കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് മെഡിക്കൽ ഓഫിസർ ഡോ.ടി.പി.വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് നടത്തിയ സമരം പൂർണം. സംസ്ഥാന വ്യാപകമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെയും (കെജിഎംഒഎ) ഐഎംഎയുടെയും ആഹ്വാനത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിൽ ഒപി ബഹിഷ്കരണം. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.
- Also Read ‘ഡോക്ടർക്കെതിരായ വെട്ട് ആരോഗ്യ മന്ത്രിക്കും വകുപ്പിനും സമർപ്പിക്കുന്നു’, ചോദ്യം ചെയ്യലിനിടെ കുറ്റബോധമില്ലാതെ പ്രതി സനൂപ്
സമരവിവരം അറിയാതെ ദൂരദിക്കുകളിൽ നിന്നും മറ്റും കോഴിക്കോട് മെഡിക്കൽ കോളജിലും ബീച്ച് ആശുപത്രിയിലും എത്തിയ രോഗികൾ സമരത്തിൽ വലഞ്ഞു. വാർധക്യ സംബന്ധമായ രോഗത്തിലും മറ്റും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് സമരവിവരം അറിയാതെ ആശുപത്രികളിലെത്തി കാത്തിരുന്ന ശേഷം മടങ്ങിയത്. തെരുവുനായ കടിച്ച് പേവിഷത്തിനെതിരെ കൃത്യമായ ഇടവേളയിൽ കുത്തിവയ്പ്പ് എടുക്കാനെത്തിയവർക്കു പോലും ബീച്ച് ആശുപത്രിയിൽ സൗകര്യമൊരുക്കിയിട്ടില്ലെന്നും ആക്ഷേപമുയർന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടർ ആളൊഴിഞ്ഞ നിലയിൽ (ചിത്രം: മനോരമ)
‘താമരശ്ശേരി ആശുപത്രിയിലെ സുരക്ഷ കലക്ടർ ഉറപ്പാക്കണം’
ഡോക്ടർക്കെതിരെ ബുധനാഴ്ച ആക്രമണമുണ്ടായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ജില്ലാ കലക്ടർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ നേതാക്കൾ വ്യാഴാഴ്ച ജില്ലാ കലക്ടറെ കാണും. സുരക്ഷ ഉറപ്പാക്കാനായില്ലെങ്കിൽ താലൂക്ക് ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ പ്രതിഷേധ ധർണയ്ക്കു ശേഷമാകും നേതാക്കൾ കലക്ടറെ കാണുക.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
സമരം ചെയ്യുന്നത് പേടി കാരണം: ഡോ.കിരൺ
ജീവനിൽ ഭയമുള്ളതിനാലാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയതെന്ന് ബുധനാഴ്ച വെട്ടേറ്റ ഡോ.പി.ടി.വിപിന്റെ സഹപ്രവർത്തകനും കെജിഎംഒഎ താലൂക്ക് കൺവീനറുമായ ഡോ.കിരൺ. ‘‘ആശുപത്രിയിൽ വരാൻ ഭയമുണ്ട്. ലാബ് ടെക്നീഷ്യനുമായി ചർച്ചയ്ക്കിടെയാണ് ഡോ.വിപിന് വെട്ടേറ്റത്. ആഗോളതലത്തിൽ 95% വരെ മരണനിരക്കുള്ള അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത് മികച്ച രീതിയിൽ ചെറുത്തുനിർത്തുന്നതിനു പിന്നിൽ ആത്മാർഥതയോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഇടപെടലാണ് കാരണമെന്നത് പൊതുസമൂഹം മനസ്സിലാക്കണം. എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഔട്ട്പോസ്റ്റ് വേണമെന്നതാണ് പ്രധാന ആവശ്യം. ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്ന രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ മാനസികനില വിലയിരുത്താൻ ഡോക്ടർമാർക്കാവില്ല. അതിനാൽ തന്നെ ആശുപത്രികളിൽ നിരന്തര സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിന് നടപടിയുണ്ടാകണം.’’– ഡോ.കിരൺ വിശദീകരിച്ചു. English Summary:
Doctors Strike Paralyzes Kozhikode Hospitals After Violent Attack: Tamaraserry Taluk Hospital, government doctors in Kozhikode are on strike, leading to disruption of services and patient inconvenience. |