ലണ്ടൻ ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തേടി ബ്രിട്ടിഷ് പൊലീസ് ഇന്ത്യയിൽ. കഴിഞ്ഞ വർഷം ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ലയെ (24) കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഇന്ത്യൻ വംശജനുമായ പങ്കജ് ലാംബയെ തിരഞ്ഞാണ് പൊലീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബ്രിട്ടിഷ് പൊലീസിലെ ഡിറ്റക്ടീവുകളാണ് പ്രതിയെ തേടി ഇന്ത്യയിലെത്തിയിരിക്കുന്നത്.
- യുഎഇ ഫ്രീലാൻസ് വീസ നിർത്തിയോ?, കുടുങ്ങിയത് നിരവധി മലയാളികൾ; രാജ്യത്ത് പരിശോധന ശക്തമാക്കുന്നു, മുന്നറിയിപ്പ് Gulf News
- ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് യുഎഇ വിമാനക്കമ്പനികൾ, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ Gulf News
കഴിഞ്ഞ വർഷം നവംബർ 14നാണ് ഹർഷിത ബ്രെല്ലയുടെ മൃതദേഹം കാറിനുള്ളിൽ നിന്ന് നോർത്താംപ്ടൺഷർ പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചാണ് ഹർഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത് എന്ന് സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി. പക്ഷേ സംഭവം നടന്നിട്ട് ഇതുവരെയായിട്ടും പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.
പ്രതി ഇന്ത്യയിലേക്ക് നാടുവിട്ടതായി നോർത്താംപ്ടൺഷർ പൊലീസ് കണ്ടെത്തിയിരുന്നു. ഇൽഫോർഡിൽ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിന് 4 ദിവസം മുൻപ്, ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോർത്താംപ്ടൺഷർ പൊലീസ് പറയുന്നത്.
നോർത്താംപ്ടൺഷറിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കാറിൽ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഹർഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാൽ വീട്ടിൽ ഇവരെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇൽഫോർഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
2023 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് അതേവർഷം ഏപ്രിലിൽ ഡൽഹിയിൽനിന്ന് യുകെയിലേക്കു താമസം മാറി. അന്വേഷണത്തിനിടെ ഹർഷിത ഗാർഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വഴക്കിട്ടിരുന്നതായും അയൽവാസികൾ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടർന്ന് ഹർഷിത മുൻപ് വീട്ടിൽ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുകയായിരുന്നുവെന്നും ഹർഷിതയുടെ കുടുംബം പറയുന്നു.
കേസിൽ പിന്നീട് സ്ത്രീധന നിരോധന നിയമപ്രകാരം പങ്കജ് ലാംബയുടെ മാതാപിതാക്കളായ ദർശൻ സിങ്ങിനെയും സുനിൽ ദേവിയെയും ഇന്ത്യയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ കേസിൽ മുഖ്യപ്രതിയായ ഭർത്താവിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇന്നും ഹർഷിതയുടെ കൊലപാതക കേസിൽ നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Northamptonshire Police എന്ന വെബ്‌സൈറ്റിൽ നിന്നും) English Summary:
Harshita Brella murder case: British police are in India searching for Pankaj Lamba, who fled after allegedly murdering his wife. The investigation continues as Harshita\“s family seeks justice. |