കാസർകോട് ∙ വീടും സ്ഥലവും വിറ്റിട്ടായാലും മകളെ അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിക്കാൻ തയാറാണെന്നും വീട്ടിൽ പൂട്ടിയിട്ടെന്ന വാർത്ത തെറ്റാണെന്നും പിതാവും സിപിഎം പ്രാദേശിക നേതാവുമായ പി.വി. ഭാസ്കരൻ. മകളെ വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വിഡിയോ പുറത്തുവിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും വൈകാതെ അതു പുറത്തുവരുമെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.
- Also Read ‘വേണേൽ പഠിച്ചാൽ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം’: വിദ്യാർഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി
ഉദുമയിലെ സിപിഎം നേതാവ് ഭാസ്കരന്റെ മകൾ സംഗീതയാണ് തന്നെ വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിഡിയോ സന്ദേശത്തിലൂടെ ആരോപിച്ചത്. മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുക്കാൻ പിതാവും സഹോദരനും ശ്രമിക്കുകയാണെന്നുമാണ് സംഗീത ആരോപിച്ചത്. വാഹനാപകടത്തിൽ പരുക്കേറ്റ് സംഗീതയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്.
എന്നാൽ തികച്ചും വസ്തുതാവിരുദ്ധമായ കാര്യമാണിതെന്ന് ഭാസ്കരൻ പറഞ്ഞു. ‘‘2023 ലാണ് സ്കൂട്ടർ അപകടത്തിൽ ഏക മകൾ സംഗീതയ്ക്കു സാരമായി പരുക്കേറ്റത്. വിവാഹമോചിതയായ സംഗീത 13 വയസ്സുള്ള മകനൊപ്പം എന്റെ വീട്ടിലാണു താമസം. ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് മംഗളൂരു, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ മാസങ്ങളോളം ചികിത്സിച്ചു. നട്ടെല്ലിനു സാരമായി പരുക്കേറ്റതിനാൽ അരയ്ക്കു താഴേക്കു ചലനശേഷി തിരികെക്കിട്ടാൻ സാധ്യതയില്ലെന്നാണു വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് പലയിടത്തും ആയുർവേദ ചികിത്സകളുൾപ്പെടെ നടത്തിയെങ്കിലും കാര്യമായി പുരോഗതിയുണ്ടായില്ല.
തുടർന്നാണ് നാഡീചികിത്സ നടത്തുന്ന തൃക്കരിപ്പൂർ സ്വദേശിയായ വൈദ്യനെക്കുറിച്ചു സുഹൃത്ത് വഴി അറിഞ്ഞത്. അയാളെ ബന്ധപ്പെട്ടപ്പോൾ ചികിത്സിച്ചു ഭേദമാക്കാം എന്ന ഉറപ്പു ലഭിച്ചു. രണ്ടു മാസത്തോളം ഇയാൾ വീട്ടിൽ താമസിച്ച് സംഗീതയെ ചികിത്സിച്ചിരുന്നു. തുടർന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്ക്കെന്ന പേരിൽ 4 ലക്ഷത്തോളം രൂപയും ഉപകരണങ്ങൾ വാങ്ങാനെന്ന പേരിൽ ഒരു ലക്ഷം രൂപയും ഇയാൾ കൈപ്പറ്റി. എന്നാൽ സംഗീതയുടെ ആരോഗ്യ നിലയിൽ മാറ്റമുണ്ടായില്ല. ഇതോടെ സംഗീതയെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഇയാളെ വിവാഹം കഴിക്കണമെന്ന ആവശ്യം സംഗീത ഉന്നയിച്ചത്.
ഇതിനു പിന്നാലെ ഇയാളുടെ സുഹൃത്ത് അർജുൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. ശരിയായ ചികിത്സ നൽകുന്നില്ലെന്നും മറ്റും ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. ഹൈക്കോടതി കാസർകോട് ലീഗൽ സർവീസ് അതോറിറ്റി ചെയർപഴ്സനെ എന്റെ വീട്ടിലേക്ക് അയച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. സംഗീതയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി ചെയർപഴ്സൻ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ കേസിൽ കഴമ്പില്ലെന്നു കോടതിക്കു മനസ്സിലായി. തിരിച്ചടിയാകുമെന്നു കണ്ടതോടെ അർജുൻ കേസ് പിൻവലിക്കുകയായിരുന്നു. വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചെലവിനു നൽകാത്തതിനാൽ ഭാര്യ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
വ്യാജ ചികിത്സ നൽകി പണം തട്ടിയെന്നാരോപിച്ച് വൈദ്യനെതിരെ ഞാൻ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ഇയാൾ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായാണ് ഇപ്പോഴത്തെ വിഡിയോ സന്ദേശം. ശരീരത്തിന്റെ 73% ചലനശേഷിയും നഷ്ടപ്പെട്ടയാളാണ് സംഗീത. മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ സാധിക്കില്ല. അലോപ്പതിയും ആയുർവേദവും ഉൾപ്പെടെ എല്ലാ ചികിത്സയും പരീക്ഷിച്ചു. 50 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചെലവഴിച്ചു. എഴുന്നേറ്റു നടക്കാൻ സാധിക്കുമെന്ന് എന്തെങ്കിലും ഉറപ്പു കിട്ടിയാൽ വീടും സ്ഥലവും വിറ്റ് എവിടെ വേണമെങ്കിലും ചികിത്സിക്കാൻ കൊണ്ടുപോകാൻ തയാറാണ്. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. വരും ദിവസങ്ങളിൽ അതു പുറത്തുവരും.’’ – ഭാസ്കരൻ പറഞ്ഞു.
ഇന്നലെയാണ് പ്രാദേശിക മാധ്യമത്തിൽ സംഗീതയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. ഗുരുതരമായ ആരോപണങ്ങളാണു പിതാവിനെതിരെ സംഗീത ഉന്നയിച്ചത്. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ കോപ്പിയും പുറത്തുവിട്ടിരുന്നു. പഞ്ചായത്ത് മെംബർ ആയിരുന്ന ഭാസ്കരൻ സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് ഭാസ്കരൻ. English Summary:
CPM Leader Denies Daughter\“s Allegations: CPM leader claims that his daughter is spreading false information and that there is a conspiracy against him. |