റോഡ് അപകടത്തെത്തുടർന്നു ഓർമശക്തി ഇല്ലാതായി, അരയ്ക്ക് കീഴ്പോട്ട് ചലന ശേഷിയും നഷ്ടപ്പെട്ടു. ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്ത് നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് വന്ന ഡോ. ആതിര സുഗതൻ ഇനി ഐഎഎസ് കൂടിയാണ്. കോഴിക്കോട് സ്വദേശിനിയായ ആതിര സിവിൽ സർവീസ് ഫലം വന്നപ്പോൾ 483–ാം റാങ്ക് നേടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്.
പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ആതിര സുഗതൻ. നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിൽ നാലാം ശ്രമത്തിലാണ് ആതിര സിവിൽ സർവീസ് എന്ന സ്വപ്നനേട്ടം കൈപ്പിടിയിലൊതുക്കിയത്. മലയാളം ഓപ്ഷണൽ ആയി എടുത്ത് മലയാളത്തിലാണ് ഇന്റർവ്യൂ നേരിട്ടത്.
കോവിഡ് കാലത്തെ സന്നദ്ധസേവനം
ബിഡിഎസ് ബിരുദധാരിയായ ആതിരയുടെ ജീവിതം മാറിമറിഞ്ഞത് കോവിഡ് കാലത്തെ സന്നദ്ധസേവനത്തിലൂടെയാണ്. ഭിന്നശേഷിക്കാർക്കായി നടത്തിയ പ്രവർത്തനങ്ങളിൽ വോളന്റിയർ സേവനം ചെയ്ത അനുഭവ പരിചയവും \“ചിത്രശലഭം\“ എന്ന പ്രോജക്റ്റും നൽകിയ കരുത്താണ് സോഷ്യൽ സർവീസിലേക്കും അവിടെനിന്ന് സിവിൽ സർവീസ് എന്ന സേവന മേഖലയിലേക്കും എത്താൻ പ്രചോദനമായതെന്ന് ആതിര മനോരമ ഓൺലൈനിനോട് പറഞ്ഞു.
4 മണിക്കൂർ മാത്രം ഉറക്കം
4 മണിക്കൂറോളം മാത്രം ഉറങ്ങിയും ബാക്കി സമയം പഠനത്തെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും ചിന്തിക്കാതെ പരിശ്രമിച്ചു. മൂന്ന് തവണയുണ്ടായ പരാജയങ്ങളുണ്ടായപ്പോഴും തളരാതെ ലക്ഷ്യം കാണും വരെ പോരാടിയ അനുഭവമാണ് വരാനിരിക്കുന്ന ഉദ്യോഗാർഥികൾക്കായി പങ്കുവയ്ക്കുന്നത്. ഏകാഗ്രമായ പഠനവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുമാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്ന് പറയുകയാണ് ആതിര സുഗതൻ. Dr. Athira Image: Special Arrangement
പ്രൊജക്റ്റ് ചിത്രശലഭം
ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച \“പ്രൊജക്റ്റ് ചിത്രശലഭം\“ എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലൂടെയാണ് ആതിര ഐഎഎസ് റാങ്ക് നേടിയത്. മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി സ്ഥാപകനുമായ ഡോ. ജോബിൻ എസ് കൊട്ടാരമാണ് പ്രൊജക്റ്റ് ചിത്രശലഭത്തിന്റെ ആസൂത്രകൻ.
അഞ്ചു വർഷങ്ങൾക്ക് മുൻപ് ഭിന്ന ശേഷിക്കാർക്കും സിവിൽ സർവീസ് പരീക്ഷയെഴുതാം എന്ന വിഡിയോ കണ്ട് ഡോ. ജോബിനെ ബന്ധപ്പെട്ടതാണ് ആതിരയുടെ ജീവിതത്തിലും വഴികാട്ടിയായത്. ഭിന്ന ശേഷിക്കാർക്കായി സിവിൽ സർവീസ് പഠനത്തിന് യാതൊരു പദ്ധതികളുമില്ലാതിരുന്ന സമയത്ത് ഡോ. ആതിരയെ ആദ്യത്തെ വിദ്യാർത്ഥിയായി ചേർത്താണ് പ്രൊജക്റ്റ് ചിത്ര ശലഭം ആരംഭിക്കുന്നത്. വീൽ ചെയറിൽ നിന്നു സിവിൽ സെർവിസിലെത്തിയ ഷെറിൻ ഷഹാനയെയും സെറെബ്രൽ പാൽസിയെ അതിജീവിച്ച് സിവിൽ സർവീസ് ഓഫീസറായി മാറിയ എകെ ശാരികയെയുമൊക്കെ അവരുടെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ സഹായിച്ചത് ചിത്ര ശലഭം പദ്ധതിയായിരുന്നു.
യുപിഎസ്‌സി മുൻ ഇന്റർവ്യൂ ബോർഡ് മെമ്പർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ റോയ് പോൾ, മുൻ ഡിജിപി ഋഷിരാജ് സിംഗ്, മുൻ വൈസ് ചാൻസിലറും, യുപിഎസ്‌സി ഇന്റർവ്യൂ ബോർഡ് എക്സ്പെർട്ട് മെമ്പർ ഡോ എം.സി. ദിലീപ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡോ ആതിരയ്ക്ക് ഇന്റർവ്യൂ പരിശീലനം ലഭിച്ചിരുന്നു. English Summary:
Dr. Athira, an IAS officer, defied her physical limitations to achieve her dream. Her journey from a wheelchair to civil services is an inspiration, showcasing how determination can overcome any obstacle. |