പാലക്കാട്∙ മുൻ മന്ത്രി ജി.സുധാകരനെ വിമർശിച്ചതിന്റെ പേരിൽ തന്നെ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. എസ്എഫ്ഐ കോട്ടയം സംസ്ഥാന സമ്മേളനത്തിൽ സുധാകരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പേര് പലതവണ കടന്നു വന്നതിനെയാണ് താൻ വിമർശിച്ചത്. കോട്ടയത്ത് ഒഴിവാക്കപ്പെട്ടെങ്കിലും അടുത്ത കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെത്തി. കാലം തന്നിൽ മാറ്റമുണ്ടാക്കിയെന്നും എന്നാൽ സുധാകരന് മാറ്റമില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.
- Also Read ‘പാർട്ടിയുമായി ചേർന്ന് പോകണം, ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം’:ജി.സുധാകരന് സജി ചെറിയാന്റെ ഉപദേശം
∙പോസ്റ്റിന്റെ പ്രസക്ത ഭാഗം:
‘‘ കോട്ടയം സമ്മേളനത്തിലെ എന്റെ പ്രസംഗവും ചില പരാമർശങ്ങളും വിവാദമായി. ജി. സുധാകരനെതിരായ ചില പരാമർശങ്ങൾ എന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ പുതിയ പാനലിൽ നിന്ന് എന്നെ ഒഴിവാക്കി. സമ്മേളനം കഴിഞ്ഞ് പിരിയുന്നതിനു മുൻപ് ജി.സുധാകരനെ കണ്ടു ഞാൻ പറഞ്ഞു– “അടുത്ത സമ്മേളനത്തിൽ എന്നെ ഒഴിവാക്കാൻ നിങ്ങൾക്ക് പറ്റാത്ത സ്ഥാനം വഹിച്ചുകൊണ്ട് ഞാൻ വരും“. സമ്മേളനം പ്രസിഡന്റായി സഖാവ് കോടിയേരിയേയും സെക്രട്ടറിയായി സഖാവ് ജി.സുധാകരനെയും തിരഞ്ഞെടുത്തു. ഈ തീരുമാനത്തോട് സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ചിലർക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിഷേധ മുദ്രാവാക്യമുയർന്നു. അവസാനം ഇഎംഎസ് തന്നെ രംഗത്തു വന്നു. പ്രതിനിധികളെ അഭിസംബോധന ചെയ്തു. അന്തരീക്ഷം സാധാരണ നിലയിലായി.
ഇഎംഎസ് പറഞ്ഞു, “പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്; പ്രതിനിധികളല്ല. അത് അംഗീകരിക്കണം“. ചുരുക്കത്തിൽ ഇഎംഎസിന് വളരെ അസ്വസ്ഥത ഉണ്ടാക്കിയ സമ്മേളനമായിരുന്നു എസ്എഫ്ഐയുടെ മൂന്നാം സംസ്ഥാന സമ്മേളനം. സുധാകരനെ ഞാനിപ്പോഴും ബഹുമാനിക്കുന്നു. വി.എസ്, പിണറായി മന്ത്രിസഭകളിൽ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി.സുധാകരൻ പഴയ ജി.സുധാകരൻ തന്നെയാണ്; മാറ്റമില്ല’’. English Summary:
AK Balan\“s Criticism of G. Sudhakaran: He recounts being removed from the state committee for his remarks and reflects on the changes he has experienced over time, contrasting them with Sudhakaran\“s unchanging nature. |