deltin33 • 2025-10-10 18:51:10 • views 791
കൊച്ചി ∙ ശബരിമലയിൽ സ്വർണപ്പാളി കാണാതായതിൽ അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
- Also Read ‘തുണിയുടുക്കാത്ത സിനിമാ താരം വന്നാൽ ഇടിച്ചുകയറും; ഇത്ര വായിനോക്കികളോ മലയാളികൾ?, സദാചാരം എന്നു പറഞ്ഞ് വരരുത്’
ഈ റിപ്പോർട്ട് സ്വർണക്കൊള്ള അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് ട്രെയിനിങ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
ശബരിമല ദേവസ്വം കമ്മിഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്ക്കു കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താൻ കാരണമായത്. പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കോടതി വിജിലൻസ് ഓഫിസർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് ഓഫിസർ നൽകിയ റിപ്പോർട്ടിലാണ് 2019ലും സ്വർണം പൂശാൻ ചെന്നൈയ്ക്ക് കൊണ്ടുപോയിരുന്നു എന്ന വിവരം വെളിപ്പെട്ടത്. ഇക്കാര്യം വിശദമായി പരിശോധിച്ച കോടതി, അന്നു കൊണ്ടുപോയ തൂക്കത്തേക്കാൾ നാലര കിലോയോളം കുറവാണ് ചെന്നൈയിൽ എത്തിയത് എന്നു കണ്ടെത്തിയിരുന്നു. മാത്രമല്ല, 39 ദിവസങ്ങൾക്കു ശേഷമാണ് സന്നിധാനത്തു നിന്ന് ഇവ ചെന്നൈയിലെത്തിച്ചതെന്നും കണ്ടെത്തി.
ഈ സമയത്താണ് താൻ സ്വർണം പൂശി തിരിച്ചേൽപ്പിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ പീഠം കാണാനില്ല എന്ന അവകാശവാദവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തു വന്നത്. ഇതോടെ ശബരിമലയുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂം വിജിലൻസ് ഓഫിസർ അരിച്ചുപെറുക്കി. എന്നാൽ പീഠം കണ്ടെത്താനായില്ല. ഒടുവിൽ ഇത് കണ്ടെത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ്. ഇതിനിടെ, മറ്റൊരു ദ്വാരപാലക ശിൽപ്പം കൂടി സ്ട്രോങ് റൂമിൽ ഉണ്ടെന്നും ഇത് നൽകിയാൽ സ്വർണം വേർതിരിച്ചെടുത്ത് ഉപയോഗിക്കാമെന്നും അങ്ങനെയെങ്കിൽ ചെലവു കുറയ്ക്കാമെന്നും കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി എഴുതിയ കത്തും കോടതി സംശയത്തോടെയാണ് കണ്ടത്. ഇക്കാര്യവും അന്വേഷിക്കാൻ കോടതി നിർദേശം നൽകി. അത്തരമൊരു ദ്വാരപാലക ശിൽപ്പം ഇല്ലെന്നായിരുന്നു വിജിലൻസ് ഓഫീസറുടെ കണ്ടെത്തൽ.
2019ൽ സ്വർണം പൂശാൻ കൊണ്ടുപോയ നടപടിക്രമങ്ങൾ വീണ്ടും പരിശോധിച്ച കോടതി കൂടുതൽ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 1998–99 വർഷത്തിൽ വിജയ് മല്യയുടെ കമ്പനി വാതിൽ കട്ടിള സ്വർണത്തിൽ പൊതിഞ്ഞപ്പോൾ ദ്വാരപാലക ശിൽപ്പങ്ങളും അത്തരത്തിൽ പൊതിഞ്ഞിരുന്നു എന്ന വിവരം പുറത്തു വന്നു. എന്നാൽ 2019ൽ ചെന്നൈയിലേക്ക് സ്വര്‍ണപ്പാളികൾ അഴിച്ചു കൊണ്ടുപോയപ്പോൾ ഇത് ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയത് എന്നും കണ്ടെത്തി. ഇതോടെ വലിയ തോതിലുള്ള ക്രമക്കേടു നടന്നിട്ടുണ്ട് എന്നും ഞെട്ടിക്കുന്നതാണ് ഇതെന്നും ചൂണ്ടിക്കാട്ടി കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളെ തീരുമാനിച്ചതും കോടതി തന്നെയാണ്. English Summary:
Sabarimala gold plating investigation report : Sabarimala gold plating investigation report submitted to the High Court, and will be handed over to SIT. The Devaswom vigilance team\“s report concerns the missing gold plating and subsequent investigation into the matter. |
|