വണ്ടൂർ ∙ പോരൂർ പഞ്ചായത്തിലെ ആലിക്കോട് അരിപ്പൻകുന്നിൽ മണ്ണിനടിയിൽ ആഴത്തിൽ ‘ഗുണ കേവ്സിനെ’ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പത്തിലേറെ ഗുഹകൾ. കാടു കയറിക്കിടക്കുന്ന പറമ്പിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ കിടക്കുന്ന ഇവ പതിനേഴാം നൂറ്റാണ്ടിലെ ഇരുമ്പയിർ ഖനനകേന്ദ്രങ്ങളാണെന്നു ചരിത്രഗവേഷകൻ പി.ടി. സന്തോഷ്കുമാർ പറഞ്ഞു. അരിപ്പൻകുന്ന് എന്ന പേരുതന്നെ ഇരുമ്പയിർ അരിച്ചെടുത്തിരുന്ന കുന്ന് എന്നതിൽ നിന്ന് ഉണ്ടായതാകാമെന്നു സന്തോഷ്കുമാർ പറയുന്നു. പോരൂർ പഞ്ചായത്തിലെ ആലിക്കോട് അരിപ്പൻകുന്നിൽ പൗരാണിക കാലത്തു ഇരുമ്പയിർ ഖനനം നടത്തി രൂപപ്പെട്ട ഗുഹ. കിണറുപോലെ മുകളിൽ കാണുന്ന ഭാഗം. ഇതുവഴി സാഹസപ്പെട്ടു വേണം അകത്തേക്ക് ഇറങ്ങാൻ.
ആളുകൾ നേരത്തെ തന്നെ ഗുഹകൾ കണ്ടിട്ടുണ്ടെങ്കിലും പ്രാധാന്യം അറിഞ്ഞിരുന്നില്ല. ആഴത്തിലായതിനാൽ അധികമാരും ഇറങ്ങി നോക്കിയിട്ടുമില്ല. ഡോക്യുമെന്ററി സംവിധായകൻ കൂടിയായ പി.ടി.സന്തോഷ്കുമാർ പ്രദേശവാസിയായ ബാപ്പു ഭാരതീയന്റെ സഹായത്തോടെ ഗുഹയിൽ എത്തി പരിശോധിച്ചപ്പോഴാണ് ഇരുമ്പ് ഖനനം നടത്തിയ ഗുഹകളാണെന്നു സൂചന ലഭിച്ചത്. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ കിണറുപോലെ വട്ടത്തിലുള്ള തുറന്ന ഭാഗമുണ്ട്. ഇതിലൂടെ കയറിൽ തൂങ്ങി സാഹസികമായി ഇറങ്ങി നോക്കിയാൽ അകത്ത് വിശാലമായ ഭാഗങ്ങൾ കാണാം. ഇരുട്ടിൽ വവ്വാലുകളും ഇഴജന്തുക്കളും താവളമാക്കിയിരിക്കുകയാണ്. പ്രധാന ഭാഗത്തു നിന്നു പലയിടങ്ങളിലേക്കും ഗുഹ തിരിഞ്ഞു പോകുന്നുണ്ട്. ഇടുങ്ങിയ ഭാഗങ്ങളിലൂടെ ഉള്ളിലേക്കു ചെന്നു നോക്കുമ്പോൾ വളരെ ദൂരത്തോളം നീണ്ടു കിടക്കുന്ന അവസ്ഥയാണു കാണുന്നത്. പലഭാഗങ്ങളിലും മണ്ണു വീണു അടഞ്ഞിട്ടുണ്ട്.snake rescue, pipe snake, Thalassery snake rescue, snake volunteer, Kerala snake rescue, Malayala Manorama Online News, snake in PVC pipe, wildlife rescue Kerala, reptile rescue, animal rescue
കുന്നിൽ പത്തോളം ഗുഹകൾ ഉണ്ടെന്നും ഇവ തമ്മിൽ ബന്ധിപ്പിച്ചു നിർമിച്ച തുരങ്കങ്ങൾ ഉണ്ടെന്നും കരുതുന്നുണ്ട്. ഇരുമ്പയിർ ഖനനം നടത്തി പുറത്തെത്തിച്ചിരുന്ന വഴികളാവണം തുരങ്കങ്ങൾ. ഗുഹയുടെ ഭിത്തിയിൽ തുരുമ്പെടുത്തതുപോലെയുള്ള ഉറച്ച മണ്ണിലും പാറയിലുമൊക്കെ ഇരുമ്പ് അംശം കാണാനാകും. കറുത്തതും ചെമ്പിച്ചതുമായ നിറത്തിലാണു ഉൾവശം. ആദ്യ ചേരരാജാക്കൻമാർ മുതൽ കേരളത്തിൽ നിന്നു ഇരുമ്പു ഖനനം നടത്തിയതിനു ചരിത്രരേഖകളുണ്ടെന്നു സന്തോഷ്കുമാർ പറയുന്നു. ബ്രിട്ടിഷുകാരുടെ കാലം വരെ ഇരുമ്പു ഖനനം തുടർന്നു. പിന്നീടു ഇത്തരം ഖനി പ്രദേശങ്ങൾ ബ്രിട്ടിഷുകാർ പിടിച്ചടക്കിയെന്നു മലബാർ മാനുവലിലടക്കം പരമാർശങ്ങളുണ്ട്. കരുവാരകുണ്ട് അടക്കമുള്ള സ്ഥലനാമങ്ങൾ ഇരുമ്പു ഖനനവുമായി ബന്ധപ്പെട്ടതാണ്. ഡമാസ്കസിലേക്കുവരെ മലബാറിൽ നിന്നു ഇരുമ്പ് കൊണ്ടുപോകാറുണ്ടായിരുന്നു. മലബാർ ഇരുമ്പിന് ഡമാസ്കസ് ഇരുമ്പ് എന്നു വരെ പേരുണ്ടായിരുന്നു.
അരിപ്പൻകുന്നിൽ മധ്യകാലഘട്ടത്തിൽ ഇരുമ്പുഖനനം നടന്നതിനു അനുബന്ധമായി പ്രദേശത്തു മഹാശിലായുഗ കാലത്തെ ശേഷിപ്പുകളായ നന്നങ്ങാടികളടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചരിത്രപഠനം നടത്തണമെന്നും പ്രദേശത്തിന്റെ പൗരാണിക സാമൂഹിക വ്യവഹാരങ്ങളെക്കുറിച്ചു നാടറിയണമെന്നും സന്തോഷ്കുമാർ പറയുന്നു. വയനാട് എടക്കൽ ഗുഹ, മറയൂർ പാറച്ചിത്രങ്ങൾ എന്നിവയേക്കുറിച്ചു നേരത്തേ സർക്കാരിനു കീഴിലുള്ള മ്യൂസിയത്തിനു വേണ്ടി സന്തോഷ്കുമാർ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. രാജ്യത്തെ പൗരാണിക പാറച്ചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോൾ.
English Summary:
Arikkode Caves are ancient iron ore mining sites discovered in Porur panchayath, Kerala. These caves, reminiscent of Guna Caves, date back to the 17th century. Further research is needed to understand their historical significance and the ancient social practices of the region. |
|