ആറന്മുള ∙ അഷ്ടമിരോഹിണി വള്ളസദ്യ നടന്ന ദിവസം ദേവനു നേദിക്കും മുൻപ് പുറത്ത് ദേവസ്വം മന്ത്രിക്കുൾപ്പെടെ സദ്യ വിളമ്പിയത് ആചാര ലംഘനമെന്നു തന്ത്രി. ആചാര ലംഘനത്തിനു ബന്ധപ്പെട്ടവർ പരസ്യ പ്രായശ്ചിത്തം ചെയ്യണമെന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലം (മേമന) പരമേശ്വരൻ വാസുദേവൻ ഭട്ടതിരി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിനും ദേവസ്വം കമ്മിഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, പള്ളിയോട സേവാ സംഘം, ഉപദേശകസമിതി എന്നിവർക്കാണ് തന്ത്രി കത്തു നൽകിയത്.  
  
 -  Also Read  ഉണ്ണി വെറും ഉണ്ണിയല്ല, ഇടപാടുകൾ ദുരൂഹം; സ്പോൺസർ ചെയ്യാനുള്ള വരുമാനം ഉണ്ണിക്കൃഷ്ണൻ പോറ്റിക്കില്ലെന്ന് വിജിലൻസ്   
 
    
 
ആചാര ലംഘനത്തിൽ പരസ്യ പരിഹാരക്രിയ വേണമെന്നാണ് കത്തിൽ പറയുന്നത്. ഈ മാസം 12നാണ് തന്ത്രി ദേവസ്വം ബോർഡിനും ദേവസ്വം കമ്മിഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, പള്ളിയോട സേവാ സംഘം, ഉപദേശകസമിതി എന്നിവർക്കും കത്ത് നൽകിയത്. സെപ്റ്റംബർ 14ന് ആയിരുന്നു ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ. മന്ത്രി വി.എൻ.വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകൻ. എന്നാൽ ശ്രീകോവിലിൽ ഉച്ചപൂജയ്ക്ക് ഭഗവാനു നേദിക്കുന്നതിന് മുൻപ് ആനക്കൊട്ടിലിലെ പ്രത്യേക സ്ഥലത്ത് മന്ത്രി വിളക്കു കൊളുത്തുകയും തുടർന്ന് അവിടെ ഭഗവാനു സദ്യ വിളമ്പുകയും ചെയ്തു.  
 
ക്ഷേത്രത്തിനുളളിൽ ഭഗവാന് ഉച്ചപൂജ നടത്തിയ ശേഷം ശ്രീലകത്തു നിന്നു വിളക്കു കത്തിച്ച് പുറത്തു വന്ന് തന്ത്രിയും മേൽശാന്തിയും ചേർന്നു കൊടിമരച്ചുവട്ടിൽ വിളക്കു കത്തിച്ച് ഭഗവാനെ സാക്ഷിയാക്കി സദ്യ വിളമ്പുന്നതാണ് പതിവ്. എന്നാൽ അതിനു വിരുദ്ധമായി നടപടികൾ ഉണ്ടായതിൽ അന്നു തന്നെ ഭക്തരിൽ ചിലർ പ്രതിഷേധിച്ചു.  
  
 -  Also Read  സ്വർണപ്പാളി വിവാദം: കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ദേവസ്വം; അസി.എൻജിനീയറെ സസ്പെൻഡ് ചെയ്തു   
 
    
 
പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവൻ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുൻപിൽ ഉരുളിവച്ച് എണ്ണാപ്പണം (സമ്പാദ്യത്തിലെ വിഹിതം എണ്ണാതെ) സമർപ്പിക്കണം. ഇതിനുപുറമേ ഇനി തെറ്റു വരുത്തില്ലെന്നും വിധിപ്രകാരം സദ്യ നടത്തിക്കൊള്ളാമെന്നും സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തിൽ ആവശ്യപ്പെടുന്നു. അന്നു സദ്യ വിളമ്പിയത് തന്ത്രി തന്നെയല്ലേയെന്നും ആചാരലംഘനമെന്നു പിന്നീടു പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നും മന്ത്രി വി.എൻ.വാസവൻ ചോദിച്ചു. സംഭവത്തെപ്പറ്റി അറിയില്ലെന്നും തന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.   
  
 -  Also Read  ‘പാർട്ടിയുമായി ചേർന്ന് പോകണം, ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം’:ജി.സുധാകരന് സജി ചെറിയാന്റെ ഉപദേശം   
 
    
 
ആചാരം പാലിച്ചാണ് ചടങ്ങുകൾ നടത്തിയതെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു. കാര്യങ്ങൾ തന്ത്രിയെ ബോധ്യപ്പെടുത്തും. ചടങ്ങുകൾ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഇതു വിവാദമാക്കുന്നതിൽ ദുരൂഹതയുണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാനു നിവേദിക്കും മുൻപ് മന്ത്രിക്കു വള്ളസദ്യ വിളമ്പിയത് ആചാര ലംഘനമാണെന്നു ആറന്മുള ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത് പറഞ്ഞു. ക്ഷേത്ര ആചാരങ്ങൾ കൃത്യമായി പാലിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ഉപദേശക സമിതിയ്ക്കുണ്ട്. തന്ത്രിയെ നേരിട്ടു കണ്ട് പരാതി നൽകി. ഇത് വെളിച്ചത്തു കൊണ്ടുവന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഉപദേശക സമിതി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. English Summary:  
Tantri Alleges Ritual Violation at Aranmula Temple : The incident involves serving Vallasadya to the Devaswom Minister before it was offered to the deity, sparking controversy and calls for corrective action. Concerns have been raised regarding the sanctity of established customs during the Ashtami Rohini Vallasadya festival. |   
                
                                                    
                                                                
        
 
    
                                     
 
 
 |