search

എൻ.വാസു, എൻ പൊൻ വാസു

Chikheang 7 hour(s) ago views 679
  



എൻ.വാസു സിപിഎമ്മിന് ഇതുവരെ ‘പൊൻ വാസു’ ആയിരുന്നു. എന്നിട്ടും ശബരിമല അയ്യപ്പന്റെ ഇത്തിരി പൊന്ന് കൊള്ളയടിച്ചെന്ന നിസ്സാരകേസിൽ കക്ഷി അറസ്‌റ്റിലായതോടെ ‘വാസു ഉദ്യോഗസ്‌ഥൻ മാത്രമല്ലേ’ എന്നു പാർട്ടി സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കയ്യൊഴിഞ്ഞത് കടന്ന കയ്യായിപ്പോയി. സ്വർണക്കൊള്ളക്കേസിൽ ആരെ അറസ്റ്റ് ചെയ്താലും പാർട്ടിക്കു പ്രശ്നമില്ലെന്നും ആരെയും താങ്ങേണ്ട കാര്യമില്ലെന്നുംകൂടി മാഷ് കടത്തിപ്പറഞ്ഞുകളഞ്ഞു. അറസ്റ്റിന്റെ സാധ്യതാപട്ടികയിൽ ഉള്ളവരും ലോകം ഇടിഞ്ഞുവീണാലും പാർട്ടി രക്ഷിക്കുമെന്നു വിശ്വസിച്ചവരുമായ സഖാക്കളോടു ചെയ്ത കൊലച്ചതിയല്ലാതെ മറ്റെന്താണത്?.

പ്രായശ്ചിത്തമായി ഭഗവാനു മുന്നിൽ തെറ്റ് ഏറ്റുപറയുന്ന ഭക്‌തന്റെ മട്ടും ഭാവവുമാണ് ശബരിമലക്കാര്യത്തിൽ ഗോവിന്ദൻ മാഷിന്. അല്ലെങ്കിലും, പിഎം ശ്രീ പദ്ധതിയിൽ തെറ്റുപറ്റിപ്പോയി എന്നു സിപിഐക്കു മുന്നിൽ കുമ്പസാരിച്ച നാൾമുതൽ പശ്ചാത്താപക്കാരന്റെ ക്ഷീണിച്ച ശരീരഭാഷയാണ് കക്ഷിക്ക്.

വാസുവിന്റെ കാര്യത്തിൽ ഗോവിന്ദനു മുൻപിൻ നോക്കാതെ വായിൽത്തോന്നിയതു പറയാം. അതുപോലെയാണോ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാര്യം. വരും വരായ്ക പലതും ആലോചിക്കണം. ജയിലിൽക്കിടക്കുന്ന വാസു സത്യസന്ധനാണെന്ന സ്വഭാവ സർട്ടിഫിക്കറ്റുമായി കടകംപള്ളി തിടുക്കപ്പെട്ട് ചാടിവീണത് ഒന്നും കാണാതെയാവില്ല. കടകംപള്ളി ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് സ്വർണം ചെമ്പാക്കി മാറ്റുന്ന വിദ്യ ഉറപ്പാക്കി വാസു തന്ത്രപൂർവം ദേവസ്വം കമ്മിഷണർ സ്ഥാനം ഒഴിഞ്ഞതും ‘സംഗതി’ കഴിഞ്ഞപ്പോൾ വീണ്ടും പ്രസിഡന്റായി അവതരിച്ചതുമെല്ലാം.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്വർണം കൊള്ളയടിക്കലും യുവതീപ്രവേശവും അടക്കം സകല വേണ്ടാതീനങ്ങളും നടന്നത് രണ്ടു ചങ്ങാതിമാരും ശബരിമല അടക്കിവാണ കാലത്തും. കൂടെക്കിടന്നവനു രാപ്പനി മാത്രമല്ല അറിയുക. വാസു ഇടഞ്ഞ് എന്തു കൊസ്രാക്കൊള്ളിയാണ് പൊലീസിനോടു പറഞ്ഞൊപ്പിക്കുക എന്നു പേടിക്കാതെ വയ്യ. തൽക്കാലം വാസു അടങ്ങാൻ കടകംപള്ളി വച്ച മയക്കുവെടിയാവണം ‘സത്യസന്ധൻ’പട്ടം.

സ്വർണം സ്വ‌പ്നം കണ്ടാൽപോലും ഞെട്ടുന്ന രോഗമുള്ള ആളാണ് കടകംപള്ളിയെന്നാണു കേൾവി. പണ്ട് വിദേശത്തുനിന്നു സ്വർണം കടത്തിയെന്ന കേസുമായി സ്വപ്ന സുരേഷ് അരങ്ങും അണിയറയും നിറഞ്ഞാടിയ കാലത്തു കണ്ണുതട്ടിയതു തൊട്ടുള്ള ദോഷമാണത്രേ. അതിന്റെ മാനനഷ്ടവും വെല്ലുവിളികളും പുക്കാറും ഇപ്പോഴും തീർന്നിട്ടില്ല.

‘വെറും ഉദ്യോഗസ്‌ഥനെ’ന്ന് ഗോവിന്ദൻ കയ്യൊഴിഞ്ഞെങ്കിലും ‘ആബാലവൃദ്ധം’ സിപിഎമ്മാണ് വാസു. യൗവനകാലത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തൊട്ട് (എന്തിനും) മുതിർന്നപ്പോൾ മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറി പദവിയും രണ്ടുവട്ടം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മിഷണർ പദവിയും ഒരുവട്ടം ബോർഡ് പ്രസിഡന്റ് പദവിയും ബംപർ സമ്മാനങ്ങളായി ചൊരിഞ്ഞ് പാർട്ടി സ്നേഹിച്ചത് അതുകൊണ്ടാണ്. ശബരിമലയിൽ യുവതികളെ കയറ്റി വനിതാശാക്തീകരണം ഉറപ്പാക്കാൻ തിരുവനന്തപുരത്തും ഡൽഹിയിലും നിയമത്തിന്റെ നൂലിഴ കീറി ചരടുവലിച്ച അഭിഭാഷകനുമാണ് കക്ഷി.

സഹകരണ ബാങ്കുകൾ തുരക്കുന്ന അതേ നിസ്സാരഭാവത്തിൽ സഖാക്കൾ ഭഗവാന്റെ ഭണ്ഡാരവും തുരക്കുമെന്ന് ഭക്തർ സ്വപ്നത്തിൽപോലും കരുതിയില്ല. ‘പുര വിഴുങ്ങുന്ന അന്തകന് കതക് വെറും പപ്പടം’ എന്നാണ് ന്യായം. അമ്പലം വിഴുങ്ങികൾക്കു സ്വർണവാതിലും കട്ടിളയും അങ്ങനെ തന്നെ തോന്നിയിട്ടുണ്ടാവാം.

കോടതിയുടെ മേൽനോട്ടത്തിലായിരുന്നില്ല അന്വേഷണമെങ്കിൽ ഈ തിരഞ്ഞെടുപ്പുകാലത്ത് വാസുവിനെതിരെ പോയിട്ട് സിപിഎമ്മിലെ വെറും ‘ശൂ’വിനെതിരെ പോലും പൊലീസിന്റെ കൈ പൊന്തുമായിരുന്നില്ല. ഭരണത്തിലിരിക്കുന്നവന്റെ കക്ഷത്തിലാണ് എന്നും പൊലീസിന്റെ തല. ആ വീർപ്പുമുട്ടലിൽനിന്നൊരു മോചനം പൊലീസും ആഗ്രഹിച്ചിട്ടുണ്ടാവും. ആ സ്വാതന്ത്ര്യത്തിന്റെ പൊൻതിളക്കമാണ് ശബരിമലക്കേസിൽ കാണുന്നത്. ഭരണവും തുടർഭരണവും പലതിനും ലൈസൻസാണ്. പക്ഷേ, ശകുനം നന്നെന്നു കരുതി പുലരും വരെ കക്കരുത് എന്നാണ് പെരുംകള്ളന്മാരുടെ പോലും പ്രമാണം.

അയ്യപ്പന്റെ ശ്രീകോവിൽ പൊതിയാൻ വിജയ് മല്യ നൽകിയ കിലോക്കണക്കിനു തനിത്തങ്കമാണ് ഭരണത്തിന്റെ ബലത്തിൽ ശബരിമലയിൽനിന്നു കൊള്ളയടിച്ചത്. തന്റെ കാലം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്താൻ ഏതു ഭരണാധികാരിയാണ് ആഗ്രഹിക്കാത്തത്. ചിലത് ഇങ്ങനെയൊക്കെ ആയാലും മുഷിയില്ല.

ഭരണത്തിന്റെ ഗുണം നേരിട്ടറിയാൻ ‘നവകേരളം - സിറ്റിസൻ റെസ്പോൺസ്’ സർവേയുമായി സിപിഎം പ്രവർത്തകർ വീടു കയറാൻ പോകുന്നുവെന്നാണ് കേട്ടത്. ‘ശബരിമല അയ്യപ്പൻ ഈ വീടിന്റെ ഐശ്വര്യം’ എന്ന് ഉമ്മറത്ത് വിശ്വാസികൾ എഴുതിപ്പതിച്ചിട്ടുള്ള പതിനായിരക്കണക്കിനു വീടുകളുണ്ട് നാട്ടിൽ. ചുവരെഴുത്തു കണ്ടാലെങ്കിലും റെസ്പോൺസ് എന്തായിരിക്കും എന്ന് ഊഹിച്ച് തിരിഞ്ഞുനടക്കലാണ് സാമാന്യയുക്തിയും മര്യാദയും.

നായ കയറി ഇരിക്കുമ്പോൾ

മാൻ എന്ന് ഇംഗ്ലിഷിലും മനുഷ്യൻ എന്നു മലയാളത്തിലും പറയുന്ന മാനവന്റെ ഹൃദയം കല്ലു പോലെയാണെന്നു വെറുതേ പറയുന്നതല്ല. തൃശൂർ പുത്തൂരിലെ പുത്തൻ മൃഗശാലയായ സുവോളജിക്കൽ പാർക്കിൽ കടിക്കാൻ വന്ന തെരുവുനായ്ക്കളെ കണ്ടപ്പോഴേ പത്തോളം മാനുകൾ ഹൃദയാഘാതം വന്ന് ചത്തുവീണത്രേ. ലക്ഷക്കണക്കിനു മനുഷ്യരാണ് കേരളത്തിൽ കൊല്ലങ്ങളായി തെരുവിൽ പട്ടികളുടെ കടിയേറ്റു പുളയുന്നത്. ചികിത്സ ഫലിക്കാതെ പേ ബാധിച്ചു മരിച്ചവരുമേറെ. പക്ഷേ, ഒരൊറ്റക്കുഞ്ഞിനും കടിക്കാൻ വന്ന പട്ടിയെക്കണ്ട് ഹൃദയസ്‌തംഭനം ഉണ്ടായിട്ടില്ല. പാവം മാനവഹൃദയം എന്നൊക്കെ കവികൾ പുളുവടിക്കുന്നതാണ്; സംഗതി കരിങ്കല്ലുതന്നെ.

തൃശൂരിൽ പുതിയ മൃഗശാലയിൽ മാനുകൾ പട്ടികളെക്കണ്ട് പേടിച്ചു ചത്ത അതേദിവസം തന്നെയാണ് തെക്ക് തിരുവനന്തപുരത്ത് പഴയ മൃഗശാല - മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കിറങ്ങിയ അഞ്ചു മനുഷ്യരെ പേപ്പട്ടി കടിച്ചുകുടഞ്ഞത്. മുൻ മന്ത്രിമാരും ഡിജിപിമാരും എഴുത്തുകാരും സിനിമാക്കാരുമടക്കം ഒട്ടേറെ പ്രമുഖർ ജീവിതശൈലീ രോഗത്തിന് ‘നല്ല നടപ്പിന്’ ശിക്ഷിക്കപ്പെട്ട് പതിവായി വരുന്നയിടമായതുകൊണ്ട് ഉടൻ പരിഹാരമുണ്ടാകുമെന്ന് എല്ലാവരും കരുതി. ഒരു ചുക്കും സംഭവിച്ചില്ല; പട്ടിയെ പേടിച്ച് മനുഷ്യർ നടപ്പ് ഉപേക്ഷിച്ചതല്ലാതെ.

അല്ലെങ്കിലും, മൃഗശാലാ വളപ്പിൽ പട്ടി കയറിയതു വലിയ കുഴപ്പമാണെന്നു പറയുന്നതിലേ പന്തികേടുണ്ട്. മൃഗശാല എന്നു പേരിടുകയും അവിടെയും മനുഷ്യർ ആധിപത്യം സ്‌ഥാപിക്കുകയും ചെയ്യുന്നതാണ് ശരിക്കും പോക്കണംകേട്. സംസ്ഥാനത്ത് 9 ലക്ഷം തെരുവുനായ്ക്കളുണ്ടായിട്ടും 2024ൽ 3.16 ലക്ഷം മനുഷ്യരെ കടിക്കാനേ പറ്റിയിട്ടുള്ളൂ. നായ്ക്കൾക്ക് ‘ആളോഹരി’ വിഹിതത്തിൽ അതിദാരിദ്ര്യമാണ് എന്നർഥം. സർക്കാർ ശ്രദ്ധിക്കണം.

കോടിയേരിയാണ് ശരി

തലശ്ശേരി ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനും അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി കെ.കെ.സുരേശനും തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥികളായതു വലിയ പാതകമൊന്നുമല്ല. പ്രതികളെ ഒഴിവാക്കിയാൽ കണ്ണൂരിൽ സിപിഎമ്മിനു മത്സരിക്കാൻ സ്ഥാനാർഥികൾ ഉണ്ടാവില്ലെന്നു പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണൻതന്നെ പറഞ്ഞിട്ടുണ്ട്.

തലശ്ശേരി നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കാണത്രേ കാരായിയെ പരിഗണിക്കുന്നത്. വല്ല അടിപിടിക്കേസും ആണെങ്കിൽ വാർഡ് കൗൺസിലറാക്കി ഒതുക്കി നിർത്താമായിരുന്നു. ഇതിപ്പോ കൊലക്കേസാണ്. മിനിമം ചെയർമാൻ സ്ഥാനമെങ്കിലും കൊടുത്തില്ലെങ്കിൽ പാർട്ടിക്കാണ് മോശം.

സ്‌റ്റോപ് പ്രസ്

കേരളത്തിന്റെ ആരോഗ്യരംഗം അമേരിക്കയെ മറികടന്നെന്ന് അബുദാബിയിലെ മലയാള ഉത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടയ്ക്കിടയ്ക്ക് നേരിട്ടുപോയി പരീക്ഷിച്ച് ഉറപ്പാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. English Summary:
N. Vasu: CPM\“s \“Golden Asset\“ Tarnished by Sabarimala Gold Heist Scandal
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493