തിരുവനന്തപുരം∙ കേരളത്തിൽ ആദ്യമായാണോ ഒരു ജനപ്രതിനിധിക്കു പൊലീസിന്റെ അടി കിട്ടുന്നതെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഇടതുപക്ഷത്തിന്റെ നേതാക്കളെ എത്രയോ ക്രൂരമായി പൊലീസ് നേരിട്ടിട്ടുണ്ട്. തനിക്കും അനുയായികൾക്കും കോൺഗ്രസിനുമെതിരായ പല ആരോപണങ്ങളും വെളുപ്പിച്ചെടുക്കാനുള്ള ഷാഫിയുടെ ഷോയാണു പേരാമ്പ്രയിൽ കണ്ടതെന്നും സനോജ് ആരോപിച്ചു.
- Also Read ‘റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു; അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ല’
ലീഗിന്റെയും കോൺഗ്രസിന്റെയും ഗുണ്ടാപ്പടയുടെ നേതാവായി ഷാഫി മാറി. ഷാഫി ഫാൻസ് അസോസിയേഷനായാണു കോൺഗ്രസിൽ ഒരു സംഘം ഇപ്പോൾ പ്രവർത്തിക്കുന്നത്. പേരാമ്പ്രയിൽ എൽഡിഎഫിന്റെ പ്രകടനത്തിലേക്ക് ഇരച്ചുകയറി പ്രശ്നമുണ്ടാക്കാനുള്ള പദ്ധതിയുമായാണു ഷാഫി അവിടെ എത്തിയത്. ഷാഫിയുടെ കെണിയിൽ വീഴാതിരിക്കാൻ എൽഡിഎഫ് ശ്രദ്ധിച്ചപ്പോൾ പൊലീസിനു നേർക്കായി നാടകം. വയനാടിനു വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച കോടികൾ എവിടെയെന്ന ചോദ്യത്തിൽനിന്നുൾപ്പെടെ ഷാഫിക്കും കൂട്ടർക്കും രക്ഷപ്പെടേണ്ടതുണ്ട്.
ഷാഫിയുടെ അനുയായി രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് ആയിരിക്കേ വയനാട് ദുരിത ബാധിതർക്കായി പിരിച്ച കോടികൾ ഗർഭഛിദ്രം നടത്താനും ബെംഗളൂരിൽ യാത്ര പോകാനും ഇത്തരം കേസുകൾ ഒത്തുതീർക്കാനുമൊക്കെ ഉപയോഗിച്ചെന്നാണു ജനം സംശയിക്കുന്നത്. പേരാമ്പ്രയിലെ പൊലീസ് നടപടിയുടെ പേരിൽ ഡിവൈഎഫ്ഐയുടെ കൊടിയും ബോർഡുമെല്ലാം സംസ്ഥാന വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഈ ഷാഫി ഷോ തുടർന്നാൽ ശക്തമായ നിലയിൽ ഡിവൈഎഫ്ഐ പ്രതിരോധിക്കുമെന്നും വി.കെ.സനോജ് പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം VK Sanoj എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
VK Sanoj\“s Allegations Against Shafi Parambil: Sanoj alleges that Shafi is staging a show to divert attention from accusations against him and his associates, while also criticizing the Youth Congress\“s handling of funds. |
|