വഴിക്കടവ്∙ രണ്ടു മണിക്കൂർ പെയ്ത കനത്ത മഴയിൽ പൂവത്തിപ്പൊയിലിലും സമീപപ്രദേശങ്ങളിലും ഉണ്ടായത് വൻ നാശനഷ്ടം. പൂവത്തിപ്പൊയിൽ, ഡീസന്റ്കുന്ന്, രണ്ടാംപാടം തുടങ്ങിയ പ്രദേശങ്ങളിലെ 93 വീടുകളിലാണ് വെള്ളം കയറി നാശനഷ്ടം സംഭവിച്ചത്. അറുപതോളം കിണറുകൾ ഉപയോഗിക്കാൻ പറ്റാതെയായിട്ടുണ്ട്. ആറു വീടുകളുടെ ചുറ്റുമതിലുകളും തകർന്നു. പൂവത്തിപ്പൊയിലിലെ പുളിയക്കോടൻ കരീമിന്റെ ഫാമിൽ 2,200 കോഴികളും ഇല്ലിക്കൽ ഫിറോസിന്റെ ഫാമിൽ ആയിരം കോഴികളും, ഫാമിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ചത്തു.
ചാക്കുകണക്കിനു കോഴിത്തീറ്റയും ഒലിച്ചുപോയി. ഷെഡുകളും തകർച്ച നേരിട്ടു. കരീമിന് മൂന്നു ലക്ഷം രൂപയുടെയും ഫിറോസിന് ഒരു ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചിട്ടുണ്ട്. കീടത്ത് അബ്ദുൽ ലത്തീഫിന്റെ ചിപ്സ് യൂണിറ്റിൽ വെള്ളം കയറിയും മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പച്ചക്കറി ലോഡ് ഇറക്കിയതിനു പിറകേയാണ് വെള്ളപ്പൊക്കമുണ്ടായത്. വീടുകളിൽനിന്നു വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഫർണിച്ചർ ഉൾപ്പെടെയുള്ളവ ഒഴുകിപ്പോയി. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇവയ്ക്കെല്ലാം വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. മിക്ക കുടുംബങ്ങൾക്കും ഇനി വീടുകളിൽ താമസം തുടങ്ങണമെങ്കിൽ ആദ്യം മുതൽ എല്ലാ സാധനങ്ങളും വാങ്ങണം.
- Also Read ഇടുക്കിയിലുണ്ടായത് മഴകളുടെ കൂടിച്ചേരൽ, പഴമക്കാർ പറഞ്ഞ പ്രതിഭാസം സത്യമാകുന്നു; വേണം മുല്ലപ്പെരിയാറിലും അതീവ ജാഗ്രതയുടെ കണ്ണ്
വഴിക്കടവ് വനത്തിൽനിന്ന് ഒഴുകിയെത്തുന്ന അത്തിത്തോട് കരകവിഞ്ഞെത്തിയാണ് പ്രദേശത്തെ വെള്ളത്തിൽ മുക്കിയത്. ശനിയാഴ്ച വൈകിട്ട് നാലിന് ആയിരുന്നു മഴയുടെ തുടക്കം. സാധാരണ നിലയിലുള്ള മഴയുടെ ഭാവം പെട്ടെന്നു മാറുകയായിരുന്നു. ഇതിനിടയിൽ ആർക്കും വീടുകളിൽനിന്നു സാധനങ്ങൾ മാറ്റാനും മറ്റും കഴിഞ്ഞില്ല. അത്തിത്തോടിനു സമീപങ്ങളിലെ വീടുകളുടെ ഉള്ളിൽ അരയ്ക്കൊപ്പം വെള്ളം കയറിയിരുന്നു. വീടിനുള്ളിൽ ചെളി നിറഞ്ഞ നിലയിലാണ്. ചില വീട്ടുകാർ ശുചീകരണം തുടങ്ങിയെങ്കിലും തുടർന്നും മഴയുടെ ഭീഷണിയുള്ളതിനാൽ ആശങ്കയിലാണ്. English Summary:
Kerala Rain Havoc: Kerala Floods caused significant damage in Pouvathippoyil and nearby areas due to heavy rainfall. Ninety-three houses were flooded, and poultry farms suffered substantial losses, impacting the livelihoods of local residents. |