വാഷിങ്ടൻ ∙ ഗാസയിലെ സമാധാന നീക്കം സഫലമാകുന്നതിന്റെ നേട്ടം കൈക്കലാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും നിതാന്ത ജാഗ്രതയിലായിരുന്നു. വൈറ്റ് ഹൗസിൽ കൺസർവേറ്റിവ് നേതാക്കളുമായുള്ള ട്രംപിന്റെ റൗണ്ട് ടേബിൾ പരിപാടി നടക്കുന്നതിനിടെ ഇതിനായി നടന്ന ആസൂത്രിത നീക്കങ്ങൾ ലോകം വീക്ഷിച്ചത് കൗതുകത്തോടെ. ട്രംപിന്റെ മധ്യപൂർവദേശ ഉപദേശകൻ ഖത്തറിന്റെ പ്രധാനമന്ത്രിക്കും ഇസ്രയേൽ, ഹമാസ് നേതാക്കൾക്കുമൊപ്പം സമാധാന ചർച്ച നടക്കുന്ന സമയത്തായിരുന്നു ഈ യോഗവും.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പലതവണ ട്രംപിന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. ട്രംപിന് ഒരു വാർത്ത നൽകാനുണ്ടെന്നും മാധ്യമങ്ങൾ പോയതിനു ശേഷമേ അതു പറയാനാകൂ എന്നും വ്യക്തമാക്കി. തുടർന്ന് റൂബിയോ ട്രംപിന്റെ അരികിലെത്തി കാതിൽ രഹസ്യം മന്ത്രിച്ചു. പിന്നെ കുറിപ്പ് കൈമാറി. ‘കരാർ ആദ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനുള്ള പോസ്റ്റ് തയ്യാറാണ്. അനുമതി നൽകണം’ എന്നതായിരുന്നു കുറിപ്പ്. ഒട്ടും ക്ഷമ കാണിക്കാതെ ട്രംപ് ഉടൻ പ്രഖ്യാപിച്ചു: ‘ഞങ്ങൾ മധ്യ പൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പോകുന്നു.’
ട്രംപ് ഈജിപ്തിലേക്ക്
ആവശ്യമെങ്കിൽ ഉടൻ ഈജിപ്തിലേക്കു പോകാൻ തയാറെടുക്കുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചു. കരാറിനു വളരെ അടുത്താണു ഞങ്ങൾ. നമ്മൾ കരാറിനു തൊട്ടടുത്താണ്. അവർക്കെന്നെ അവിടെ ആത്യാവശ്യമാണെന്നു പറയുന്നു. ബന്ദികൾ മോചിപ്പിക്കപ്പെടുന്നതിനു മുൻപോ തൊട്ടുപിന്നാലെയോ പോകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. English Summary:
Gaza Peace Agreement: Rubio\“s Secret Note Triggers Trump\“s Gaza Peace Agreement Announcement |