കൊൽക്കത്ത ∙ ബംഗാളിലെ പ്രമുഖ ഇടതു നേതാവ് സമീർ പുതതുണ്ട (74) അന്തരിച്ചു. സിപിഎം നേതാവായിരുന്ന പുതതുണ്ട പിന്നീട് പാർട്ടി വിടുകയും 2001 ൽ സെയ്ഫുദീൻ ചൗധരിക്കൊപ്പം പാർട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസം (പിഡിഎസ്) സ്ഥാപിക്കുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ വലംകൈയായിരുന്ന സമീർ സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷകപ്രക്ഷോഭങ്ങളിൽ മമതാ ബാനർജിക്കൊപ്പം പങ്കെടുത്തു. സമീറിന്റെ സംഘാടനപാടവമാണ് കർഷകപ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുന്നതിൽ നിർണായകമായത്. ബംഗാളിലെ 34 വർഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിക്കുന്നതിലും മമതാ ബാനർജിയുടെ രാഷ്ട്രീയ ഉദയത്തിലും ഈ കർഷകപ്രക്ഷോഭങ്ങളാണ് വലിയ പങ്കു വഹിച്ചത്. നക്സൽ പ്രസ്ഥാനങ്ങളുമായി സംഘർഷമുണ്ടായ 1972 ൽ വെടിയേറ്റ സമീർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
സിദ്ധാർഥ ശങ്കർ റേയുടെ പൊലീസിനെതിരെ തെരുവുകളിൽ വിദ്യാർഥികളെ അണിനിരത്തി സമീർ അടക്കമുള്ള നേതാക്കൾ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലം കൂടിയായിരുന്നു ബംഗാളിലെ സിപിഎം ഭരണം. പഠനകാലം തൊട്ട് ജ്യോതി ബസുവുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. ജ്യോതിബസു മൽസരിക്കുമ്പോഴെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായും പ്രവർത്തിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സിപിഎമ്മിന്റെ നെടുങ്കോട്ടയായിരുന്ന സൗത്ത് 24 പർഗാനാസിലെ പാർട്ടി ജില്ലാ സെക്രട്ടറിയുമായിരുന്നു. ജ്യോതിബസുവിനൊപ്പം സമീർ പുതതുണ്ട
ജ്യോതിബസു പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തിനെതിരേ സമീർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു. 2001 ൽ ആശയപരമായ വ്യത്യാസം മൂലം സെയ്ഫുദ്ദീൻ ചൗധരിക്കൊപ്പം പാർട്ടി വിട്ട് പാർട്ടി ഓഫ് ഡമോക്രാറ്റിക് സോഷ്യലിസം (പിഡിഎസ്) രൂപീകരിച്ചു. ജാദവ്പുർ അസംബ്ലി മണ്ഡലത്തിൽ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കെതിരേ മൽസരിച്ചെങ്കിലും തോറ്റു.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
സിദ്ധാർഥ ശങ്കർ റേയുടെ കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കരുത്തുനൽകിയ സമീർ പുതതുണ്ടയ്ക്ക് നായകപരിവേഷമാണ് ഉണ്ടായിരുന്നതെന്ന് 50 വർഷത്തോളം അദ്ദേഹവുമായി അടുപ്പം സൂക്ഷിച്ചിരുന്ന സിഎംപി നേതാവ് സി.പി.ജോൺ പറഞ്ഞു. വിലാപറാലിയിൽ പങ്കെടുക്കുന്നതിനായി സി.പി.ജോൺ കൊൽക്കത്തയിൽ എത്തിയിരുന്നു. 60 വർഷക്കാലം ബംഗാൾ രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന സമീർ സിപിഎമ്മിന്റെ ഏറ്റവും വലിയ പ്രതിസന്ധികാലത്ത് തെരുവുകളിൽ നിന്ന് പൊരുതുകയായിരുന്നു.സിപിഐ എംഎലുമായി നിരവധി സായുധസംഘർഷങ്ങൾ ഉണ്ടായകാലത്ത് സിപിഎം ഉണ്ടാക്കിയ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് സമീർ ആയിരുന്നു . സിപിഎമ്മിന്റെ കർക്കശരീതികൾ പിന്തുടർന്നിരുന്ന സമീർ, തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കായി പാർട്ടി വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സിപി ജോൺ പറഞ്ഞു. സിംഗൂർ-നന്ദിഗ്രാം രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്നതിൽ മമത ബാനർജിക്കൊപ്പം സമീർ ഉണ്ടായിരുന്നു. സമീർ പുതതുണ്ടയുടെ ഭൗതികശരീരത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്ന സി.പി.ജോൺ.
രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ആൻഡ് ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ദേശീയ വർക്കിങ് പ്രസിഡന്റായിരുന്നു സമീർ. പിഡിഎസിന്റെ ഇപ്പോഴത്തെ സെക്രട്ടറിയും മുൻ എം എൽഎയുമായ അനുരാധയാണ് ഭാര്യ. മൃതദേഹം കൊൽക്കത്ത പിജി മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകി.
ഒരു കാലത്ത് ഇടത് രാഷ്ട്രീയത്തിന്റെ ശക്തനായ നേതാവായിരുന്നു സമീർ എന്നും സ്വന്തം ഒരാൾ നഷ്ടപ്പെട്ട വേദനയാണ് തനിക്കുള്ളതെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സിംഗൂരിലും നന്ദിഗ്രാമിലും ഒന്നിച്ചു പ്രവർത്തിച്ചതും മമത ഓർമിച്ചു. English Summary:
Life and Political Career of Sameer Putatunda: He was known for his involvement in farmer protests and his association with Jyoti Basu. His demise marks the end of an era in West Bengal politics.