ന്യൂഡൽഹി∙ ഐആർസിടിസി അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി. ലാലുവിന് പുറമെ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, ലാലുവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി എന്നിവർക്കെതിരെയും കുറ്റങ്ങൾ ചുമത്തി. ഗൂഢാലോചന, വഞ്ചന എന്നിവയുൾപ്പെടെ കുറ്റങ്ങളാണ് തേജസ്വിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഉടൻ വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർജെഡി കനത്ത തിരിച്ചടിയാണ് ഡൽഹി കോടതി ഉത്തരവ്. ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് തേജസ്വി.  
  
 -  Also Read  ഇരുട്ടറയിലെ 737 ദിനങ്ങൾ, ഇസ്രയേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം മൂന്ന് ഘട്ടങ്ങളായി   
 
    
 
ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവർത്തന കരാറുകൾ സ്വകാര്യ സ്ഥാപനത്തിന് നൽകിയതിൽ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. 2004നും 2014നും ഇടയിലാണ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. പുരിയിലെയും റാഞ്ചിയിലെയും ഇന്ത്യൻ റെയിൽവേയുടെ ബിഎൻആർ ഹോട്ടൽ ആദ്യം ഐആർസിടിസിക്ക് കൈമാറുകയും പിന്നീട് പ്രവർത്തനം, അറ്റകുറ്റപ്പണികൾ, പരിപാലനം എന്നിവയ്ക്കായി ബിഹാറിലെ പട്ന ആസ്ഥാനമായുള്ള സുജാത ഹോട്ടൽസിന് പാട്ടത്തിന് നൽകുകയും ചെയ്തിരുന്നു. ഈ കേസിലാണ് ലാലുവും കുടുംബവും അഴിമതി നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.  
 
 ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഐആർസിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറൽ മാനേജർമാരായ വി.കെ അസ്താന, ആർ.കെ ഗോയൽ, സുജാത ഹോട്ടൽസിന്റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ എന്നിവരുടെ പേരും കുറ്റപത്രത്തിൽ ഉണ്ട്. English Summary:  
Delhi Court Frames Charges Against Lalu and Family: IRCTC scam charges framed against Lalu Prasad Yadav, Tejashwi Yadav, and Rabri Devi by a Delhi court. This major setback for RJD comes ahead of crucial Bihar elections. |