search

ചേർത്തുപിടിക്കാം, വിട്ടുകൊടുക്കാതെ

Chikheang 12 hour(s) ago views 931
  



മനുഷ്യജീവിതത്തിൽ ആത്മഹത്യയെക്കാൾ വലിയ ദുരന്തമുണ്ടോ? ഇല്ല എന്നാണ് എന്റെ ഉത്തരം. ആത്മഹത്യയിലൂടെ ജീവനൊടുക്കുന്നതു സർക്കാർ ഉദ്യോഗസ്ഥരാകുമ്പോൾ ദുരന്തത്തിന്റെ തീവ്രത പിന്നെയും വർധിക്കുന്നു. തിരഞ്ഞെടുപ്പു ചുമതലകൾക്കിടയിൽ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) ഇന്നലെയും പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ തൊട്ടുതലേദിവസവും ആത്മഹത്യ ചെയ്തു.

  • Also Read ‘അവരുടെ ഏരിയയല്ലേ, നിൽക്കാൻ കഴിയില്ല’: ബിഎൽഒ അനീഷിന്റെ ഫോൺസംഭാഷണം പുറത്ത്   


സിവിൽ പൊലീസ് ഓഫിസർ മുതൽ ഐപിഎസ് ഉദ്യോഗസ്ഥർ വരെയുള്ളവർ പൊലീസിൽ ചേരുമ്പോൾ പരിശീലനത്തിന്റെ തുടക്കം മുതൽ പഠിക്കുന്ന പാഠം മനുഷ്യജീവന്റെ വിലയാണ്. ജീവനെക്കാൾ വലുതായി ഒന്നുമില്ലെന്ന സന്ദേശമാണ് അവർക്കു ലഭിക്കുന്നത്. ജനാധിപത്യ സമൂഹത്തിൽ നിയമം വഴി പൊലീസിനു സിദ്ധിക്കുന്ന എല്ലാ അധികാരവും ആത്യന്തികമായി മനുഷ്യജീവൻ സംരക്ഷിക്കുന്നതിനും ജീവിതക്രമം വ്യവസ്ഥാപിത രീതിയിൽ മുന്നോട്ടു നയിക്കുന്നതിനും വേണ്ടിയാണ്. ഫീൽഡ് തലത്തിൽ ഈ ചുമതലകളുടെ കേന്ദ്രബിന്ദുവായ എസ്എച്ച്ഒയാണ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ ആത്മഹത്യ ചെയ്തത്. ഇൻസ്പെക്ടർ ബിനു തോമസ് തന്റെ സർവീസിൽ എത്രയോ പ്രശ്നങ്ങളിൽ ഇടപെട്ട്, സാധാരണക്കാരായ മനുഷ്യർക്ക് ആശ്വാസം നൽകി, അവർക്കു ജീവിതത്തിലെ വെല്ലുവിളികളോടു പൊരുതി മുന്നോട്ടുപോകാൻ ധൈര്യം പകർന്നിട്ടുണ്ടാകും. അത്തരമൊരു ഉദ്യോഗസ്ഥൻ ‘എനിക്കു ജീവിതം മതിയായി’ എന്ന് ആത്മഹത്യയിലൂടെ പ്രഖ്യാപിക്കുമ്പോൾ അതിന്റെ കാരണങ്ങളെക്കുറിച്ചു ചിന്തിക്കാൻ സർക്കാരിനും സമൂഹത്തിനും ബാധ്യതയുണ്ട്.

  • Also Read കച്ചവടക്കാരാണോയെന്ന ധാരണയിൽ വാതിൽ തുറക്കില്ല, മറ്റു ചിലർ വോട്ട് വേണ്ടെന്ന നിലപാടിൽ സഹകരിക്കില്ല; അതികഠിനം ബിഎൽഒമാരുടെ ജോലി   


നമ്മുടെ പൊലീസ് സംവിധാനത്തിൽ ഏറ്റവും സമ്മർദവും സംഘർഷവും നിറഞ്ഞ ചുമതല സ്റ്റേഷൻ ഹൗസ് ഓഫിസറുടേതാണ്. പ്രാപ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിശ്രമമില്ലാതെ രാപകൽ ജോലി ചെയ്താലും തീരാത്ത ജോലിഭാരമാണ് എസ്എച്ച്ഒയിൽ നിക്ഷിപ്തമായിരിക്കുന്നത്. അതിനപ്പുറമുള്ള സമ്മർദങ്ങൾ വേറെ. മിക്ക കാര്യങ്ങളിലും നിയമപരമായ അധികാരവും ഉത്തരവാദിത്തവും എസ്എച്ച്ഒയ്ക്കാണ്. പക്ഷേ, ഈ അധികാര പ്രയോഗത്തിലുള്ള രാഷ്ട്രീയ–മേലുദ്യോഗസ്ഥ ഇടപെടലുകൾ ഒരു യാഥാർഥ്യമാണ്. തെറ്റായ ഇടപെടലുകൾ പ്രശ്നമായി മാറുമ്പോൾ അതിന്റെ പാപഭാരം താങ്ങാൻ എസ്എച്ച്ഒ മാത്രമേയുണ്ടാവുകയുള്ളൂ.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പൊലീസിൽ പുതിയ പരിഷ്കരണങ്ങളും ചുമതലകളുമുണ്ടാകുന്നുണ്ട്. പക്ഷേ, അതനുസരിച്ച് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നില്ല. ഏതൊരു പൊലീസ് ഉദ്യോഗസ്ഥന്റെയും അടി തെറ്റിക്കാവുന്ന സംഘർഷങ്ങൾ പൊലീസിന്റെ ജോലിയിൽ പലപ്പോഴുമുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ സജീവമായി ഇടപെടാൻ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും കഴിയേണ്ടതുണ്ട്.

എന്റെ സർവീസ് കാലത്തെ ഒരുദാഹരണം പറയാം. തലസ്ഥാനത്ത് ചില കുപ്രസിദ്ധ ഗുണ്ടകൾ പ്രതികളായ കേസിന്റെ വിചാരണ നടക്കുകയാണ്. അതിൽ മൊഴി നൽകേണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് കേസിന്റെ ചുമതലയുള്ള ഡിവൈഎസ്പി എന്നെ അറിയിച്ചു. ആ ഉദ്യോഗസ്ഥനെ ഐജി ഓഫിസിൽ വിളിപ്പിച്ചു. ആ ഉദ്യോഗസ്ഥൻ വല്ലാത്ത ഭയാശങ്കയിലാണെന്നു നേരിട്ടു സംസാരിച്ചപ്പോൾ എനിക്കു മനസ്സിലായി. അയാൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നു സംശയമായി. ധൈര്യം നൽകാൻ ഞാൻ ആവുന്ന രീതിയിൽ പരിശ്രമിച്ചു. പിറ്റേന്നാണു മൊഴി നൽകേണ്ടത്. ആ ഉദ്യോഗസ്ഥനെ അന്നു രാത്രി എന്റെ ഓഫിസിൽ ഒരു സഹപ്രവർത്തകനൊപ്പം താമസിപ്പിച്ചു. അടുത്തദിവസം മൊഴി നൽകി. വിചാരണ ശുഭകരമായി അവസാനിച്ചു. വിരമിച്ച ആ ഉദ്യോഗസ്ഥൻ ഇന്നെന്റെ അഭ്യുദയകാംക്ഷിയാണ്.

  • Also Read ജോലിഭാരം, സമ്മർദം കുറയ്ക്കണം; പ്രതിഷേധിച്ച് ബിഎൽഒമാർ   


യഥാസമയം പൊലീസ് സംവിധാനത്തിൽനിന്നുതന്നെ ശരിയായ ഇടപെടലുണ്ടാവുകയാണെങ്കിൽ, പൊലീസ് സേനയിലെ ആത്മഹത്യകൾ പരമാവധി ഒഴിവാക്കാനാകും. പൊലീസ് പോലെ ‘ഹയരാർക്കിയൽ’ ആയ സംവിധാനത്തിൽ പ്രശ്നം അഭിമുഖീകരിക്കുന്ന ഉദ്യോഗസ്ഥർ പലപ്പോഴും ഒറ്റപ്പെട്ടുപോകാറുണ്ട്. അധികാരശ്രേണി നിശ്ചയിച്ചിരിക്കുന്നതു ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ മാത്രമാണ്. അതിനപ്പുറം അകലവും വേർതിരിവും സേനയ്ക്കുള്ളിൽ സൃഷ്ടിക്കപ്പെടുന്നതു ഗുണകരമല്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടി, കടുത്ത മത്സരപ്പരീക്ഷ ജയിച്ച്, ശാരീരികക്ഷമത തെളിയിച്ച യുവാക്കളാണു പൊലീസ് സേനയിൽ അംഗമാകുന്നത്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനുതകുന്ന തൊഴി‍ൽ അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. അംഗസംഖ്യ വർധിപ്പിച്ച്, തൊഴിൽസമയം നിജപ്പെടുത്തി, ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായി വിശ്രമം അനുവദിച്ച്, ആരോഗ്യകരമായ കുടുംബജീവിതം ഉറപ്പുവരുത്തി ജോലി ചെയ്യാൻ അവസരമുണ്ടാകണം.

പൊലീസിൽ മാത്രമല്ല, സർക്കാർ സർവീസിലെ ജോലിഭാരം കൂടിയ പല മേഖലകളിലും ജോലി ചെയ്യുന്നവർ ആത്മഹത്യാ സാധ്യതയിൽനിന്നു മുക്തരല്ലെന്നാണു കണ്ണൂർ പയ്യന്നൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യ സൂചിപ്പിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കിടയിൽ കടന്നുവന്ന വോട്ടർപട്ടിക പരിഷ്കരണം അഥവാ എസ്ഐആർ വലിയ ആശയക്കുഴപ്പം ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ടു വീടുകൾ കയറിയിറങ്ങി വോട്ടു പരിശോധിക്കേണ്ട വലിയ ഉത്തരവാദിത്തം അവരുടെ തലയിൽ വന്നിരിക്കുന്നു. ഇതിന്റെ പ്രശ്നങ്ങൾ പലകുറി രാഷ്ട്രീയപാർട്ടികളും സർവീസ് സംഘടനകളും ചൂണ്ടിക്കാണിച്ചതാണ്. ആ ജോലി സമ്മർദത്തിന്റെ തീവ്രതയാണ് അനീഷിന്റെ ആത്മഹത്യയിലൂടെ വെളിവാകുന്നത്. ഉദ്യോഗസ്ഥ വിന്യാസത്തിലും ചുമതല നൽകുന്നതിലും ‘സിസ്റ്റ’ത്തിൽ സംഭവിച്ചിരിക്കുന്ന പിഴവ് ഈ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ടവർ പഠിക്കണം.

  • Also Read ബിഎൽഒ ജോലി ഫോം വിതരണത്തിൽ ഒതുങ്ങുന്നില്ല; അധികസമ്മർദത്തിന് ഡേറ്റ എൻട്രിയും   


ചുരുക്കം കേസുകളിലൊഴികെ, ആത്മഹത്യയിലേക്കു നീങ്ങുന്ന വ്യക്തി മാനസികസംഘർഷം സൂചിപ്പിക്കുന്ന പെരുമാറ്റരീതികൾ പ്രകടിപ്പിക്കാറുണ്ട്. ജാഗ്രതയും കരുതലും സഹജീവി സ്നേഹവുമുള്ള സഹപ്രവർത്തകർക്ക് അതു മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് ഇടപെടാനാകും. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽപോലും ധൈര്യം നൽകാനാകും. ഓഫിസിലെ അധികാരശ്രേണിയിലെ കയറ്റിറക്കങ്ങൾ മാറ്റിവച്ച്, ‘നീ ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്നു ചേർത്തുനിർത്താനാകും. ചെറിയൊരു വാക്കാകാം, സ്നേഹപ്രകടനമാകാം, തോളിലെ ഒരു സ്പർശമാകാം. വലിയ ദുരന്തമാകും ചിലപ്പോൾ ആ ചെറിയ ഇടപെടലിൽ ഒഴിവാകുന്നത്.

(മുൻ ഡിജിപിയാണ് ലേഖകൻ) English Summary:
Officer Suicide is a critical issue in Kerala, demanding immediate attention. The increasing number of suicides among government employees highlights the immense pressure and stress they face, necessitating comprehensive support systems and reforms within the government and police sectors to prioritize their mental well-being.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634