പാലക്കാട്∙ കലുങ്ക് സംവാദം പരിപാടിയിൽ വിവാദ പരാമർശങ്ങൾ തുടർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ‘‘പാലക്കാടിനെ അന്ന പാത്രം എന്നു ഞാൻ പറഞ്ഞത് ചില നപുംസകങ്ങൾക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല’’ എന്നായിരുന്നു ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപി പറഞ്ഞത്.
- Also Read മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; വെള്ളിയാഴ്ചയും തുടരും
‘‘പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. പാവപ്പെട്ടവന്റെ മുന്നിൽ കഞ്ഞി പാത്രം മാത്രമേയുള്ളൂ കേരളമേ. സമ്പന്നവർഗം കൂടി മനസ്സിലാക്കിക്കോളൂ’’ –സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തവണ കിറ്റ് തന്നു നിങ്ങളെ പറ്റിച്ചെങ്കിൽ ഇത്തവണ കിറ്റുമായി വന്നാൽ അവന്റെയൊക്കെ മോന്തയ്ക്ക് വലിച്ചെറിയണം. ഇല്ലെങ്കിൽ നിങ്ങളെ ആർക്കും രക്ഷിക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
ഇത് പ്രജാരാജ്യമാണെന്നും മന്ത്രി പറഞ്ഞു. ‘‘പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. പ്രജകള്‍ വിരല്‍ചൂണ്ടി സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാന്‍ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ വ്യാഖ്യാനം മാത്രമാണ്’’ –സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, തൃശൂർ ഇരിങ്ങാലക്കുടയിലും പുള്ളിലും നടന്ന കലുങ്ക് സഭകളും വിവാദമായിരുന്നു. ഇരിങ്ങാലക്കുടയിൽ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയായിരുന്നു വിവാദമായത്. കരുവന്നൂർ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന് ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു. പുള്ളിലെ കലുങ്ക് സഭയിൽ വയോധികന്റെ അപേക്ഷ വാങ്ങാതെ മടക്കി അയച്ചതും വിവാദമായി. English Summary:
Suresh Gopi controversy: Suresh Gopi controversy sparks debate following controversial remarks during a Kalunk Samvadam event. The remarks made in Palakkad have ignited discussions about Kerala politics and free speech. |