മുംബൈയിലെയും ഡൽഹിയിലെയും ഇടുങ്ങിയ എഡിറ്റിങ് മുറികൾ മാത്രം കണ്ടിട്ടുള്ള എനിക്ക് ‘ചിത്രാഞ്ജലി’ സ്വർഗം പോലെ തോന്നി. കടകടശബ്ദത്തിൽനിന്നും സിഗററ്റ് പുകയിൽനിന്നും പുറത്തെ ട്രാഫിക് ബഹളങ്ങളിൽനിന്നും പുതിയൊരു ഇടത്തേക്കു വാതിൽ തുറന്നുകയറിയ പോലെ. ചിത്രാഞ്ജലിയുടെ പിൻവശത്തു നിറയെ പച്ചപ്പുള്ള ഭാഗത്താണ് എഡിറ്റിങ് സ്യൂട്ട്. ചിത്രാഞ്ജലി എനിക്കൊരു തരത്തിൽ അപരിചിതമല്ല. സർക്കാർ മുൻകയ്യിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡിയോ, സത്യജിത് റേ ഉദ്ഘാടകൻ. ഇതെല്ലാം ഇൻസ്റ്റിറ്റ്യൂട്ട് കാലത്തേ കേട്ടിട്ടുണ്ട്.
പഠിച്ച പാഠങ്ങൾ പോരല്ലോ, സ്വന്തം എഡിറ്റിങ് ടേബിളിനു മുന്നിലെത്തുമ്പോൾ. ഇപ്പോഴും ഒരു പുതിയ സിനിമയിലേക്കു കടക്കുമ്പോൾ ‘സഭാകമ്പം’ എന്നെ പിടികൂടും. ഓരോ ജോലിയും പുതിയ അനുഭവം, വെല്ലുവിളി. വിവാഹക്കമ്പോളം, സ്ത്രീധനം ഇവയെ വിമർശനവിഷയമാക്കിയ ഫീച്ചറെറ്റായിരുന്നു ‘ഭാവി.’ എം.പി.സുകുമാരൻ നായരാണു സംവിധായകൻ. അദ്ദേഹത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബാച്ച്മേറ്റായ ശരത്ചന്ദ്രൻ എപ്പോഴും കൂടെയുണ്ട്. ശരത് ഏറെ സഹായിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ സൗഹൃദങ്ങളുടെ കാതൽ അതായിരുന്നു. എല്ലായ്പോഴും പരസ്പരം പിന്തുണയേകാനും സ്നേഹത്തോടെ തിരുത്താനും എല്ലാവരും മനസ്സുകാട്ടി. പുറത്തുനിന്നു നോക്കുന്നവർ പുണെയിൽ പഠിച്ചിറങ്ങിയവരെ ഒട്ടൊരു മുൻവിധിയോടെയും അസൂയയോടെയും കണ്ടേക്കാം. ഇൻസ്റ്റിറ്റ്യൂട്ടുകാരുടെ താൻപോരിമ അതിനൊരു കാരണമാണെങ്കിലും.
‘ഭാവി’യുടേത് ലൂപ് ഡബ്ബിങ്ങായിരുന്നു. സൗണ്ട് റിക്കോർഡിങ് തരംഗിണിയിലാണ്. സുകുമാരൻ നായർ സിനിമയിൽ ആണ്ടുമുങ്ങിയ ആളാണ്. അധികം വർത്തമാനമില്ല. എന്നാൽ ഹൃദ്യമായൊരു സുരക്ഷിതത്വം അറിയാനാകും. ‘സിനിമയുടെ ഭാഷ’ മനസ്സിലായാൽ ശരിക്കുള്ള ഭാഷയും വഴിപ്പെടുമെന്നു ‘ഭാവി’യാണ് എന്നെ പഠിപ്പിച്ചത്. ‘പടയോട്ടം’ 70 എംഎം സിനിമയുടെ മിക്സിങ് ആ സമയത്ത് ചിത്രാഞ്ജലിയിൽ നടക്കുന്നുണ്ട്. മലയാള സിനിമയിൽ അന്നതൊരു വൻസംഭവമാണ്. ജിജോ, സിബി മലയിൽ, ഫാസിൽ; ഇവരെയൊക്കെ കണ്ടു. ഒരു ചെറുചിരി, അത്രമാത്രം. അവരോടു കാര്യമായി മിണ്ടിപ്പറയാനുള്ള മലയാളം എനിക്ക് അറിയില്ലല്ലോ. എഡിറ്റിങ് റൂമിൽ ഏതാണീ പെൺകുട്ടിയെന്നൊരു സന്ദേഹം അവർക്കും. അതെക്കുറിച്ച് സിബിയോടു ഞാനീയിടെ പറഞ്ഞു.‘കമലും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ’ –സിബി ഓർത്തു. ഞങ്ങൾ എല്ലാവരുടെയും തുടക്കക്കാലമാണ്. പിന്നീട് എത്രയോ കാലം ഞങ്ങളൊക്കെ ഒന്നിച്ചു സിനിമയ്ക്കൊപ്പം സഞ്ചരിച്ചു. എങ്കിലും എന്നിലെ ആ പേടിച്ചരണ്ട പെൺകുട്ടിയെ മുന്നിൽ കാണുന്നു. മിക്കപ്പോഴും ഞാൻ സൗണ്ട് സ്റ്റുഡിയോയിലേക്കു പോകും. ശബ്ദവിന്യാസങ്ങളും അതു രേഖപ്പെടുത്തലും കൊതിയോടെ കണ്ടുകേട്ടുനിൽക്കും.
കാറ്റിന്റെ ഹുങ്കാരം, കാൽച്ചലനങ്ങൾ, വാതിലടയും ഒച്ച; ഇങ്ങനെ ഇഫക്ടുകൾ സൃഷ്ടിക്കുന്നതിൽ എൻ.ഹരികുമാറിനും കൃഷ്ണനുണ്ണിക്കും അതിമികവാണ്. അവർ പിന്നീട് ദേശീയപുരസ്കാരങ്ങൾ നേടിയ സൗണ്ട് റിക്കോർഡിസ്റ്റുകളായി. പി.ദേവദാസ് സാറിന്റെ അതിശ്രദ്ധയോടെയുള്ള നോട്ടത്തിലായിരുന്നു അവരുടെ പഠനം. എഡിറ്റർ എൻ.ഗോപാലകൃഷ്ണനായിരുന്നു മറ്റൊരു കാരണവർ. ‘വരൂ മോളേ, ചായ കുടിച്ചുവരാം’– ഗോപാലകൃഷ്ണൻ സാർ ഇടയ്ക്കിടെ വിളിക്കും. എഡിറ്റിങ് റൂമിൽ ഞാനൊരാളേയൂള്ളൂ സ്ത്രീ. ചിത്രാഞ്ജലിയിലേത് ഒരു ആൺലോകമായിരുന്നു. മലയാളിജീവിതം അങ്ങനെ വാർത്തുപണിതതായിരുന്നല്ലോ. ഡൽഹിയിൽ ഒരിക്കലും ഞാൻ ശീലിച്ചിട്ടില്ലാത്ത ആൺചിട്ടകളാണ് ഇവിടെ കണ്ടത്. അതൊന്നും അവർക്കൊട്ടു മനസ്സിലായതേയില്ലെന്നതാണ് അതിശയം. ‘ഭാവി’ തീർത്ത് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു തിരികെയെത്തി. പഠനനാളുകൾ തീരുകയാണ്. കഴിയുന്നത്ര യാത്രകൾ,അന്വേഷണങ്ങൾ. ആ ഉത്സാഹത്തിലായിരുന്നു എല്ലാവരും.
ഇഎംഎസിനെ കേൾക്കുന്നു
സുഹൃത്തുക്കളുമൊത്ത് പുണെയിലെ ഒരു യോഗത്തിൽ ഇഎംഎസിന്റെ പ്രസംഗം കേൾക്കാൻ പോയതാണ് മറ്റൊരു നല്ലയോർമ. വാക്കുകൾക്ക് ഇടയിലെ മൗനവും കണിശതയോടെയുള്ള പ്രയോഗങ്ങളും. യുട്യൂബ് കാലമല്ലല്ലോ, അദ്ദേഹത്തിനു വിക്കുണ്ടെന്ന് അറിയുന്നത് ആ പ്രസംഗം കേട്ടപ്പോഴാണ്. വിക്കിനെയും തോൽപിക്കുന്ന മൂർച്ചയുള്ള വാക്കുകൾ, രാഷ്ട്രീയം. പഠനത്തിന്റെ ഭാഗമായുള്ള എന്റെ സിനിമയുടെ പണികൾ ബാക്കിയുണ്ട്. സാദത് ഹസൻ മൺടോയുടെ ‘ഠംഡാ ഗോശ്ത്’ എന്ന കഥയായിരുന്നു പ്രമേയം. വിഭജനകാലത്തെ കഥയാണത്. പങ്കജ് കപൂർ മുംബൈയിൽനിന്നു വന്ന് അഭിനയിച്ചു. ഷൂട്ട് ഒക്കെ തീർത്തതാണ്. എഡിറ്റിങ്ങിനായി തിരികെവരുമെന്നു കരുതിയാണ് ഇൻസ്റ്റിറ്റ്യൂട്ട് വിട്ടത്. എന്തുചെയ്യാം, അതു പൂർത്തിയായില്ല. ഇപ്പോഴും എന്നെയത് സങ്കടപ്പെടുത്തുന്നു.
അപ്പോഴേക്കും വേണു സ്വന്തം ജോലിയുടെ ആവേശത്തിലും സന്തോഷത്തിലുമായി. ലെനിൻ രാജേന്ദ്രന്റെ ‘പ്രേംനസീറിനെ കാണ്മാനില്ല’ എന്ന സിനിമയായിരുന്നു അത്. കല്യാണമുറപ്പിക്കൽ മുറുകിയതോടെ എന്റെ അച്ഛൻ ഇതുമാത്രം പറഞ്ഞു.– ‘ബീന, നീ ഡൽഹിയിൽ വളർന്ന കുട്ടി. കേരളം നീ മനസ്സിലാക്കിയ പോലെയല്ല. യാഥാസ്ഥിതികമാണ് പലതും. അത് ഓർമ വേണം’ – കഠിനമായിരുന്നു ആ പറച്ചിൽ. എങ്കിൽ അതൊന്ന് അറിയണമല്ലോയെന്നായിരുന്നു എന്റെ വാശി.മാധവിക്കുട്ടി, മാധവിക്കുട്ടിയുടെ കഥകൾ, എൻ.ശശിധരൻ, പുസ്തകം, വായന, സാഹിത്യം, മലയാളം, കഥ, Malayalam literature, Madhavikutty, N. SasiDharan, book, reading, literature, Malayalam stories, complete stories, Mario Vargas Llosa, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
കോട്ടയത്തേക്കുള്ള യാത്ര
ഹോസ്റ്റൽ വാർഡൻ ഗ്ലോറിയ തിരുവല്ലയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഞാനും ഒപ്പം കൂടി. ഇതറിഞ്ഞതും എന്റെ അമ്മയ്ക്കും അച്ഛനും ആധി. ‘കല്യാണം ഉറപ്പിച്ചതൊക്കെ ശരി. എന്നുകരുതി നീ അവിടെ താമസിക്കുന്നതൊന്നും എല്ലാവർക്കും ഇഷ്ടമാവണമെന്നില്ല.’ ഞാനതിനു ചെവി കൊടുത്തില്ല. കോട്ടയം സ്റ്റേഷനിൽ എന്നെ കൂട്ടാൻ വേണുവിന്റെ അമ്മയും അച്ഛനും വന്നു. വല്ലാത്തൊരു ധൈര്യത്താലാണ് എന്റെ യാത്ര. ആ പ്രായത്തിൽ മാത്രം സാധ്യമാകുന്ന ധൈര്യം. വേണുവിന്റെ അമ്മയും അച്ഛനും ഏറ്റുമാനൂരിലെ വീടുമൊന്നും ഒട്ടും അറിയാത്തിടമായിരുന്നില്ലല്ലോ എനിക്ക്. അച്ഛൻ എം.ഇ.നാരായണക്കുറുപ്പ്, അമ്മ ബി.സരസ്വതി, കുഞ്ഞമ്മ ലീല, വേണുവിന്റെ അനിയൻ രാമുവെന്നു വിളിക്കുന്ന രാമചന്ദ്രൻ, പറഞ്ഞും കേട്ടും എല്ലാവരും അറിയുന്നവർ. തിരുവനന്തപുരത്ത് ലോ കോളജിൽ പഠിക്കുകയാണ് രാമു.
അവർക്കുമുണ്ടായിരുന്നില്ല പരിചയക്കുറവ്. കഥകളെഴുതുന്ന, അധ്യാപികയായ അമ്മയുടെ വർത്തമാനം കഥ പറയുംപോലെ തന്നെ. ഇംഗ്ലിഷിലും മലയാളത്തിലുമായി അമ്മ പറഞ്ഞതിൽ പാതിയേ എനിക്കു മനസ്സിലായുള്ളൂ. അച്ഛൻ ഗൗരവത്തോടെ യാത്രാവിവരങ്ങൾ അന്വേഷിച്ചതേയുള്ളൂ. വേണു ഇടയ്ക്ക് ഒരു വട്ടം വന്നുപോയി. ആദ്യകാഴ്ചയിലേ അമ്മ ഈ ഡൽഹിക്കാരി നസ്രാണിപ്പെണ്ണിനെ എന്നേക്കുമായി ചേർത്തുപിടിച്ചതായി ഞാനറിഞ്ഞു.വേണുവിന്റെ മുത്തച്ഛൻ ഒരു എഴുത്തുകാരൻ, അത്രയേ അറിയുമായിരുന്നുള്ളൂ. മലയാളത്തിൽ മഹാവൃക്ഷം പോലെയൊരു കഥാകാരനാണെന്ന് പിന്നീട് ഞാൻ വായിച്ചറിഞ്ഞതാണ്. കാരൂർ നീലകണ്ഠപ്പിള്ള, അദ്ദേഹമെഴുതിയ കഥകൾ, അമ്മയുടെ എഴുത്തുവിശേഷങ്ങൾ; അതൊക്കെ പറഞ്ഞുപറഞ്ഞാണ് ആ രണ്ടോ മൂന്നോ ദിവസങ്ങൾ വേഗം പോയത്. വായനയും
ജീവിതപരിചയവും കൊണ്ട് അമ്മ എന്നെയും എന്റെ പ്രായത്തെയും അടുത്തറിഞ്ഞു, തൊട്ടുനിന്നു. വേണുവിന്റെ വീട്ടിൽ ഫോൺ കണക്‌ഷൻ കിട്ടിയ സമയമാണ്. ആ നമ്പർ മറക്കില്ല;247. അൽപം ആഡംബരമാണ് അക്കാലത്തത്. അതിലേക്കു വന്ന വിളികളിൽ ഒന്ന് എനിക്കുള്ളതായിരുന്നു. സങ്കടത്തോടെയേ അത് ഓർക്കാനാകൂ; ബെംഗളൂരുവിലെ അമ്മാവന്റെ മകൾ വനിതയുടെ മരണവാർത്ത. കാൻസറായിരുന്നു വനിതയ്ക്ക്. ഞാൻ വേഗം ബെംഗളൂരുവിലേക്കു വണ്ടി കയറി. എന്റെ സിനിമ മാത്രമല്ല, വിലപ്പെട്ട ചിലതൊക്കെ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാക്കിവച്ചിരുന്നു; വേണു അയച്ച കത്തുകൾ, പാതിയാക്കിയ സ്ക്രിപ്റ്റുകൾ,ഡയറി. ഗ്ലോറിയയായിരുന്നു അതിന്റെ സൂക്ഷിപ്പുകാരി. പിന്നെ 20 വർഷം കഴിഞ്ഞാണ് ഞാൻ പുണെയിലേക്കു പോയത്. അതാകട്ടെ ഗെസ്റ്റ് അധ്യാപികയായി. അപ്പോഴേക്കും അതൊക്കെ നഷ്ടമായി.
സുന്ദർബൻസിലെ ദിനങ്ങൾ
വിവാഹത്തിനു കുറച്ചുനാളേ ബാക്കിയുള്ളൂ. സ്നേഹിത ഐൻ ലാൽ പുതിയൊരു ആശയവുമായി വന്നു. സുന്ദർബൻസിലേക്കുള്ള യാത്രയാണ്. ബാദൽ സർക്കാരിന്റെ ‘ഭോമ’ നാടകത്തിന്റെ പശ്ചാത്തലം അവിടമായിരുന്നു. അവിടെയൊരു ചെറുഗ്രാമത്തിലാണ് ഞങ്ങളുടെ ഷൂട്ട്. സൗണ്ട് റിക്കോർഡിസ്റ്റായാണ് ഞാൻ കൂടെക്കൂടിയത്. ചെറിയ മോട്ടർ ബോട്ടുകളിലാണ് യാത്ര. ഒറ്റപ്പെട്ട തുരുത്തുകളാണ് ഒക്കെയും, ചെളിയിൽ മുങ്ങിയ വഴികൾ. തേനെടുക്കാൻ കാട്ടിലേക്കു പോകുന്ന ആണുങ്ങളെ കാത്ത് വിധവകളെന്ന പോലെ ഇരിപ്പാണ് സ്ത്രീകൾ. കടുവക്കൈകളിൽ പെടാതെ അവർ തിരികെയെത്തുമെന്ന് ഉറപ്പില്ല. ഗ്രാമത്തിലെ പ്രധാനാധ്യാപകനായ തുഷാർ ബാബുവിനൊപ്പമായിരുന്നു ഞങ്ങളുടെ താമസം. അതിജീവനത്തിന്റെ പെടാപ്പാട് ഞങ്ങൾ കണ്ടു.
1983 ഒക്ടോബറിലായിരുന്നു ഞങ്ങളുടെ വിവാഹം. ഡൽഹിയിലെ വീട് കല്യാണത്തിന് ഒരുങ്ങിനിന്നു. അമ്മയ്ക്കായിരുന്നു വലിയ സന്തോഷം. കുടകിൽനിന്നും ബെംഗളൂരുവിൽനിന്നുമുളള വേണ്ടപ്പെട്ടവരിൽ പലരും വർഷങ്ങൾക്കുശേഷം ഒത്തുകൂടുകയാണ്. പലരും നാടു വിട്ട് ആദ്യമായാണ് യാത്ര.കോട്ടയത്തുനിന്ന് ഒരു സംഘം വരുന്നുണ്ട്. അവരെക്കൂട്ടാൻ ഞങ്ങൾ സ്റ്റേഷനിലെത്തി. എന്റെ ചെറിയമ്മമാരുടെ മക്കളും ഞാനും അനിയനും അച്ഛനുമൊക്കെയുണ്ട് സ്വീകരണസംഘത്തിൽ. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലാണ് ഞങ്ങൾ. ട്രെയിൻ എത്തിയിട്ടും അവരെയൊന്നും കാണുന്നില്ല. ആകെ അങ്കലാപ്പ്, സങ്കടം.
അതെക്കുറിച്ച് അടുത്ത ഞായറാഴ്ചയിൽ English Summary:
Memories of Beena Paul: Beena Paul\“s memories of her early editing experiences at Chithranjali and her initial impressions of Kerala. Early editing experiences at Chithranjali are highlighted, along with her travels and interactions with notable film personalities. |