കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളുടെ വസതികളിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. നടൻ ദുൽഖർ സൽമാന്റെ കടവന്ത്ര ഇളംകുളത്തുള്ള വീട്ടിൽ നടന്ന റെയ്ഡ് 13 മണിക്കൂറിനു ശേഷം രാത്രി എട്ടു മണിയോടെയാണ് അവസാനിച്ചത്. ദുൽഖറിനെ ഇ.ഡി വിളിച്ചുവരുത്തി മൊഴിയെടുത്തു. ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളുടെ വിവരങ്ങളാണ് ഇ.ഡി സംഘം തേടിയത് എന്നാണ് വിവരം. ദുൽഖറിനു പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. നേരത്തേ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയ 17 സ്ഥലങ്ങളിലാണ് ഇ.ഡിയും ഇന്ന് പരിശോധന നടത്തിയത്. അതിനിടെ, കേസിൽ കൂടുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
- Also Read ദുൽഖറിനെ ചെന്നൈയിൽ നിന്നു വിളിച്ചുവരുത്തി ഇ.ഡി; വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരം തേടി, ‘ഫെമ’ ലംഘനവും പരിശോധിക്കുന്നു
കസ്റ്റംസിനു പിന്നാലെ ഇഡിയും ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ആദായനികുതി വകുപ്പും വൈകാതെ പരിശോധനകൾ നടത്തിയേക്കും. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാവും കേസിൽ എൻഐഎ, സിബിഐ തുടങ്ങിയവയുടെ അന്വേഷണം ഉണ്ടാകുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുക. അങ്ങനെയെങ്കിൽ വാഹന ഇടപാടുമായി ബന്ധപ്പെട്ടുള്ള പണമിടപാടിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടോ എന്ന അന്വേഷണം എൻഐഎ ആയിരിക്കും നടത്തുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സൈന്യം, യുഎസ്, യുകെ എംബസികൾ തുടങ്ങിയവയുടെ രേഖകൾ വ്യാജമായി നിർമിച്ച് വാഹന ഇടപാട് നടത്തിയെന്ന് തെളിഞ്ഞാൽ അത് സിബിഐ അന്വേഷിക്കും. എന്തായാലും ഭൂട്ടാൻ വാഹന ഇടപാടിലെ അന്വേഷണം ഉടൻ അവസാനിച്ചേക്കില്ല എന്ന സൂചനകളാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്നത്.
- Also Read കയ്യിലിരിക്കുന്ന പണം മ്യൂച്വൽ ഫണ്ടിൽ ഇട്ടാൽ ഇരട്ടിക്കുമോ? പ്രവാസികൾക്കുണ്ട് ഈ മികച്ച പ്ലാനുകൾ; നികുതിയിൽ റീഫണ്ടും
കേസിൽ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ ഭാഷ്യം. ദുൽഖറിൽ നിന്ന് കസ്റ്റംസ് നേരത്തെ പിടിച്ചെടുത്ത 3 കാറുകളുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി സംഘം പരിശോധിച്ചത് എന്നാണ് സൂചനകൾ. ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ ഡിഫൻഡർ, ഒരു നിസാൻ പട്രോള്‍ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിലെ 2004 മോഡൽ ഡിഫൻഡർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. ദുൽഖറിനു വാഹനം വിട്ടു കൊടുക്കുന്ന കാര്യം പരിഗണിക്കാന്‍ കസ്റ്റംസിനോടും ഇതിനായി അപേക്ഷ നൽകാൻ ദുൽഖറിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിറ്റേന്നാണ് ഇ.ഡി റെയ്ഡ് നടന്നത്. രാവിലെ ഏഴുമണിയോടെ എത്തിയ ഇ.ഡി സംഘം ദുൽഖറിന്റെ ഇളംകുളത്തുള്ള വീട്ടിലും പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലുമാണ് പരിശോധന നടത്തിയത്. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്ന പഴക്കം ചെന്ന ആഡംബര കാറുകൾ ഉയർന്ന വിലയ്ക്ക് സെലിബ്രിറ്റികൾക്ക് അടക്കം നൽകുന്ന സംഘത്തെക്കുറിച്ചാണ് അന്വേഷണം എന്നാണ് കസ്റ്റംസും ഇ.ഡിയും പറയുന്നത്. English Summary:
Bhutan Car Smuggling: Bhutan car smuggling case is currently under intensive investigation by multiple central agencies after ED raids. The Enforcement Directorate\“s raid on actor Dulquer Salmaan\“s residence and others has concluded. The case involves suspected violations of the Foreign Exchange Management Act (FEMA) and potential national security implications. |