കാസർകോട് ∙ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിക്ക് കൂടി പരോൾ. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി സുര എന്ന വിഷ്ണു സുരേന്ദ്രനാണു പരോൾ അനുവദിച്ചത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിലായിരിക്കും സുര താമസിക്കുക എന്നാണ് വിവരം.
കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. രഞ്ജിത്തിനു പരോൾ ലഭിച്ചത് വളരെ രഹസ്യമായി സൂക്ഷിച്ചതിനാൽ കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്. ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്.
- Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം
2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി. പെരിയ കേസിലെ പ്രതികൾക്കെല്ലാം പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. English Summary:
Accused in Periya Murder Case Granted Parole: Periya murder case involves the granting of parole to one more accused. The accused, Vishnu Surendran, has been granted parole with conditions restricting his movement. |