കൊച്ചി ∙ നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂ സമരം അവസാനിക്കുന്നു. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഇന്ന് 411 ദിവസം തികയുന്ന സമരം അവസാനിപ്പിക്കാൻ ആലോചന നടക്കുന്നത്. വൈകിട്ട് ചേരുന്ന മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റിയിലായിരിക്കും തീരുമാനമെടുക്കുക. എന്നാൽ തങ്ങൾക്ക് മുനമ്പത്തെ ഭൂമിയിൽ റവന്യൂ അവകാശങ്ങൾ അനുവദിച്ചു കിട്ടണമെന്ന അവസാന കടമ്പ കൂടി കടക്കേണ്ടതുണ്ടെന്നും സമര സമിതി പറയുന്നു.
Also Read ‘ശബരിമലയിൽ പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാനാകില്ല’; വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീം കോടതി മുമ്പാകെയുണ്ട്. അതിനാൽ ഈ ഹർജികളിലെ അന്തിമവിധിയുടെ തീർപ്പിന് വിധേയമായിരിക്കും ഉത്തരവ് എന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഇന്നലെ നിർദേശം നൽകിയത്. തുടർന്ന് ഇന്നലെ തന്നെ 32 കുടുംബങ്ങൾ നികുതി അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുനമ്പത്തെ സ്ത്രീകൾ നേതൃത്വം നൽകുന്ന സമരം അവസാനിപ്പിക്കുക എന്ന ആലോചനയിലേക്ക് സമരസമിതി എത്തിയത്.
Also Read ടിപ്പുവിന്റെ രക്തം സിരകളിലോടിയ അസാധാരണ ചാരവനിത, \“അപകടകാരിയായ തടവുകാരി\“; നാത്‌സിപ്പടയെ വിറപ്പിച്ച നൂർ ഇനായത് ഖാൻ!
2019 സെപ്റ്റംബറിലാണ് മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് റജിസ്റ്ററിൽ േചർക്കുന്നത്. 2021 മുതൽ മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനും സാധിക്കുന്നില്ല. 2022ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നികുതി സ്വീകരിക്കാൻ അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ 4 വർഷമായി ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിലായിരുന്നു മുനമ്പം നിവാസികൾ. പിന്നീടാണ് 410 ദിവസം മുൻപ് സമരം ആരംഭിച്ചത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും ഇതിനിടെ അരങ്ങേറുകയും ചെയ്തു.
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
താൽക്കാലികമായി കരമടയ്ക്കാൻ സാധിക്കുന്നുണ്ടെങ്കിലും ഭൂമിയുടെ റവന്യൂ അവകാശം പുനഃസ്ഥാപിച്ചു കിട്ടുക എന്നതാണ് ആത്യന്തികമായി വേണ്ടതെന്ന് സമര സമിതി നേതാക്കൾ പറയുന്നു. എല്ലാ സമുദായ നേതാക്കളുമായും ആലോചിച്ചു മാത്രമേ സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനമെടുക്കൂ എന്ന് സമര സമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമായേക്കാം എന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാനും കൂടിയുള്ളതാണ് നിലവിലെ വിധിയെന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും ബെന്നി പറഞ്ഞു. English Summary:
Munambam Land Struggle Ends After High Court Orders Temporary Land Tax Acceptance: The Munambam Land Protection Committee will make a final decision after the revenue rights are restored.