LHC0088 • 2025-10-11 22:50:58 • views 899
തിരുവനന്തപുരം∙ സംസ്ഥാനം കടമെടുത്ത് കടമടച്ച് കടം കയറി തകരുന്ന നിലയിലേക്കാണു പോകുന്നതെന്ന സിഎജി റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ് ആശങ്കാജനകമാണെന്ന് സാമ്പത്തിക വിദഗ്ധര്‍. 2023-24 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും കടമെടുത്ത ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. കടമെടുക്കുന്ന ഫണ്ട് മൂലധന സൃഷ്ടിക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും വേണ്ടി മാതൃകാപരമായി ഉപയോഗിക്കണമെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ കടമെടുത്ത ഫണ്ടുകള്‍ സാധാരണ ചെലവുകള്‍ക്കും ബാക്കി നില്‍ക്കുന്ന വായ്പകളുടെ പലിശ അടയ്ക്കുന്നതിനും ഉപയോഗിക്കുന്ന പ്രവണത ആരോഗ്യകരമായ രീതി അല്ലെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
- Also Read മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇ.ഡി സമൻസ്; സമൻസ് അയച്ചത് കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിനിടെ
2023-24ല്‍ സംസ്ഥാനം ആകെ കടമെടുത്ത 2,61,358.70 കോടിയില്‍ 2,31,167.92 കോടി രൂപയും (88.45 ശതമാനം) ഉപയോഗിച്ചിരിക്കുന്നത് മുന്‍കാല വായ്പകളുടെ തിരിച്ചടവിനു വേണ്ടിയാണ്. മൂലധനച്ചെലവിനായി ഉപയോഗിച്ചിരിക്കുന്നത് വെറും 5.18 ശതമാനമാണ് (13,536.94 കോടി രൂപ). റവന്യൂ ചെലവുകള്‍ക്കായി 14,072.92 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2019-20 മുതല്‍ 2023-24 വരെ സര്‍ക്കാര്‍ കടമെടുക്കുന്ന തുകയുടെ 83 മുതല്‍ 88 ശതമാനം വരെ മുന്‍ വായ്പകളുടെ തിരിച്ചടവിനായി വിനിയോഗിക്കുകയാണെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ മൂലധനച്ചെലവ് 5-6 ശതമാനം മാത്രമാണ്. ഒന്നരലക്ഷം കോടിയോളം രൂപയുടെ പൊതുകടമാണ് സംസ്ഥാനം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടത്. അതില്‍ തന്നെ 99,082.42 കോടി അഞ്ചു വര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനവും (ജിഎസ്ഡിപി) കടവും തമ്മിലുള്ള താരതമ്യവും ആശങ്കപ്പെടുത്തുന്നതാണ്. 2023-24ല്‍ ഇത് 37.84 ശതമാനമാണ്. അനുപാതം സാമ്പത്തിക ലക്ഷ്യമായ 33.70 ശതമാനത്തേക്കാള്‍ അധികമാണെന്നും അത് സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്നതിന്റെ സൂചനയാണെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റവന്യു ചെലവ് 2023-24ല്‍ 1,42,626.34 കോടി രൂപയായി വര്‍ധിച്ചുവെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ 36.20 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
- Also Read ‘സ്വർണം കാണാതാകലാണ് ട്രെൻഡ്’; കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ സ്വർണം നഷ്ടമായി; മന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമില്ല
കടമെടുക്കുന്ന പണത്തിന്റെ വിനിയോഗത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ഓഫ് ബജറ്റ് കടമെടുപ്പുകളുടെ കാര്യത്തിലും സിഎജി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 2023-24 വര്‍ഷാന്ത്യ നീക്കയിരിപ്പ് അനുസരിച്ച് 32,942.14 കോടി രൂപയാണ് കിഫ്ബി, കെഎസ്എസ്പിഎല്ലും വഴി ബജറ്റിനു പുറത്തു എടുത്തിരിക്കുന്ന കടം. കിഫ്ബി വഴി എടുത്ത വായ്പയില്‍ തിരിച്ചടയ്ക്കാനുള്ളത് 20,041.52 കോടി രൂപയും കെഎസ്എസ്പിഎല്ലിന്റെ വായ്പ 12,900.62 കോടിയുമാണ്. കിഫ്ബി നടത്തുന്ന കടമെടുപ്പുകള്‍ കിഫ്ബിയുടെ ബാധ്യതകളാണെന്നും ഓഫ് ബജറ്റ് കടമെടുപ്പ് അല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും സര്‍ക്കാര്‍ എല്ലാ വര്‍ഷവും സ്വന്തം വരുമാനം ബജറ്റിലൂടെ കൈമാറി കിഫ്ബിയുടെ കടബാധ്യതകള്‍ തീര്‍ത്തുന്നതിനാലും സര്‍ക്കാര്‍വാദം സ്വീകാര്യമല്ലെന്നാണ് സിഎജി വ്യക്തമാക്കുന്നത്. കെഎസ്എസ്പിഎല്ലിന്റെ വായ്പകളിലും സിഎജി നിലപാട് സമാനമാണ്.
കടം മേടിച്ചാണ് ദൈനംദിന ചെലവുകള്‍ ഉള്‍പ്പെടെ നടത്തുന്നതെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും സാമ്പത്തിക വിദഗ്ധനായ ബി.എ.പ്രകാശ് പറഞ്ഞു. 2023-24ല്‍ റവന്യൂകമ്മി 11,000 കോടി രൂപയും ധനകമ്മി 34,000 കോടി രൂപയുമാണ്. ഓഫ് ബജറ്റ് കടമെടുപ്പ് 32,942 കോടി രൂപ കൂടി ആകുമ്പോള്‍ സാധാരണ ഗതിയില്‍ എടുക്കാവുന്ന കടത്തേക്കാള്‍ ഏറെ കൂടുതലാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാനല്ലാതെ ഒന്നിനും പണമില്ലാത്ത നിലയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഏറ്റവും മോശമായ നിലയിലാണുള്ളത്. അതു മറികടക്കണമെങ്കില്‍ ശക്തമായ നടപടികള്‍ വേണ്ടിവരും. എന്നാല്‍ ഒരു സര്‍ക്കാരും അതിനുള്ള നിലപാട് സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത സാഹചര്യത്തില്‍ ഒരു തരത്തിലും രക്ഷപ്പെടാന്‍ കഴിയാത്ത കടക്കെണിയിലേക്കു സംസ്ഥാനം വീഴുമെന്നും ബി.എ.പ്രകാശ് പറഞ്ഞു. English Summary:
The Impact of Off-Budget Borrowing on Kerala\“s Finances: Kerala\“s financial crisis is deepening due to excessive borrowing and misuse of funds, as highlighted in the recent CAG report. |
|