ബൽഗാവി∙ മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. കർണാടകയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് യതീന്ദ്രയുടെ പ്രതികരണം. മന്ത്രി സതീഷ് ജാർക്കിഹോളി പിൻഗാമിയാകുമെന്ന സൂചനയും യതീന്ദ്ര നൽകി. രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന ധാരണയുണ്ടായിരുന്നതായി പാർട്ടിയിൽ പ്രചാരണമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.  
  
 -  Also Read  ഇന്ത്യയ്ക്ക് മുന്നിൽ ട്രംപ് മുട്ടുമടക്കും; ചെറിയ വിട്ടുവീഴ്ചയ്ക്ക് മോദിയും, തീരുവ 15 ശതമാനത്തിലേക്ക് താഴ്ത്താൻ യുഎസ്   
 
    
 
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിയെ ഫലപ്രദമായി നയിക്കാനും കഴിയുന്ന ഒരാളാണ് ജാര്‍ക്കിഹോളിയെന്നും പ്രത്യയശാസ്ത്രപരമായി ഇത്രയും ബോധ്യമുള്ള നേതാവിനെ കണ്ടെത്തുന്നത് അപൂര്‍വമാണെന്നും യതീന്ദ്ര പറഞ്ഞു. അതേസമയം ഈ വാദങ്ങൾ തള്ളി സിദ്ധരാമയ്യ രംഗത്തെത്തി. താൻ അഞ്ച് വർഷത്തെ മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.  
 
രാജി സംബന്ധമായ വിഷയത്തിൽ കോൺഗ്രസ് എംപി എൽ.ആർ. ശിവരാമ ഗൗഡയുടെ  പ്രസ്താവനയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെടാൻ കാരണമായത്. ശിവകുമാർ ഉറപ്പായും  മുഖ്യമന്ത്രിയാകുമെന്നും തീരുമാനം നടപ്പിലാക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഗൗഡ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ വിഭാഗത്തിൽ തന്നെ തുടരുമെന്ന് സൂചിപ്പിക്കാനാണ് യതീന്ദ്ര പ്രസ്താവന നടത്തിയതെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്. English Summary:  
Yathindra Siddaramaiah about Siddaramaiah Political Future: Karnataka CM succession speculation intensifies as Yathindra Siddaramaiah suggests his father\“s political career is nearing its end, endorsing Satish Jarkiholi as a successor. |