തിരുവനന്തപുരം ∙ അഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തുന്നതു ഖേദകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്‌പെഷല്‍ കമ്മിഷണര്‍ ൈഹക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരവ്-ചെലവ് കണക്കിലെ പൊരുത്തക്കേടുകള്‍ വന്‍ വിവാദമായതിനു പിന്നാലെയാണു വിശദീകരണങ്ങള്‍ അക്കമിട്ടു നിരത്തി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
What you should read next
- ‘കണക്കിന്റെ വിഷയം കനൽ പോലെ എരിയേണ്ട: 3 കോടി തിരികെ കിട്ടി; ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകള്‍’ Latest News
മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിന്റെ കട്ടില്‍ അവാസ്തവം
മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചു എന്ന പരാമര്‍ശം ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ, സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ ഇല്ല. അങ്ങനെ ഒരു വാര്‍ത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണെന്നും ബോര്‍ഡ് പറയുന്നു. കേന്ദ്ര മന്ത്രിമാരും ന്യായാധിപന്മാരും ഉള്‍പ്പെടെ എത്തുന്ന പമ്പയിലെ ഗെസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടില്‍ വാങ്ങിയെന്ന തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും ബോര്‍ഡ് അറിയിച്ചു. പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകള്‍ സംബന്ധിച്ച് നവംബര്‍ 4ന് ദേവസ്വം കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്‌പെഷല്‍ കമ്മിഷണര്‍ക്കു നല്‍കിയിരുന്നു. അതില്‍ ഗെസ്റ്റ് ഹൗസിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 3,83,439 രൂപ വകയിരുത്തിയതാണ്. ദേവസ്വം ബോര്‍ഡിന്റെ ഗെസ്റ്റ് ഹൗസിലേക്കു വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ചതെന്നും ബോര്‍ഡ് വ്യക്തമാക്കി.
നന്ദഗോവിന്ദം ഭജന്‍സ്
ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തില്‍ ഒരു ഭജന്‍ അവതരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് സംഘത്തെ സമീപിച്ചെങ്കിലും അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്നു പ്രശസ്ത സംഗീതജ്ഞനായ ഇഷാന്‍ ദേവിനെ സമീപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 25ലധികം കലാകാരന്മാരും പത്തിലധികം ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 35 പേര്‍ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്. നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിനു തുക നല്‍കിയതായി ബോര്‍ഡിന്റെ ഓഡിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പിശകാണ്. അങ്ങനെ തുക നല്‍കിയിരുന്നുവെങ്കില്‍ വൗച്ചര്‍ അല്ലെങ്കില്‍ ബാങ്ക് ഇടപാട് രേഖകള്‍ ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ തുക നല്‍കിയത് ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനു സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ADVERTISEMENT Go AD-FREE
ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി
വളരെ പരിമിതമായ സമയത്തിലാണ് ദേവസ്വം ബോര്‍ഡ് ഈ പരിപാടി ഏറ്റെടുത്തത്. ആ സാഹചര്യത്തിൽ എല്ലാ തലങ്ങളിലും സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും സംഗമം വിജയിപ്പിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച പരിചയവും കിഫ്ബി എംപാനല്‍ അംഗീകാരവും ഉള്ള, തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ഡെവലപ്പ്‌മെന്റിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷനെ ദേവസ്വം ബോര്‍ഡ് ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായി നിയമിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിക്കാന്‍ വൈകുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍, 5 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിനായി ധനലക്ഷ്മി ബാങ്കില്‍ ആരംഭിച്ച പ്രത്യേക സേവിങ്സ് അക്കൗണ്ടിലേക്കു നിക്ഷേപിച്ചു. ആ അക്കൗണ്ടില്‍നിന്ന് 3 കോടി രൂപ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിക്ക് അഡ്വാന്‍സായി നല്‍കി. കൂടാതെ താമസസൗകര്യങ്ങള്‍ക്കായി വിവിധ ഹോട്ടലുകള്‍ക്ക് 12,76,440 രൂപയും, ജിഎസ്ടി ഇനത്തില്‍ 15,25,424 രൂപയും നല്‍കി.
സ്‌പോണ്‍സര്‍ഷിപ്പ് തുക
വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല. എന്നാല്‍ ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടിയാണ്:
1. ധനലക്ഷ്മി ബാങ്ക് - ജിഎസ്ടി ഒഴികെ 2 കോടി രൂപ ADVERTISEMENT Go AD-FREE
2. കേരള ബാങ്ക് - ജിഎസ്ടി ഉള്‍പ്പെടുത്തി 1 കോടി രൂപ
ഇതിനു പുറമെ, അദാനി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലഭിച്ച മൂന്നു കോടി രൂപ ഒക്‌ടോബര്‍ 17ന് ദേവസ്വം ബോര്‍ഡ് ജനറല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. അതിലൂടെ അഡ്വാന്‍സായി നല്‍കിയ കോര്‍പ്പസ് ഫണ്ട് തിരിച്ചെത്തിയിട്ടുണ്ട്. പ്രത്യേക അക്കൗണ്ടില്‍ പലിശ ഉള്‍പ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നു. ആ സാഹചര്യത്തില്‍ ദേവസ്വം ഫണ്ടില്‍നിന്ന് എടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.
സംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് വിഭാഗം പരിശോധിച്ച് സ്‌പെഷല്‍ കമ്മിഷണര്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍, ഇന്‍വോയിസുകള്‍, ബില്ലുകള്‍, കരാര്‍ രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിജയന്‍ ആന്‍ഡ് അസോസിയേറ്റ്‌സിന് ഓഡിറ്റിനായി കൈമാറി. ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി സമര്‍പ്പിച്ച ബില്ലുകളും ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള ചെലവുകളും ഉള്‍പ്പെടുത്തി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കി സ്‌പെഷല്‍ കമ്മിഷണര്‍ മുമ്പാകെ സമര്‍പ്പിക്കുകയായിരുന്നു. ബോര്‍ഡ് യോഗം പരിഗണിക്കുന്നതിനു മുമ്പ് തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നതിനാല്‍, നന്ദഗോവിന്ദം ഭജന്‍സ് സംബന്ധിച്ച തെറ്റുകള്‍ പോലുള്ള ചില പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടുണ്ട്.
ഭക്ഷണവുമായി ബന്ധപ്പെട്ട ആരോപണം ADVERTISEMENT GO AD-FREE
സംഗമം അവസാനിച്ച ദിവസം കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തുവെന്ന ആരോപണവും സത്യവിരുദ്ധമാണെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിവയായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതോടൊപ്പം, ഭക്ഷണത്തില്‍ യാതൊരു വിവേചനവും ഉണ്ടാകരുതെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തര്‍, ദിവസവേതന തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങി പമ്പയിലെ ഭക്ഷണശാലയില്‍ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.
കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ വിശദപരിശോധനയ്ക്കുമുമ്പ് സമര്‍പ്പിക്കേണ്ടി വന്നത്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഈ മാസം 17 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
JUST IN
-
8 MINUTES AGO ആര്‍ആര്‍ടിഎസ് റെയില്‍ പദ്ധതി; ‘പരിഗണിക്കണം’: കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി Latest News
-
13 MINUTES AGO മുഖ്യമന്ത്രിക്കല്ല, ആ കട്ടിൽ ഗെസ്റ്റ് ഹൗസിലേക്ക്; അദാനി ഒരു കോടി വാഗ്ദാനം ചെയ്തു: ദേവസ്വം ബോർഡ് Latest News
-
27 MINUTES AGO വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്തെ ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു Alappuzha
VIEW MORE
English Summary:
Agola Ayyappa Sangamam audit report: The Travancore Devaswom Board has stated that it is regrettable that a false campaign is being conducted regarding the audit report of the Agola Ayyappa Sangamam. |
|