LHC0088 • Yesterday 11:16 • views 552
മരട് ∙ കണ്ണാടിക്കാട് ജെവികെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ സീരിയൽ നടി ഉൾപ്പെടെ 3 പേർ പിടിയിൽ. ആലുവയിൽ വാടകയ്ക്കു താമസിക്കുന്ന സീരിയൽ നടി തിരുവനന്തപുരം സ്വദേശിനി അലീന(23), കൊല്ലം സ്വദേശികളായ ഷഹിൻ ഷാ(22), അൽ അമീൻ(25) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവും(23) സംഘത്തിൽ സ്കൂട്ടറിൽ എത്തിയ ആളും ഒളിവിലാണ്.
16ന് രാത്രി ആയിരുന്നു സംഭവം. ഇവർ മദ്യപിച്ചുകൊണ്ടിരിക്കെ ബാറിൽ മദ്യപിക്കാനെത്തിയ ഒരാളുമായി തർക്കത്തിലേർപ്പെട്ടു. ബാർ ജീവനക്കാരൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതോടെ ഇവർ അദ്ദേഹത്തെ ആക്രമിച്ചു. ബാർ ജീവനക്കാർ ഇതു ചോദ്യം ചെയ്തു. തുടർന്ന് സംഘർഷമായി. പുറത്തു പോയ അലീനയും സുഹൃത്തുക്കളും കാറിലും സ്കൂട്ടറിലുമായി രാത്രി പത്തോടെ വടിവാളും കത്തിയുമായി തിരികെ എത്തി അക്രമമായി. ബാറിൽ നിന്ന് പോയ ശേഷം പല തവണ പ്രതികൾ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മർദിച്ചെന്നുമാണ് ബാർ ഉടമയുടെ പരാതി.
സംഘർഷത്തിൽ അലീനയുടെ കൈക്കും ഷഹിൻ ഷായുടെ മൂക്കിനും ഉൾപ്പെടെ പരുക്കേറ്റു. സംഘം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നിർദേശിച്ചു. മെഡിക്കൽ കോളജിലേക്കു പോകാതെ സംഘം തിരുവനന്തപുരത്തേക്കു മടങ്ങും വഴി മരട് പിഎസ് മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നാണ് മരട് പൊലീസ് പിടികൂടിയത്. സംഘം ബാറിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. English Summary:
Maradu bar attack involving a serial actress and accomplices leads to arrests. The incident involved weapons and multiple assaults, prompting a police investigation and highlighting concerns about public safety. |
|