deltin33 • 2025-10-11 23:51:25 • views 938
കോഴിക്കോട് ∙ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ പ്രതിയാകേണ്ടിയിരുന്ന ആളാണെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ പ്രതിഫലമാണ് ‘കലുങ്ക്സാമി’യായി സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയമെന്നും മുൻ എംഎൽഎ അനിൽ അക്കര. വിവേകിനു നൽകിയ സമൻസിൽ തുടർനടപടികൾ എടുക്കാത്തതിൽ വിശദീകരണം തേടി പരാതി നൽകുമെന്നും പക്ഷേ, പിണറായിയും നിർമലയും അധികാരത്തിൽ ഉള്ളിടത്തോളം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അനിൽ അക്കര ആരോപിച്ചു.
- Also Read ‘ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കും; എകെജി സെന്ററല്ല ശമ്പളം നൽകുന്നതെന്ന് പൊലീസ് ഓർക്കണം’
പ്രളയത്തിനു ശേഷം 1000 കോടിയാണ് യുഎഇ കേന്ദ്രീകരിച്ച് വിവേക്, സ്വപ്ന സുരേഷ്, ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് എന്നിവരുടെ നേതൃത്വത്തിൽ പിരിച്ചത്. ഈ തുക കേരളത്തിലേക്ക് എത്തിക്കുമ്പോൾ 18% ജിഎസ്ടി ഉണ്ടായിരുന്നത് തോമസ് ഐസക്ക് ഒഴിവാക്കാമെന്ന് ഏറ്റിരുന്നു. അതിൽ തന്നെ 180 കോടി രൂപയുടെ അഴിമതിയാണ് ലക്ഷ്യമിട്ടത്. യുഎഇയിലെ വിവിധ ബാങ്കുകളിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് വിവേകാണെന്നും അനിൽ അക്കര ആരോപിച്ചു.
- Also Read ‘ഷാഫി ‘ഷോ’ തുടർന്നാൽ ഡിവൈഎഫ്ഐ പ്രതിരോധിക്കും; ജനപ്രതിനിധിക്കു പൊലീസിന്റെ അടി കിട്ടുന്നത് ആദ്യമായാണോ?’
സ്വപ്ന സുരേഷ് ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. കേസിൽ പ്രതിയായിരുന്ന വിദേശ പൗരൻ ഖാലിദിന്റെ ഒരു വിവരവും ഇപ്പോൾ ഇല്ല. ഖാലിദ് കൊല്ലപ്പെട്ടോ എന്നു പോലും സംശയിക്കേണ്ടി വരും. മാധ്യമപ്രവർത്തകനായ ബഷീറിന്റെ മരണവും കോൺസൽ ജനറലായ ഖാലിദിന്റെ തലസ്ഥാനത്തെ കാർ യാത്രയും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് തോമസ് ഐസക്കാണ്. ഇക്കാര്യത്തെ കുറിച്ചെല്ലാം അന്വേഷിക്കണമെങ്കിൽ ഖാലിദിനെ കണ്ടെത്തേണ്ടിവരും. പാക്കിസ്ഥാനിൽ ചെന്ന് ഭീകരരെ കണ്ടെത്താൻ കഴിയുന്ന കേന്ദ്രത്തിനു ഖാലിദിനെ കണ്ടെത്താൻ സാധിക്കാത്തത് അത്ഭുതമാണ്.
- Also Read രംഗനാഥന്റെ തകര ഫാക്ടറിയിലെ മരണ മരുന്ന്; താരമായ ടോണിക്കും അപ്രത്യക്ഷം; കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന പ്ലാന്റ്; 350ലേറെ വീഴ്ചകള്‍
ലൈഫ് മിഷന്റെ ചെയർമാനാണ് മുഖ്യമന്ത്രി. വടക്കാഞ്ചേരി കേസിൽ ചെയർമാനൊപ്പം കൂട്ടുപ്രതിയാകേണ്ട ആളാണ് മകൻ. പക്ഷേ, അന്വേഷണം ശിവശങ്കരനിൽ അവസാനിപ്പിച്ചു. ഇ.ഡിയുടെ തലപ്പത്തുള്ള നിർമല സീതാരാമൻ, പിണറായി ഡൽഹിയിൽ പോയപ്പോൾ കേരള ഹൗസിൽ വന്നു കണ്ടത് ഈ ഡീലിന്റെ ഭാഗമായിരുന്നു. അന്വേഷണം മുളയിലേ അവസാനിപ്പിച്ചതിൽ നിർമല സീതാരാമനും, ഇ.ഡിയുടെ സമൻസിനു മറുപടി നൽകിയോ ഇല്ലേ എന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം. കേരളത്തിന്റെ ഭരണം ബിജെപിയുടെ കയ്യിൽ കൊണ്ടു കെട്ടാൻ ശ്രമിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അതു സംഭവിക്കാതിരിക്കണമെങ്കിൽ എം.വി.ഗോവിന്ദൻ ഇടപെട്ട് പിണറായിയെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Anil Akkara എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Anil Akkara\“s Allegations in Life Mission Case: Anil Akkara accuses Nirmala Sitharaman of involvement in quashing the case against Pinarayi Vijayan\“s son, further alleging corruption in UAE flood relief funds. |
|