കൊച്ചി∙ പൊതുജനങ്ങൾക്കും കൊച്ചി നഗരസഭയിലെ ജീവനക്കാർക്കും മിതമായ നിരക്കിൽ മെച്ചപ്പെട്ട ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ എറണാകുളം മറൈൻഡ്രൈവിന് സമീപമുള്ള കൊച്ചിൻ കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിൽ സമൃദ്ധി@കൊച്ചിയുടെ പ്രവർത്തനോദ്ഘാടനം കൊച്ചി മേയർ മിനിമോൾ.വി.കെ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ക്ഷേമകാര്യ ചെയർമാൻ ആന്റണി പൈനുതറ എന്നിവർ ചേർന്ന് സമൃദ്ധിയിലെ ആദ്യ ഫുഡ് സെയിൽ നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ കോർപ്പറേഷന്റെ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലും രണ്ടാമത്തെ നിലയിലുമായി ടീ-സ്നാക്ക്സ് കഫെറ്റീരിയ കൗണ്ടറുകൾ തുറക്കും.
മറൈൻഡ്രൈവ് വാക്ക് വെയോട് ചേർന്ന് ആധുനിക രീതിയിൽ സജ്ജീകരിച്ച സമൃദ്ധിയുടെ ഒരു ഫുഡ് ഹബ്ബും ആരംഭിക്കുമെന്നും മേയർ അറിയിച്ചു. കോർപ്പറേഷന്റെ പഴയ കെട്ടിടത്തിൽ ക്യാന്റീൻ പ്രവർത്തിപ്പിച്ചിരുന്നതിന് സമാനമായി പുതിയ കെട്ടിടത്തിലെയും ഫുഡ് കാന്റീൻന്റെ നടത്തിപ്പ് ചുമതല കോർപ്പറേഷൻ സ്റ്റാഫ് കാന്റീൻ സൊസൈറ്റിക്ക് ആണെന്നും മേയർ അറിയിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.അഷ്റഫ്, ഷാകൃത, സീന ടീച്ചർ, നസീമ, കെ.എ.മനാഫ്, ജിസ്മി, കൗൺസിലർമാരായ എം.ജി.അരിസ്റ്റോട്ടിൽ, ഹെൻറി ഓസ്റ്റീൻ തുടങ്ങിവർ പ്രസംഗിച്ചു. English Summary:
Samridhi@Kochi affordable food initiative was launched at the new Cochin Corporation headquarters to provide quality meals at low rates. The project will also soon expand with a modern food hub adjacent to the popular Marine Drive walkway. |
|