ന്യൂഡൽഹി∙ യുഎസുമായുള്ള ഏതൊരു വ്യാപാര കരാറും ഒരു പരിധിക്കപ്പുറം ഇന്ത്യ അംഗീകരിക്കില്ലെന്നും ചില മേഖലകളിലെ കാര്യങ്ങളിൽ യുഎസുമായുള്ള ചർച്ചക്ക് പോലും ഇന്ത്യ തയ്യാറല്ലെന്നുമുള്ള സൂചനകൾ നൽകി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഈ ‘ചുവപ്പ് രേഖ’ യുഎസ് മാനിക്കേണ്ടതുണ്ടെന്നും അത് മറികടന്നുള്ള ഒരു ചർച്ചയും സാധ്യമല്ലെന്നും ജയശങ്കർ വ്യക്തമാക്കി. വ്യാപാര ചർച്ചയിൽ മികച്ച ഒരു തീരുമാനത്തിലെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ പരിപാടിയിലെ ചോദ്യോത്തര വേളയിലാണ് എസ്.ജയശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.
- Also Read സുപ്രധാന ചർച്ചകൾ, ‘വിഷൻ 2035’; ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ ഇന്ത്യയിലേക്ക്
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സംബന്ധിച്ച് ഒരു ധാരണ അനിവാര്യമാണെന്നും എസ്. ജയശങ്കർ പറഞ്ഞു. ‘‘ഇന്ന് നമുക്ക് അമേരിക്കയുമായി ചില പ്രശ്‌നങ്ങളുണ്ട്. നമ്മുടെ വ്യാപാര ചർച്ചകൾ ഒരു ‘ലാൻഡിംഗ് ഗ്രൗണ്ടി’ൽ എത്തിയിട്ടില്ല. ഇതിന് ഒരു പ്രധാന കാരണം ഇന്ത്യയ്ക്കെതിരെ ചുമത്തിയ ഒരു നിശ്ചിത താരിഫ് ആണ്. ഇതിനുപുറമെ, വളരെ അന്യായമായി ഞങ്ങൾ കരുതുന്ന രണ്ടാമത്തെ താരിഫ് കൂടി ചുമത്തിയിരിക്കുന്നു. എന്ത് സംഭവിച്ചാലും, അമേരിക്കയുമായി ഒരു വ്യാപാര ധാരണ ഉണ്ടാകണം. കാരണം അത് ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. പ്രശ്നങ്ങളുണ്ട്, ആരും അത് നിഷേധിക്കുന്നില്ല. ആ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹരിക്കുകയും വേണം, അതാണ് ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്’’ – അദ്ദേഹം പറഞ്ഞു. English Summary:
S. Jaishankar Highlights Trade Challenges with the US: India US Trade Relations are complex and currently facing challenges. Discussions are underway to address issues such as tariffs, with India setting clear boundaries. |