തിരുവനന്തപുരം ∙ പാർട്ടിയുടെ ഉന്നത സമിതികളിൽ തങ്ങൾ ഇല്ലെന്ന ജനപ്രതിനിധികളുടെ പരിഭവം തീർക്കാൻ ‘ഒരാൾക്ക് ഒരു പദവി’ വ്യവസ്ഥ വേണ്ടെന്ന് തീരുമാനിച്ചാണ് കെപിസിസിയുടെ ജംബോ പട്ടിക പുറത്തിറക്കിയത്. രാഷ്ട്രീയകാര്യ സമിതിയിൽ എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ ഉൾപ്പെടുത്തി. മറ്റൊരു എംപിയായ ഹൈബി ഈഡൻ വൈസ് പ്രസിഡന്റായപ്പോൾ എംഎൽഎമാരായ എം.വിൻസെന്റ്, മാത്യു കുഴൽനാടൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി. പരമാവധി ഗ്രൂപ്പ് താൽപര്യം സംരക്ഷിച്ചാണ് പട്ടിക പുറത്തിറക്കിയത്. സാമൂഹിക സന്തുലനം പാലിക്കുന്നതിനൊപ്പം സ്ത്രീകൾക്കും അർഹമായ പരിഗണന നൽകി. ആര്യാടൻ ഷൗക്കത്താണ് ജനപ്രതിനിധി ആയ ഏക ജനറൽ സെക്രട്ടറി. വർഷങ്ങളായി പാർട്ടി പദവികളൊന്നും വഹിക്കാത്ത ഹൈബി ഈഡന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് വൈസ് പ്രസിഡന്റ് പദം.
- Also Read ജംബോ പട്ടിക പ്രഖ്യാപിച്ച് കെപിസിസി; 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ; സന്ദീപ് വാരിയർ പട്ടികയിൽ
നിലവിലെ വൈസ് പ്രസിഡന്റുമാരിൽ വി.ടി. ബൽറാമിനും ശരത്ചന്ദ്ര പ്രസാദിനും മാത്രമാണ് സ്ഥാനം നിലനിർത്താനായത്. വിവാദ ഫോൺ വിളിയിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം തെറിച്ച പാലോട് രവി വൈസ് പ്രസിഡന്റായി. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനും വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ജ്യോതികുമാർ ചാമക്കാല ട്രഷറർ ആകുമെന്നായിരുന്നു അവസാനനിമിഷം വരെയും അഭ്യൂഹം. പത്തനാപുരം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം, തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് തന്നെ ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് വി.കെ. നാരായണയെ തേടി ട്രഷറർ പദം എത്തിയത്. പകരം ജ്യോതികുമാർ ചാമക്കാല ജനറൽ സെക്രട്ടറിയായി.
- Also Read 40 വർഷമായി ‘മത്സരിക്കാത്ത’ മുഖ്യമന്ത്രി; ഒപ്പം നിന്ന് കാലു (വോട്ടു) വാരാൻ ബിജെപി? ലക്ഷ്യം ‘ലവ–കുശ’ വോട്ട്; 2020ൽ അത് സംഭവിച്ചിരുന്നെങ്കിൽ...
പട്ടികയിൽ ഇടംപിടിച്ച ഭൂരിപക്ഷം പേരും 40 വയസ്സിനു മുകളിലുള്ളവരാണ്. ലാലി വിൻസന്റിനും പദ്മജ വേണുഗോപാലിനും ശേഷം വൈസ് പ്രസിഡന്റാകുന്ന വനിതയാണ് രമ്യ ഹരിദാസ്. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരെ മറികടന്നാണ് രമ്യയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. ഷാനിമോളും ബിന്ദുകൃഷ്ണയും രാഷ്ട്രീയകാര്യ സമിതിയിൽ അംഗങ്ങളാണ്. രമ്യയെ കൂടാതെ 8 സ്ത്രീകൾക്ക് കൂടി ഭാരവാഹി പട്ടികയിൽ അവസരം ലഭിച്ചു. ബിജെപി വിട്ടു വന്നപ്പോൾ കെപിസിസി വക്താവ് സ്ഥാനം നൽകിയ സന്ദീപ് വാരിയർക്ക് പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി പദവും ലഭിച്ചു. പുനഃസംഘടന ചർച്ച തുടങ്ങിയപ്പോൾ പരിഗണിച്ചിരുന്ന പല പേരുകാരും അവസാനനിമിഷം പുറത്തായി. ഇത് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവച്ചേക്കാം. സെക്രട്ടറിയായി ഉൾപ്പെടുത്താം എന്നാകും ജനറൽ സെക്രട്ടറി പദം ലഭിക്കാതെ പോയവർക്ക് നേതാക്കൾ നൽകുന്ന ആശ്വാസ വചനം. തൊണ്ണൂറോളം സെക്രട്ടറിമാരുടെ പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.
- Also Read ‘കേരളത്തിൽനിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ’: പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് അബിൻ, ആവശ്യം തള്ളി നേതൃത്വം
ജംബോ പട്ടികയിലെ ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകേണ്ടതാണ് നേതൃത്വത്തിനു മുന്നിലെ അടുത്ത വെല്ലുവിളി. തിരഞ്ഞെടുപ്പ് അടുത്തതിനാൽ സംഘടനാചുമതല, ഓഫിസ് ചുമതല എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ജനറൽ സെക്രട്ടറിമാർക്കായി പല നേതാക്കളും അവകാശവാദം ഉന്നയിക്കാം. പോഷക സംഘടനകൾ കൂടാതെ വിവിധ ജില്ലകളുടെയും ചുമതലകൾ വീതിച്ചു നൽകണം. English Summary:
KPCC reshuffle announces a jumbo list of office bearers: The list aims to address grievances and balance group interests. Key appointments include vice presidents and general secretaries, focusing on social equilibrium and representation. |