്ന തനിച്ചിരിപ്പ്. കരിയർ അവസാനിച്ചതായിപ്പോലും തോന്നി. അമ്മയാകുന്നതിനു പിന്നാലെ പ്രഫഷനിൽനിന്ന് അറിയാതെ പുറത്തായിപ്പോകുന്ന ഇങ്ങനെയൊരു കാലം മിക്ക സ്ത്രീകൾക്കും പറയാനുണ്ടാകും.  
  
 -  Also Read  ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് സി.എസ്.ചന്ദ്രിക   
 
    
 
അന്നേരമാണ് പി.എൻ.മേനോൻ വിളിച്ചത്. അദ്ദേഹത്തിന്റെ ‘പടിപ്പുര’ സിനിമയുടെ എഡിറ്റിങ് തുടങ്ങുന്നു. ‘ഓളവും തീരവും’ പോലെ ശ്രദ്ധനേടിയ സിനിമകളുടെ സംവിധായകന്റെ ക്ഷണം; എനിക്കു വലിയ സന്തോഷമായി. തെളിച്ചമുള്ള ഇംഗ്ലിഷിൽ അദ്ദേഹത്തോടു സംസാരിക്കാമെന്ന അധികാഹ്ലാദവുമുണ്ട്.  
 
ഞാനാദ്യമായി തികവൊത്ത ഒരു പ്രഫഷനൽ അസൈൻമെന്റിലേക്കു കടക്കുന്നത് പടിപ്പുരയിലൂടെയാണ്. ചെറിയ സമയത്തിനുള്ളിൽ ദീർഘനേരം എനിക്കു പണിയെടുക്കേണ്ടിവന്നു. പി.എൻ.മേനോൻ സാർ എന്നോടു സ്നേഹത്തോടെയാണ് ഇടപെട്ടത്. അദ്ദേഹത്തിന്റെ സഹസംവിധായകർ അങ്ങനെയായിരുന്നില്ല, ഞാനൊരു ചെറിയ പെൺകുട്ടി; എനിക്കെന്തറിയാമെന്ന മട്ടിലായിരുന്നു പെരുമാറ്റം. എന്നെ താഴ്ത്തിക്കെട്ടാനുള്ള ഒരവസരവും അവർ വിട്ടുകളഞ്ഞില്ല.  
 
സിതാരയും മുരളിയുമായിരുന്നു പടിപ്പുരയിലെ മുഖ്യ അഭിനേതാക്കൾ. സിതാര വിളക്കുതിരി കാൽത്തുടയിൽ വച്ച് ചുരുട്ടുന്ന സീൻ മുന്നിലെത്തി. ‘സാർ, എന്തിനിതൊക്കെ?’ ഞാൻ  മേനോൻ സാറിനോടു ചോദിച്ചു. സഹസംവിധായകർക്ക് അതു പിടിച്ചില്ല. വൈകുന്നേരങ്ങളിലെ അവലോകന യോഗങ്ങളിൽ എനിക്കു പ്രവേശനമുണ്ടായിരുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിലൊന്നും പഠിച്ച ആളല്ല മേനോൻ സാർ. പക്ഷേ സിനിമയുടെ രസതന്ത്രം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. പടിപ്പുര ഒരു ആർട്ടിസ്റ്റിക് പടമായിരുന്നു. അത് ഓടാതിരുന്നതു നിരാശയായി.  
 
പുതിയ പുതിയ പാഠങ്ങൾ 
  
 കെ.ജി.ജോർജ്, ജി.അരവിന്ദൻ, പി.എൻ.മേനോൻ, എംടി; ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്തെ എന്റെ എഡിറ്റിങ് ജീവിതത്തെ രൂപപ്പെടുത്തിയ പേരുകൾ ഇതൊക്കെയാണ്. ഒരുപക്ഷേ പലർക്കും പരിചയമേയില്ലാത്ത രണ്ടു പേരെക്കൂടി ഓർക്കേണ്ടതുണ്ട്. തൃശൂരുകാരൻ അപ്പുവിനെയും തിരുനെൽവേലിക്കാരൻ മുത്തുവിനെയും.  
 
ചെന്നൈയിലെ എഡിറ്റിങ് ഇൻഡസ്ട്രിയുടെ ആവശ്യങ്ങളെന്തെന്നു നന്നായി അറിയുന്ന സെല്ലുലോയ്ഡ് കാലത്തെ എന്റെ എഡിറ്റിങ് അസിസ്റ്റന്റുമാരാണ് ഇവർ. നെഗറ്റീവ് കട്ടിങ്, സിങ്കിങ്; ഇതൊക്കെ അത്ര പരിചയമാണ് ഇരുവർക്കും. ഒരു ഫ്രെയിം ഔട്ട്സിങ്കായാൽ മുത്തുവിന് അടുത്ത നിമിഷം  മനസ്സിലാകും. നെഗറ്റീവിലെ നമ്പർ മാറിയാൽ പടമാകെ മാറിപ്പോകുന്ന കാലമാണ്. മികച്ച എഡിറ്റിങ് സെൻസ് ഉള്ള അവർ  ഒരിക്കൽപോലും വലിയ അഭിപ്രായപ്രകടനങ്ങൾക്കു മുതിർന്നില്ല. അതൊരു മോശം കാര്യമെന്നല്ല. പക്ഷേ, ആ മിതത്വത്തിൽ അവർ വിശ്വസിച്ചു.   
 
‘ദയ’ സിനിമയിൽ ഒരു ഗാനം എഡിറ്റ് ചെയ്യുമ്പോൾ മുത്തുവിന്റെ സഹായം ഞാൻ തേടി. അതിനെ ഭംഗിയാക്കാൻ ആ പ്രായോഗിക മികവ് എന്നെ തുണച്ചു. സെല്ലുലോയ്ഡ് പോയതോടെ അവരും സിനിമ വിട്ടിറങ്ങി.  
 
സുമ ജോസന്റെ ‘ജന്മദിനം’ എഡിറ്റ് ചെയ്യാനുള്ള അവസരം പുതിയൊരു ഉത്സാഹം തന്നു. ഷൊർണൂരിലെ ലൊക്കേഷനിൽ ഞാനെത്തുമ്പോൾ നന്ദിത ദാസുണ്ട്. ഇപ്പോഴും തുടരുന്ന ഞങ്ങളുടെ നല്ല കൂട്ടിന്റെ തുടക്കമവിടെയാണ്. അമ്മയും ഗർഭസ്ഥശിശുവും തമ്മിലുള്ള സംഭാഷണം, മുംബൈ കലാപം, പ്രധാന കഥാപാത്രങ്ങളുടെ  ബാല്യം; ഇങ്ങനെ പല വിതാനങ്ങളിലൂടെയാണ് ആ സിനിമ വികസിച്ചത്. സ്ത്രീജീവിതത്തെ ആവിഷ്കരിക്കുന്ന ഒരു സിനിമയിൽ ഭാഗമാകുന്നത് അതാദ്യമായിരുന്നു. ‘ജന്മദിന’വുമായി സുമയും ഞാനും ബർലിൻ ഫെസ്റ്റിവലിൽ പങ്കെടുത്തതാണു മറ്റൊരു നല്ലയോർമ.  
 
വേണുവിന്റെ സിനിമകൾ 
  
 വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ദയ, കാർബൺ സിനിമകളുടെ എഡിറ്റിങ് എന്റേതായിരുന്നു. പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന്റെ ഭാഗമായുള്ള സിനിമയിൽ തുടങ്ങുന്നു ഞാനും വേണുവുമായുള്ള കൂട്ടുജോലികൾ. അക്കാലത്തേ വേണുവിൽ ഒരു നല്ല എഡിറ്ററുമുണ്ട്. ഷോട്ടുകളുടെ തിരഞ്ഞെടുപ്പ്, വേഗത്തെക്കുറിച്ചുള്ള ധാരണ, സംഘാടനം; ഇവയിലെല്ലാം വേണുവിനു മികവുണ്ട്. എന്നാൽ വേണുവിന്റെ അക്ഷമ പ്രശസ്തമാണ്. എഡിറ്റർക്കു വേണ്ടതാകട്ടെ ഭൂമിയോളം ക്ഷമയും.  
 
ഭാര്യാഭർത്താക്കൻമാരുടെ ചൂടു പിടിച്ച ചർച്ചകൾ എഡിറ്റിങ് സ്യൂട്ടിലേക്ക് എത്തുമ്പോൾ അൽപം പൊള്ളിക്കുന്നതാവും. വേണുവിനോടെന്ന പോലെ ഒരു സംവിധായകനോടും ഞാൻ തർക്കിച്ചിട്ടുണ്ടാവില്ല. ഞങ്ങളുടെ അസിസ്റ്റന്റുമാരാണ് കുഴഞ്ഞുപോയത്. സിനിമയുടെ ആകെ ഭംഗിക്കു വേണ്ടിയാണ് ഇതൊക്കെയെന്ന് അവർക്കറിയാം. എന്നാലും ആ പിരിമുറുക്കത്തെ അഴിച്ചു മുന്നോട്ടുപോകണമല്ലോ.  
 
എഡിറ്റിങ്ങിൽ ധാരണയുള്ള സിനിമറ്റോഗ്രഫറാണെങ്കിൽ കുറെക്കൂടി നമ്മുടെ ജോലി എളുപ്പമാവും. നല്ല കട്ടിങ് പോയിന്റുകൾ അവർ നൽകും. നല്ല ഫ്രെയിമെടുത്തു കൊടുക്കുക മാത്രമല്ല, എഡിറ്റിങ് സാധ്യതകൾ തുറന്നിടുക കൂടി വേണം സിനിമറ്റോഗ്രഫർ. ചിലപ്പോൾ സംവിധായകനെക്കാൾ എഡിറ്ററും സിനിമറ്റോഗ്രഫറും തമ്മിലുള്ള ജുഗൽബന്ധിയാണ് നല്ല സിനിമയ്ക്കു പിന്നിലെന്ന് എഴുതാൻ ഞാനെന്തിനു മടിക്കണം.  
 
‘ദയ’യുടെ ഷൂട്ട് ജയ്സൽമേറിലായിരുന്നു. മകൾ മാളവികയുമൊത്താണ് ഞാൻ പോയത്. എംടിയുടെ തിരക്കഥയാണ്. മഞ്ജു വാരിയരെ ആദ്യമായി കണ്ടത് അപ്പോഴാണ്. മാളവികയും മഞ്ജുവും വേഗം കൂട്ടുകാരായി. അവർ പാടിയും കഥ പറഞ്ഞും രസിച്ചു നടന്നതൊക്കെ ഓർമയിലുണ്ട്.ക്യാമറയ്ക്കു മുൻപിൽ മറ്റൊരു മഞ്ജുവിനെ ഞാൻ കണ്ടു. എത്ര കരുത്തുറ്റ അഭിനേത്രി! കുതിരയോട്ടം, വാൾപയറ്റ്; ഒട്ടുമേ ഇടർച്ചയില്ലാതെ മഞ്ജു അതൊക്കെയും ഭംഗിയാക്കി.  
 
എഡിറ്റിങ് സമയത്ത് വേണു സംവിധായകൻ സിദ്ദിഖിനെ വിളിച്ചു. ‘റാംജിറാവ് സ്പീക്കിങ്’ സമയത്തേ വേണുവിന് സിദ്ദിഖ്–ലാലിനോട് അടുപ്പമുണ്ടല്ലോ. കോമഡി സീനുകളുടെ എഡിറ്റിങ്ങിന് സിദ്ദിഖ് ഞങ്ങൾക്കൊപ്പം ഇരുന്നു. ഷോട്ടുകളുടെ വിന്യാസം, ചില സന്ദർഭങ്ങൾ കണ്ടെടുക്കുന്നതിലെ സൂക്ഷ്മത; ഇതിലൊക്കെ സിദ്ദിഖ് എന്നെ അതിശയിപ്പിച്ചു. ദയയിൽ ഒരു സീനിൽ ആക്ഷൻ പറയും മുൻപുള്ള നിമിഷം ഞങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലാൽ അമ്പരപ്പോടെ നോക്കുന്ന  രംഗം; അതു സിദ്ദിഖ് കണ്ടെടുത്തതാണ്.Sunday Special, Malayalam News, Genghis Khan, Mysterious, China, Genghis Khan tomb, Genghis Khan burial site, Mongol Empire, Temujin, where is Genghis Khan\“s tomb, Genghis Khan mystery, Liupan mountain, Western Xia, Burkhan Khaldun, Khentii, historical mystery, undiscovered tomb, Genghis Khan death, Mongolian myth, lost tomb, ചെങ്കിസ് ഖാൻ ശവകുടീരം, ചെങ്കിസ് ഖാൻ, മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാൻ്റെ ശവകുടീരം എവിടെ, ചെങ്കിസ് ഖാൻ മരണം, ചെങ്കിസ് ഖാൻ രഹസ്യം, ലിപ്പാൻ പർവതം, മംഗോളിയൻ ഐതിഹ്യം, ചെങ്കിസ് ഖാൻ്റെ ശവകുടീരം കണ്ടെത്തൽ, ചരിത്ര രഹസ്യം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Genghis Khan\“s Tomb: The Unsolved Mystery of the Mongol Emperor\“s Burial Site  
 
എംടി വരുന്നു 
  
 ‘ദയ’യുടെ ഫസ്റ്റ് കട്ട് കാണാൻ എം.ടി.വാസുദേവൻ നായർ വന്നു. ഞാൻ ഒട്ടൊരു പേടിയോടെ ആ അഭിപ്രായത്തിനു കാത്തുനിന്നു. രണ്ടു കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. ‘ബീനാ, കഥ ഒഴുകിക്കൊണ്ടിരിക്കുമ്പോൾ അത് എങ്ങോട്ടു പോകുന്നുവെന്ന് കാഴ്ചക്കാർ അറിയരുത്.അതിൽ ചില വിഛേദങ്ങൾ കൊണ്ടുവരണം’.   
 
    മഞ്ജു വാരിയരുടെ കഥാപാത്രം പുരുഷനല്ലെന്നു നെടുമുടി വേണു തിരിച്ചറിയുന്ന സന്ദർഭത്തിനു തൊട്ടുപിന്നാലെ രാജസദസ്സിലേക്കു പോകുന്ന മട്ടിലാണ് ഞാൻ എഡിറ്റ് ചെയ്തത്. അതിലേക്ക് കൊട്ടാരത്തിന്റെ രാത്രിദൃശ്യം കൊണ്ടുവന്നു. രണ്ടോ മൂന്നോ സെക്കൻഡ് മാത്രമാണത്. എംടിയുടെ നിർദേശമായിരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ സിനിമയിലും ഞാനായിരുന്നു എഡിറ്റർ. ഒടുവിൽ ഉണ്ണിക്കൃഷ്ണനും നിർമലയും അഭിനയിച്ച ഒരു ഭാഗം ഞാനോർക്കുന്നു. മുതിർന്ന ദമ്പതികളുടെ കഥയാണല്ലോ അത്. അവർ എണ്ണ തേയ്ക്കുന്ന രംഗമുണ്ട്. ആ സീനിൽ അവരുടെ പ്രേമം കൊണ്ടുവരാനാകണമെന്ന് എംടി പറഞ്ഞു.  
 
വായനയിലുള്ള എന്റെ ഇഷ്ടത്തെ അദ്ദേഹം മിക്കപ്പോഴും മാനിച്ചു. ടോണി മോറിസന്റെ രചനകളെക്കുറിച്ച് ഒരിക്കൽ കാര്യമായി പറഞ്ഞതോർക്കുന്നു. മകളെ കാണാൻ അമേരിക്കയിൽ പോയി വന്നതും എന്നെ ഫോണിൽ വിളിച്ചു. ആകാംക്ഷയോടെ ഞാൻ ചെവിയോർത്തു. ടോണി മോറിസണെ നേരിൽക്കണ്ടതും സംസാരിച്ചതുമെല്ലാം നേരമെടുത്തു പറഞ്ഞു.   
 
ദയയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ കിട്ടി. വേണുവിനു ദേശീയപുരസ്കാരം ലഭിച്ചപ്പോൾ എഡിറ്റിങ്ങിനുള്ള സംസ്ഥാന പുരസ്കാരം എനിക്കും. ശ്രദ്ധേയായ എഡിറ്റർ രേണു സലൂജ  അയച്ച കത്തിലെ വരികളാണ് അതിലുമേറെ എന്നെ സന്തോഷിപ്പിച്ചത്. പഠനനാളുകളിലേ എന്റെ ആദരപാത്രമാണ് രേണു. ദയയുടെ ആഖ്യാനഭംഗിയെക്കുറിച്ചു രേണു എഴുതി.  
 
മിത്ര് മൈ ഫ്രൻഡ് 
  
 ചിത്രാഞ്ജലിയിലാണ് ഞാനാദ്യമായി നടി രേവതിയെ കണ്ടത്. അതുപക്ഷേ,  രേവതിയുടെ ഓർമയിലുണ്ടാവണമെന്നില്ല. അത്ര ഹ്രസ്വമായിരുന്നു ആ കൂടിക്കാഴ്ച.  സ്ത്രീകൾ മാത്രം പങ്കാളികളായി രേവതി സിനിമയൊരുക്കുന്ന കാര്യം സിനിമറ്റോഗ്രഫർ ഫൗസിയ ഫാത്തിമയാണ് എന്നോടു പറഞ്ഞത്.  ഫൗസിയ തന്നെയാണ് ‘മിത്ര് മൈ ഫ്രൻഡി’ന്റെ എഡിറ്ററായി എന്റെ പേരു നിർദേശിച്ചതും.  
 
  ആ എഡിറ്റിങ് ഹൃദ്യമായ അനുഭവങ്ങളുടേതായിരുന്നു. രംഗങ്ങൾ, ഘടന എന്നുവേണ്ട തിരക്കഥ വരെയും ഞങ്ങൾ കൂട്ടായ ആലോചനയിലൂടെയാണു രൂപപ്പെടുത്തിയത്. അക്കാര്യത്തിൽ രേവതിക്കു തുറന്ന മനസ്സാണ്. പിന്നീട് വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി)ഭാഗമായപ്പോഴും തുറന്ന ചർച്ചകൾക്കു രേവതി സന്നദ്ധയായിരുന്നു.  
 
മിത്ര് മൈ ഫ്രണ്ടിനു വലിയ ശ്രദ്ധ കിട്ടി. വിശേഷിച്ച് സ്ത്രീകളിൽനിന്ന്. രേവതിക്കു സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരം കിട്ടി. എഡിറ്റിങ്ങിന് എനിക്കും. അതേവർഷമാണ്  മൃണാൾ സെനിന് ഫാൽക്കെ പുരസ്കാരം കിട്ടിയതും. സിനിമയിലേക്ക് എന്നെ വഴിനടത്തിയ മൃണാൾദായ്ക്കൊപ്പമുള്ള അവാർഡ്; അഭിമാനമേകുന്നതായിരുന്നു ആ നിമിഷം.  
 
എന്റെ നാട് 
  
 മലയാളത്തിലും ഇതരഭാഷകളിലുമായി അൻപതിലധികം സിനിമകളുണ്ട് എന്റെ എഡിറ്റിങ് ടേബിളിനെ തൊട്ടവ. മലയാളത്തിലെ മികച്ച സംവിധായകരിൽ പലരുമുണ്ടായിരുന്നു അതിൽ. പലനിലയിൽ സവിശേഷതകളുള്ളവർ. അവരെല്ലാം തൊഴിലിന്റെ ഭംഗിയും സാധ്യതയും തെളിമയുള്ളതാക്കി.  
 
അപ്പോഴും ഒരു ചോദ്യത്തിനു മുന്നിൽ ഞാനൊരൽപം പതറിനിന്നു. എവിടെയാ നാട്? ഉത്തരമില്ലെനിക്ക്. എന്നാൽ ഞാൻ പറയാനാഗ്രഹിക്കുന്ന ഉത്തരമിതാണ്; കേരളമാണെന്റെ നാട്. മകൾ മാളവിക ഈ ചോദ്യത്തെ ഒട്ടും ചാഞ്ചല്യമില്ലാതെ നേരിടണമെന്ന് ഞാനാഗ്രഹിച്ചു. അവൾ മലയാളം പഠിച്ചു. മലയാളിക്കുട്ടിയായി വളർന്നു. തിരുവനന്തപുരത്തെ സ്കൂളിലായിരുന്നു പഠനം.   
 
പിന്നീട് ജെഎൻയുവിൽ ആർട്സ് ആൻഡ് ഈസ്തറ്റിക്സിൽ പിജിക്കു ചേർന്നു. അവിടെനിന്നാണ് എഡ്വേഡ് ആൻഡേഴ്സനെ കണ്ടതും ഒരുമിച്ചു ജീവിതം തുടങ്ങിയതും. എഡ്വേഡ് യുകെയിലെ നോർത്തംബ്രിയ സർവകലാശാലയിൽ ചരിത്രാധ്യാപകനാണ്. മാളവിക ഹാൻകോക്കിലെ ഗ്രേറ്റ് നോർത്ത് മ്യൂസിയത്തിൽ ഡയറക്ടറും. അങ്ങനെ മലയാളിവിലാസത്തിന് ഒപ്പം ഒരു ലോകജീവിതവും അവൾക്കു സ്വന്തമായി.  
 
അഞ്ചും മൂന്നും വയസ്സുള്ള മായയും ഹാറൂണുമാണ് എന്റെ പേരക്കുട്ടികൾ. ‘പഴം, മതി,ചോറ്....’ കുഞ്ഞുകുഞ്ഞു മലയാളം വാക്കുകൾ ഞാനവരെ ചൊല്ലിപ്പഠിപ്പിക്കുന്നുണ്ട്.  
 
ഇനി പറയേണ്ടത് 
  
 നാട്ടിലും പുറംനാട്ടിലുമായി ചലച്ചിത്രോത്സവങ്ങൾക്ക് ഒപ്പം നടത്തിയ എന്റെ യാത്രകളുടെ കഥയാണ് ഇനി പറയേണ്ടത്. കമലിന്റെ ‘മേഘമൽഹാറി’ന്റെ എഡിറ്റിങ് പണികളിൽ ഇരിക്കുമ്പോഴാണ് അടൂർ ഗോപാലകൃഷ്ണന്റെ ഫോൺ വന്നത്. ചലച്ചിത്രോത്സവ സംഘാടകയായി ചലച്ചിത്ര അക്കാദമിയിൽ ചേരാമോയെന്നാണു ചോദ്യം.  
 
സിഡിറ്റ് നാളുകളിൽ ഒരിക്കൽ ഞാൻ ചലച്ചിത്രമേളയുടെ ഭാഗമായിരുന്നു. പി.ഗോവിന്ദപ്പിള്ളയാണ് അന്ന് ആ ജോലി ഏൽപിച്ചത്.   
 
അടൂർസാറിന്റെ വിളി എന്നെ ജീവിതത്തിന്റെ മറ്റൊരു തിരിവിലേക്കു കൊണ്ടുപോയി. വെല്ലുവിളികളും അതേയളവിൽ സന്തോഷവും നിറഞ്ഞ വഴിയിലേക്ക്. ചിലനേരം പാളി വീണുപോയി. അപ്പോഴെല്ലാം അതിശയകരമാം വേഗത്തിൽ ഞാനെന്നെ വീണ്ടെടുത്തു. അതൊക്കെയും ഓർത്താൽ എത്രയെത്രയോ ഫ്രെയ്മുകൾ ഇനിയുമുണ്ട്. അതു പിന്നീടൊരിക്കൽ. (അവസാനിച്ചു)   English Summary:  
Beena Paul\“s Unforgettable Journey: Decades in the Editing Suite of Malayalam Cinema |