മലപ്പുറം ∙ കേരളത്തിൽ തയാറാക്കാൻ ഏറ്റവും എളുപ്പമുള്ള രാഷ്ട്രീയ ഭൂപടം മലപ്പുറം ജില്ലയുടേതാണ്. പച്ചക്കടലാസിലേക്ക് ഏതാനും ചുവപ്പുമഷിത്തുള്ളികൾ കുടഞ്ഞാൽ ജില്ലയുടെ രാഷ്ട്രീയ ചിത്രമായി.
Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’
16 നിയമസഭാ സീറ്റുകളിൽ 13 എണ്ണം, 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 27 ഡിവിഷൻ, 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 എണ്ണം, 12 ൽ 9 നഗരസഭകൾ, 94 ൽ 70 ഗ്രാമപഞ്ചായത്തുകൾ. കണക്കെടുത്താൽ മലപ്പുറത്തിന്റെ വലതു ചായ്‌വ് തെളിഞ്ഞു നിൽക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ബ്രസീലും ഇന്ത്യയും കളിക്കുന്ന ഫുട്ബോൾ മത്സരം പോലെ ഫലം നേരത്തേ കുറിച്ചുവയ്ക്കാവുന്നതല്ല ജില്ലയിലെ തിരഞ്ഞെടുപ്പു പോരാട്ടം. രാഷ്ട്രീയത്തിനപ്പുറത്തേക്കു നീളുന്ന ചില സമവാക്യങ്ങൾ പല തദ്ദേശ സ്ഥാപനങ്ങളിലും പോര് കടുപ്പിക്കുന്നു.
Also Read ഇ.പിയുടെ പുസ്തകം വായിക്കട്ടെ, മറുപടി തിരഞ്ഞെടുപ്പ് കഴിഞ്ഞ്; സ്വർണപ്പാളി കേസിൽപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ല : പി.ജയരാജൻ
മുസ്‌ലിം ലീഗിന്റെ കോണിയുടെ ഉറപ്പാണു ജില്ലയിലെ യുഡിഎഫ് വിജയങ്ങളുടെ അടിത്തറ. അടവുനയവും വിചിത്ര സഖ്യങ്ങളുമായി അതിന്റെ ബാലൻസ് തെറ്റിക്കാൻ ഇടതുപക്ഷം പലവട്ടം ശ്രമിച്ചു. അപൂർവം സന്ദർഭങ്ങളിൽ ചെറുതായൊന്ന് ഇളകിയെങ്കിലും പൂർവാധികം ശക്തിയോടെ അതു വീണ്ടും ഉറച്ചു. രാഷ്ട്രീയ സാഹചര്യം പൂർണമായും അനുകൂലമെന്നു കരുതുന്ന യുഡിഎഫ് മിന്നുന്ന വിജയമാണു ലക്ഷ്യമിടുന്നത്.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ആ ആത്മവിശ്വാസത്തിന് ബൂസ്റ്റർ ഡോസ് ആയി. കോൺഗ്രസ്–ലീഗ് മൂപ്പിളമത്തർക്കം പുതുമയല്ലാത്ത ജില്ലയിൽ ഇത്തവണ പ്രശ്നങ്ങൾ താരതമ്യേന കുറവാണ്. മന്ത്രി വി.അബ്ദുറഹിമാന്റെ താനൂർ മണ്ഡലത്തിലുൾപ്പെടുന്ന പൊന്മുണ്ടം പഞ്ചായത്തിൽ ഇത്തവണ ലീഗിനെതിരെ കോൺഗ്രസും സിപിഎമ്മും ജനകീയ മുന്നണിയുടെ ബാനറിൽ മത്സരിക്കുന്നു.
തിരൂരങ്ങാടി മണ്ഡലത്തിലെ പെരുമണ്ണ ക്ലാരിയിൽ ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുന്നു. പലയിടങ്ങളിലും വിമത ശല്യമുണ്ടെങ്കിലും അന്തിമ ഫലത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണു യുഡിഎഫ് കേന്ദ്രങ്ങൾ. ശബരിമല സ്വർണക്കൊള്ളയും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയവും മുതൽ ഒരു ഇംഗ്ലിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി മലപ്പുറവുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശംവരെ യുഡിഎഫ് ആയുധമാക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തന്നെയാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. ഇരുപതോളം പഞ്ചായത്തുകളിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫുണ്ടാക്കിയ നീക്കുപോക്ക് നിരന്തരം ഉയർത്തുന്നതിലൂടെ സിപിഎമ്മിനു ലക്ഷ്യങ്ങൾ പലതാണ്.
ജമാഅത്തെ ഇസ്‌ലാമിയോട് ഇരുവിഭാഗം സമസ്തകൾക്കുമുള്ള ആശയഭിന്നത മുതലെടുക്കുകയെന്നതാണ് അതിലൊന്ന്. ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ തുടരുന്ന തർക്കത്തിലും ഇടതുപക്ഷം പ്രതീക്ഷ വയ്ക്കുന്നു. പകുതിയോളം സീറ്റുകളിൽ സ്ഥാനാർഥികളില്ലാത്ത ബിജെപി സ്വാധീന മേഖലകളിൽ ശ്രദ്ധയൂന്നുന്ന തന്ത്രമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പി.വി.അൻവർ ഇത്തവണ യുഡിഎഫിന്റെ വിളി കാതോർത്തിരിക്കുകയാണ്. ഔദ്യോഗിക സഖ്യമില്ലെങ്കിലും പല പഞ്ചായത്തുകളിലും തൃണമൂൽ യുഡിഎഫുമായി സഹകരിക്കുന്നു. ‘അൻവർ ഇഫക്ടിൽ’ കഴിഞ്ഞതവണ ഇടതുപക്ഷം നേട്ടമുണ്ടാക്കിയ നിലമ്പൂർ മേഖലയിലെ ഫലം രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. English Summary:
Malappuram Political Landscape: The political landscape of Malappuram is traditionally inclined towards the UDF, heavily influenced by the Muslim League. Despite this, the upcoming elections present a complex scenario with various alliances and strategies aimed at challenging the established political dominance.