മാനന്തവാടി∙ അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കൽ കോളജിൽ ഫോർ-കെ ത്രീഡി ലാപ്രോസ്കോപിക് സർജറി സംവിധാനം പ്രവർത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയിൽ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷിൻ ആശുപത്രിയിലെത്തിച്ചത്. നൂതന സാങ്കേതിക വിദ്യയിലൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം കൃത്യതയോടെ ലഭിക്കും. സാധാരണ ലാപ്രോസ്കോപിക് ശസ്ത്രക്രിയകളിൽ ടിവി സ്‌ക്രീനിലൂടെ ടുഡി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ശരീരത്തിനകത്തെ അതിസൂക്ഷ്മമായ രക്തക്കുഴൽ, നാഡീവ്യൂഹങ്ങൾ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. ലാപ്രോസ്കോപിക് സംവിധാനം പ്രവർത്തന സജ്ജമാക്കുന്നതോടെ ഒരേസമയം കൂടുതൽ രോഗികൾക്ക് നിലവാരമുള്ള ചികിത്സ നൽകാൻ സാധിക്കും.
ഉയർന്ന റസല്യുഷനുള്ള ത്രീഡി ദൃശ്യങ്ങൾ ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കും. ശരീരത്തിനകത്തെ സൂക്ഷ്മ ഘടനകൾ വ്യക്തമായി കാണുന്നതിന് സങ്കീർണമായ ശസ്ത്രക്രിയകൾ ലളിതവും സുരക്ഷിതവുമായി പൂർത്തിയാക്കാൻ സാധിക്കും. രക്തക്കുഴലുകൾ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നതിനാൽ ശസ്ത്രക്രിയക്കിടെ രക്തനഷ്ടം കുറയ്ക്കാനും കഴിയും. ചെറു മുറിവുകളായി ശാസ്ത്രക്രിയ നടത്തുന്നതിനാൽ വേദന കുറയാനും രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിച്ച് ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. വലിയ കീറലുകൾ ഇല്ലാത്തതിനാൽ അണുബാധ സാധ്യതകൾ കുറയും. അർബുദ സംബന്ധമായ ശസ്ത്രക്രിയകൾ, ഗൈനക്കോളജി, യൂറോളജി വിഭാഗങ്ങളിലെ സങ്കീർണ ശസ്ത്രക്രിയകൾക്ക് സംവിധാനം ഏറെ ഫലപ്രദമാണ്. English Summary:
4K 3D laparoscopic surgery is now operational at Wayanad Medical College, providing high-precision, minimally invasive procedures. This advanced system ensures less pain for patients, reduced blood loss, and a significantly quicker recovery time. |
|