search

ന്യായസമയം അന്യായമായാൽ

cy520520 Yesterday 11:19 views 108
  



നിയമനിർമാണസഭകളുടെ ദൗത്യം സുഗമമായി നിർവഹിക്കപ്പെടേണ്ടതാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. എന്നാൽ, ജനാധിപത്യത്തെയും ഫെഡറലിസത്തെയും ചോദ്യംചെയ്യുന്ന ചില സംഭവങ്ങൾ സമീപകാലത്തു പല സംസ്ഥാനങ്ങളിലുമുണ്ടായി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തുടർനടപടിക്കു രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാൻ കോടതിക്കു കഴിയില്ലെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത് അതുകെ‍ാണ്ടുതന്നെ രാഷ്ട്രീയ – പെ‍ാതുസമൂഹ തലങ്ങളിൽ തുടർചർച്ചയ്ക്കു കാരണമായിരിക്കുകയാണ്.

പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾക്കു താൽപര്യമില്ലാത്ത നിയമനിർമാണങ്ങൾക്കു തടയിടാൻ കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ റഫറൻസിലെ കോടതിയുടെ മറുപടി ആയുധമാക്കിയേക്കുമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു.

ഗവർണർ അകാരണമായി തീരുമാനം വൈകിച്ചാൽ കോടതിക്കു പരിമിതമായി ഇടപെടാമെന്നും ന്യായമായ സമയത്തിനുള്ളിൽ തീരുമാനമെടുക്കാൻ നിർദേശിക്കാമെന്നും രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടതും ശ്രദ്ധേയം. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ തീരുമാനം മൂന്നു മാസത്തിലേറെ വൈകിയാൽ ബില്ലുകൾക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കാമെന്ന തമിഴ്നാട് കേസിലെ വിധി ഭരണഘടനാനുസൃതമല്ലെന്നു തീർപ്പാക്കിയതിനൊപ്പമാണ് കോടതി ഇതുകൂടി വ്യക്തമാക്കിയത്.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തമിഴ്നാട് കേസിൽ ഇക്കൊല്ലം ഏപ്രിലിൽ‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചു നൽകിയ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ റഫറൻസ്. ഗവർണർക്കെന്നപോലെ രാഷ്ട്രപതിക്കും ബില്ലുകളുടെ കാര്യത്തിൽ വീറ്റോ അധികാരമില്ലെന്നും മൂന്നുമാസ സമയപരിധി ബാധകമാണെന്നുമാണ് ഏപ്രിലിൽ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.  

തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനെന്നു പറഞ്ഞ് ഗവർണർ ദീർഘനാൾ മാറ്റിവച്ചതും വീണ്ടും പാസാക്കിയപ്പോൾ അംഗീകാരം നൽകാതിരുന്നതും നിയമവിരുദ്ധവും തെറ്റുമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആ വിധി. അതിനെതിരെ പുനഃപരിശോധനാ ഹർജിക്കു താൽപര്യപ്പെടാതെയാണ് കേന്ദ്രം രാഷ്ട്രപതിയുടെ റഫറൻസ് എന്ന ഉപായം സ്വീകരിച്ചത്.

രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കപ്പെട്ടപ്പോൾ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെട്ട ചേരിതിരിഞ്ഞ രാഷ്ട്രീയവിഷയമായി അതു മാറിയതു സ്വാഭാവികം. കേന്ദ്രസർക്കാരും എൻഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഒരുവശത്തും ഇതരസംസ്ഥാനങ്ങൾ മറുവശത്തുമായുള്ള രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള മറുപടികൂടിയാണ് സുപ്രീം കോടതിയിൽനിന്നുണ്ടായത്. രണ്ടു ഭരണഘടനാപദവികളുടെ നടപടിക്കു സമയപരിധി വച്ചതു തെറ്റാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾത്തന്നെ, ഗവർ‍ണർമാർ അകാരണമായി ബില്ലുകൾ വച്ചുതാമസിപ്പിക്കാൻ പാടില്ലെന്നു വീണ്ടും വ്യക്തമാക്കുകകൂടിയാണ് സുപ്രീം കോടതി ചെയ്തത്. ഒപ്പം, ഭരണഘടനാപരമായ മറ്റ് അധികാരസ്ഥാപനങ്ങളിൽ ജുഡീഷ്യറി കടന്നുകയറുന്നതിനെതിരെയും കോടതിയുടെ അഭിപ്രായപ്രകടനമുണ്ടായി.

കേന്ദ്രം ഭരിക്കുന്നവർക്കുവേണ്ടി നിലകെ‍ാള്ളുന്ന പല ഗവർണർമാരെയും രാജ്യം കണ്ടിട്ടുണ്ട് എന്നതുകെ‍ാണ്ടുതന്നെ ഇപ്പോൾ സുപ്രീം കോടതി പറഞ്ഞ മറുപടികൾകൊണ്ട് അവസാനിക്കുന്നതല്ല ബില്ലുകളെച്ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കമെന്നു തീർച്ച. കോടതിക്കു പരിമിതമായി ഇടപെടാമെന്നു പറയുമ്പോൾ, ഒരുപരിധിവരെ സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണ് കോടതിയുടെ നിലപാടെന്നു വ്യാഖ്യാനിക്കാം.  

പക്ഷേ, ‘ന്യായമായ സമയം’ എങ്ങനെ കണക്കാക്കുമെന്ന പ്രശ്നം ബാക്കിനിൽക്കുന്നു. നിലവിലെ സാഹചര്യത്തിൽ, കേന്ദ്രത്തിൽ പ്രതിപക്ഷത്തുള്ള കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാസാക്കപ്പെടുന്ന ഓരോ ബില്ലിന്റെ പേരിലും കോടതിയെ സമീപിക്കേണ്ടിവരുമോ എന്ന ചോദ്യത്തിനും മറുപടി ഉണ്ടാകേണ്ടതുണ്ട്.

ബില്ലുകളുടെ കാര്യത്തിൽ അന്യായമായ വച്ചുതാമസിപ്പിക്കൽ ജനാധിപത്യത്തിലും ഫെഡറലിസത്തിലും ന്യായീകരിക്കാവുന്നതല്ല. നിയമസഭ പാസാക്കുന്ന ബില്ലുകളിലെ തുടർനടപടിക്കു സമയപരിധിയില്ലെന്നതിനെ മുതലാക്കിയാകും കേന്ദ്രം സംസ്ഥാനങ്ങളെ കുരുക്കിലാക്കുകയെന്നു വാദമുണ്ട്. ബില്ലുകളിൽ‍ രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനത്തിനു സമയപരിധി വേണമെന്ന് സർക്കാരിയ കമ്മിഷൻ, ജസ്റ്റിസ് പൂഞ്ചി കമ്മിഷൻ, വാജ്പേയി സർക്കാരിന്റെ കാലത്തെ ഭരണഘടനാ പ്രവർത്തന അവലോകന കമ്മിഷൻ എന്നിവ നിർദേശിച്ചതാണെന്ന് ഈ വാദമുയർത്തുന്നവർ ഓർമിപ്പിക്കുന്നുമുണ്ട്. ഇപ്പറഞ്ഞ കമ്മിഷനുകളുടെ ശുപാർശയുടെ അന്തസ്സത്ത ഉൾക്കൊണ്ടുള്ളതായിരുന്നു സമയപരിധി നിശ്ചയിച്ച് തമിഴ്നാട് കേസിലുണ്ടായ വിധിയെന്നും വാദമുള്ളതാണ്.

പ്രതിപക്ഷ സംസ്ഥാനങ്ങളുടെ നിയമനിർമാണങ്ങളിൽ കേന്ദ്രവും കേന്ദ്രം നിയോഗിക്കുന്ന ഗവർണർമാരും അനുചിതമായും അനാവശ്യമായും ഇടപെടുമ്പോൾ ഭരണഘടനയുടെ സുഗമമായ പ്രവർത്തനമല്ല സംഭവിക്കുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ഭരണഘടനാഭേദഗതികൾതന്നെ പരിഗണിക്കേണ്ടിവരും. അല്ലെങ്കിൽ വിലകുറഞ്ഞ കക്ഷിരാഷ്ട്രീയം ഫെഡറലിസത്തിൽ കയറിക്കളിക്കുന്നത് നാം വീണ്ടും കാണേണ്ടിവരും. English Summary:
Supreme Court on Governor\“s Delay: Reasonable Time, Unreasonable Doubts on Federalism
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462