കോട്ടയം∙ 133 വർഷത്തെ ചരിത്രമുള്ള കോട്ടയം സെന്റ് ജോസഫ്‌സ് കോൺവെന്റ് സ്കൂളിൽ ഇത് അപൂർവ നിമിഷം. സ്കൂൾ സ്ഥാപിതമായ കാലം മുതൽ മിക്സഡ് സ്കൂളായിരുന്നിട്ടും ഇതാദ്യമായാണ് ഒരു ആൺകുട്ടി ഇവിടെ നിന്നു പത്താം ക്ലാസ് പൊതുപരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ആദിത്യനാണ് സെന്റ് ജോസഫ് കോളജിൽ നിന്ന് ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതുന്ന ആൺകുട്ടി.
ഈ വർഷം സ്കൂളിൽ നിന്ന് പരീക്ഷയെഴുതുന്ന 38 വിദ്യാർഥികളിൽ ഏക ആൺകുട്ടിയാണ് ആദിത്യൻ. 1890കളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും പത്താം ക്ലാസ് പരീക്ഷാ ഹാൾ ടിക്കറ്റ് കൈപ്പറ്റുന്ന ആദ്യ ആൺകുട്ടിയെന്ന ബഹുമതി ആദിത്യന് സ്വന്തമായി.
‘സ്കൂളിന്റെ 133 വർഷത്തെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണിത്. ഇത്രയും കാലം പെൺകുട്ടികൾ മാത്രം പത്താം ക്ലാസ് പരീക്ഷയെഴുതിയിരുന്ന ഈ വിദ്യാലയത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ തുടർച്ചയായി ആദിത്യൻ മാറിയിരിക്കുകയാണ്’, സ്കൂൾ ഹെഡ്മിസ്ട്രസ് സുമിന മോൾ.കെ.ജോൺ പ്രതികരിച്ചത്. 37 പെൺകുട്ടികൾക്കൊപ്പം ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക് നീങ്ങുന്ന ആദിത്യന് സ്കൂൾ അധികൃതരും പി.ടി.എയും സഹപാഠികളും ചേർന്ന് ആവേശകരമായ ആശംസകളാണ് നേരുന്നത്. English Summary:
Kottayam St. Joseph\“s Convent School has achieved a historic milestone, with Aditya becoming the first male student to appear for the SSLC examinations in its 133-year history. This event marks a significant shift for the formerly all-girls\“ graduating class, embracing inclusivity in its educational journey. |