search

ചെറിയൊരു ചിന്നംവിളി,പതിവുപോലെ

Chikheang 1 hour(s) ago views 254
  



ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ച് ഇംഗ്ലിഷ് പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതിയ ശശി തരൂർ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിപ്പോയി. കോൺഗ്രസിനെ മാത്രമല്ല ഡിഎംകെ, ശിവസേന, ബിജു ജനതാദൾ, സമാജ്‌വാദി പാർട്ടി, ആർജെഡി തുടങ്ങി ശിരോമണി അകാലിദൾവരെ മിക്ക കക്ഷികളെയും ലേഖനം തലോടി വിട്ടിട്ടുണ്ട്. ഒരു സംസ്‌ഥാന സർക്കാരിനെ അമ്മായിയച്‌ഛനും മരുമകനും ചേർന്നും പാർട്ടിയെ ഭാര്യയും ഭർത്താവും ചേർന്നുമൊക്കെ നിയന്ത്രിച്ചിട്ടും സിപിഎമ്മിന്റെ കാര്യം എഴുത്തിൽ കണ്ടില്ലെന്നു ദുഃഖമുള്ള മലയാളികളുണ്ട്.

  • Also Read മോഷണം പോയ ഫോൺ തേടിയെത്തി; മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനും സുഹൃത്തിനും ക്രൂര മർദനം, അറസ്റ്റ്   


ഉൾപാർട്ടി ജനാധിപത്യത്തിൽ കോൺഗ്രസ് ഏറെ നന്നാകാനുണ്ട് എന്നതിൽ തെല്ലും സംശയമില്ലാത്തവരാണ് പാർട്ടിയിലെ മിക്ക നേതാക്കളും. അകത്തുനിന്നു വേണോ പുറത്തിറങ്ങിയിട്ടാണോ അതിനു ശ്രമിക്കേണ്ടത് എന്നതിലേയുള്ളൂ ശങ്ക. പുറത്തിറങ്ങി ശ്രമിച്ചവരിൽ ചിലരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടെങ്കിലും അകത്തുനിന്ന് ഒരു കൈ നോക്കിയവരിൽ ഭൂരിഭാഗത്തിനും വച്ചടി അധോഗതിയായിരുന്നു. കോൺഗ്രസ് നന്നാകണമെന്ന കാര്യത്തിൽ തനിക്കുമില്ല അഭിപ്രായവ്യത്യാസം എന്നു ലോകത്തെ ബോധ്യപ്പെടുത്തലായിരിക്കണം തരൂരിന്റെ ഉന്നം. പാർട്ടിക്ക് അകത്തുനിന്നുകൊണ്ട് അതു ചെയ്യുമോ എന്നതിലേയുള്ളൂ ജനത്തിനു സംശയം.

  • Also Read പാഡിന്റെ ചിത്രം അയച്ചുതരാൻ പറഞ്ഞ രാജ്യത്ത് കർണാടക കാണിച്ച ധൈര്യം: വിപ്ലവമാകുമോ ആർത്തവ അവധി അതോ ‘എക്സ്ക്യൂസോ?’   


ബഹളം കണ്ടാൽ തരൂർ ആദ്യമായാണ് ഇത്തരം കൊസ്രാക്കൊള്ളി ഒപ്പിക്കുന്നതെന്നു തോന്നും. പാർട്ടി നന്നാക്കാനായി ജി-23 ഗ്രൂപ്പ് ഉണ്ടാക്കുക, യോഗയെ ജനകീയമാക്കിയതിൽ നെഹ്‌റുവിനൊപ്പം മോദിയുടെ പങ്കും ചേർത്ത് ട്വീറ്റ് ചെയ്യുക, മോദിയുടെ യുഎസ് സന്ദർശനത്തെയും പിണറായി സർക്കാരിന്റെ വ്യവസായനയത്തെയും പുകഴ്ത്തുക, കെ റെയിൽ, വിഴിഞ്ഞം തുറമുഖം എന്നിവയിൽ പാർട്ടി പറഞ്ഞതു മാറ്റി തനിക്കു തോന്നിയ നിലപാടെടുക്കുക, മുസ്‌ലിം ലീഗ് ക്ഷണിച്ച യോഗത്തിൽ പോയി പലസ്തീനെതിരെ പ്രസംഗിക്കുക തുടങ്ങി അന്തംവിട്ട പലതും മുൻപേ ചെയ്തു ശീലിച്ചുപോയ ആശാനാണ്. പാർട്ടിയുടെ ലൈൻ ഓഫ് കൺട്രോളും തരൂരിന്റെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളും രണ്ടാണ്. ലൈൻ എന്നാൽ വര എന്നും മലയാളമുണ്ട്. വരച്ച വരയിൽകൂടി നടത്തുക, പറ്റിയില്ലെങ്കിൽ നടക്കുന്ന വഴിയിൽകൂടി വരയ്ക്കുക എന്നിങ്ങനെ അച്ചടക്കം രണ്ടു രീതിയിലുണ്ട്. തരൂരിന്റെ കാര്യത്തിൽ രണ്ടാമത്തെ വഴിയാണ് കോൺഗ്രസിനു സൗകര്യം.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • സംശയം തോന്നിപ്പിച്ചത് മുറിവുകളുടെ പാറ്റേൺ: ട്രെയിനിൽ വാതിലിനടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക, കൊലയാളി മനസ്സുമായി പിന്നിൽ അവർ...
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ലോകത്തു നടക്കുന്ന മിക്ക കാര്യങ്ങളെപ്പറ്റിയും തരൂരിനു വിവരമുണ്ടെങ്കിലും സ്വന്തം പാർട്ടിയിലെ അടവും തൊഴിലും കൊല്ലങ്ങളായിട്ടും ഇണങ്ങിയിട്ടില്ല. എഐസിസി പ്രസിഡന്റ് സ്‌ഥാനത്തേക്കു മല്ലികാർജുൻ ഖർഗെയെ ഹൈക്കമാൻഡ് ഉഴിഞ്ഞുവച്ചത് അറിഞ്ഞശേഷവും അതേ ഖർഗെക്കെതിരെ മത്സരിക്കാൻ തുനിഞ്ഞിറങ്ങിയതൊക്കെ അതുകൊണ്ടാണ്. പണി തേടി വരുന്നവനു കസേര നീക്കിയിട്ടു കൊടുക്കുന്ന മുതലാളിയുടെ കഥ കേട്ടിട്ടുണ്ട്. ഇരിക്കാൻ പറയും. വരുന്നവനു ബുദ്ധിയുണ്ടെങ്കിൽ ഇരിക്കില്ല. ചില ശുദ്ധഗതിക്കാർ അനുസരിക്കും. അവന്റെ പേര് അപ്പോഴേ വെട്ടിയെന്നു കൂട്ടിയാൽ മതി. മത്സരിക്കാൻ ഹൈക്കമാൻഡിനോട് അനുമതി ചോദിച്ച തരൂരിനും പറ്റിയത് ഇതുതന്നെ. ‘അനുവാദം കിട്ടി, പക്ഷേ മത്സരിക്കാനില്ല’ എന്നു പറയാനുള്ള ബുദ്ധി കാട്ടിയില്ല. തോറ്റെങ്കിലും മോശമല്ലാത്ത വോട്ടും കിട്ടി. ഇതൊന്നും കോൺഗ്രസിൽ പതിവുള്ളതല്ല. ‘ഇവനെ സൂക്ഷിക്കണം’ എന്ന മുൻകരുതലോടെ എല്ലാവരും പെരുമാറിത്തുടങ്ങിയത് അന്നു തൊട്ടാണ്. ചങ്ങല പൊട്ടിക്കാതിരിക്കാൻ വർക്കിങ് കമ്മിറ്റി അംഗത്വമെന്ന മയക്കുവെടിയൊക്കെ കൊടുത്തു. അതിന്റെയൊക്കെ ഇഫക്ട് എന്നേ കഴിഞ്ഞു. ഒടുവിലത്തെ ചിന്നംവിളിയാണ് ലേഖനം.

തരൂർ ആരെയാണ് ഉദ്ദേശിച്ചതെന്ന് അരി മുതൽ ഗോതമ്പുവരെ കഴിക്കുന്ന ഒരുമാതിരി ഇന്ത്യക്കാർക്കൊക്കെ മനസ്സിലായെങ്കിലും ‘കോൺഗ്രസിലെ കുടുംബാധിപത്യം’ എന്നൊക്കെ എഴുതിയത് ആരെപ്പറ്റിയാണെന്നു വ്യക്‌തമായില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ പരാതി. നെഹ്‌റു കുടുംബം, ഗാന്ധി എന്നൊക്കെ മാറി മാറി പറയുന്നതുകൊണ്ട് ജവാഹർലാൽ നെഹ്റുവും മഹാത്മാ ഗാന്ധിയുമായുള്ള എന്തോ ഇടപാടാണെന്നു സുരേഷിനു ന്യായമായും സംശയം തോന്നിയിട്ടുണ്ടാവാം. കെ.സി.വേണുഗോപാലിന്റെ അവസ്‌ഥ കുറച്ചുകൂടി മെച്ചമാണ്. പറഞ്ഞകാര്യം കക്ഷിക്കു പിടികിട്ടി. എന്തിനിതൊക്കെ ഇപ്പോൾ പറയുന്നു എന്നേ പിടികിട്ടാതുള്ളൂ. വായനക്കാരിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതും എഴുത്തുകാരന്റെ വിജയം തന്നെ.

മരണമെത്തുമ്പോഴത്തെ തറക്കളി

ഹൃദയാഘാതമുണ്ടായ ആളെ സർക്കാർ ആശുപത്രിയിൽ പ്രാഥമികചികിത്സ മാത്രം നൽകി കൊല്ലം ജില്ലയിൽനിന്ന് ആംബുലൻസിൽ ഒരു നിമിഷംപോലും നഷ്ടപ്പെടുത്താതെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുക, അതേ രോഗി 5 ദിവസം കാര്യമായ ഒരു ചികിത്സയും ലഭിക്കാതെ ജീവനുവേണ്ടി മല്ലടിച്ച് അവിടെ തറയിൽ കിടക്കുക, ‘നായയോടു കാട്ടുന്ന ദയ പോലും എനിക്കിവിടെ ലഭിക്കുന്നില്ല; എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഈ അനാസ്‌ഥയാണ് കാരണമെന്നു ലോകത്തെ അറിയിക്കുക’ എന്നു ഭീതിയോടെ ആ രോഗി കൂട്ടുകാരനു ഫോണിൽ മരണമൊഴി നൽകുക, തൊട്ടുപിന്നാലെ മരണത്തിനു കീഴടങ്ങുക. ഇതെല്ലാം നടന്നത് കിട്ടുന്ന വേദിയിലെല്ലാം ‘ഒന്നാം നമ്പർ ആരോഗ്യകേരളം’ എന്നു വകുപ്പുമന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം വാ തോരാതെ ഉദ്‌ഘോഷിക്കുന്ന നവകേരളത്തിൽത്തന്നെ.

എന്നിട്ടും, മരണമട‍ഞ്ഞ കൊല്ലം പന്മന സ്വദേശി വേണുവെന്ന 49 വയസ്സുകാരന് ആശുപത്രിയിൽ ‘വേണ്ടതെല്ലാം ചെയ്‌തുകൊടുത്തു’ എന്നു ന്യായീകരിക്കാൻ ഔദ്യോഗിക സംവിധാനത്തിനുണ്ടോ വല്ല ഉളുപ്പും? ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂറിനകം കൊണ്ടുവരാത്തതാണ് കുഴപ്പമായത്. ഹൃദയം ചലിക്കുന്നതും നിലയ്ക്കുന്നതുമൊക്കെ ക്ലോക്കിന്റെ ചലനത്തിന് അനുസരിച്ചാവണമെന്നാവും നിർബന്ധം. പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ ചെയ്‌തു എന്നാണു ന്യായം.

ഹൃദയാഘാതം വന്നയാളെ തറയിൽക്കിടത്തി ആധുനികചികിത്സ കൊടുത്തത് ഏതു പ്രോട്ടോക്കോൾ പ്രകാരമാണെന്നറിയില്ല. ഇനിയുമുണ്ടാവും പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികൾ. അന്വേഷണത്തിനു കമ്മിറ്റിയെ വയ്ക്കും. റിപ്പോർട്ട് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇരയ്ക്കൊപ്പമാണ് സർക്കാർ എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയാണ് അടുത്തത്. ഗവ. ആശുപത്രികളിലെ ചികിത്സാവീഴ്ചയുടെ കഥകളും മരണത്തിന്റെ നിലവിളികളും തങ്ങളുടെ വിധിയെന്നു കരുതുന്ന ജനം തലയിൽ കൈവച്ച് ഇരിപ്പാണ്. ഒന്നിനും പറ്റിയില്ലെങ്കിൽ ഇതുവരെ ചെയ്തതിനു നാട്ടുകാരോട് ക്ഷമചോദിച്ച് ഒന്നാം നമ്പർ ആരോഗ്യകേരളമെന്ന ‘തള്ള്’ എങ്കിലും നിർത്താൻ കരുണയുണ്ടായാൽ അത്രയും ഉപകാരം.

ബിജെപിയിൽ സത്യാന്വേഷണ കാലം

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളായി 47 ക്രിസ്‌ത്യാനികളെ ഉടൻ കണ്ടെത്താൻ ബിജെപി കണ്ണൂർ നോർത്ത് ജില്ലാക്കമ്മിറ്റി കീഴ്‌ഘടകങ്ങൾക്കു കത്തയച്ചത് ശ്ലാഘിക്കപ്പെടേണ്ടതാണ്. പക്ഷേ; വലിയ പാതകം ചെയ്തു എന്ന മട്ടിലാണ് സംസാരം. സമുദായങ്ങളുടെ തിണ്ണമിടുക്കു നോക്കിയാണ് എല്ലാ പാർട്ടികളും പണ്ടും സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്; തലയിൽ മുണ്ടിട്ടായിരുന്നു എന്നു മാത്രം. ബിജെപി അത് ഒളിക്കാതെ ചെയ്യുന്നു.

ഓരോ പഞ്ചായത്തിലും സ്‌ഥാനാർഥികളായി എത്ര ക്രിസ്ത്യാനികൾ വേണമെന്നു പാർട്ടി സംസ്‌ഥാന നേതൃത്വം സർവേ നടത്തി കണ്ടെത്തിയതാണെന്നു കത്തിൽ പറയുന്നുണ്ട്. ജാതിസംവരണം അത്ര ഇഷ്ട‌മുള്ള പാർട്ടിയല്ല ബിജെപി എന്നോർക്കണം. എങ്കിലും ഒരത്യാവശ്യം വന്നപ്പോൾ ക്രിസ്ത്യാനികൾക്കായി സീറ്റു സംവരണത്തിനു തയാറായ ഹൃദയവിശാലത കാണാതെ പോകരുത്. മതപരിവർത്തനത്തിനും പാർട്ടി എതിരാണെങ്കിലും ആവശ്യത്തിനു ക്രിസ്‌ത്യാനികളെ കിട്ടിയില്ലെങ്കിൽ നിലപാടു മാറ്റി മറ്റു മതക്കാരെ പരിവർത്തനം ചെയ്യിച്ച് ക്രിസ്ത്യാനിയാക്കി മത്സരിപ്പിച്ചു കളയുമോ എന്നേയുള്ളൂ സംശയം.

അല്ലെങ്കിലും ബിജെപി നേരിന്റെ വഴി തിരഞ്ഞെടുത്തിട്ടു കുറച്ചുനാളായി. സുരേഷ്‌ ഗോപിക്കു തൃശൂരിൽ കള്ളവോട്ടു ലഭിച്ചെന്നു തർക്കം വന്ന കാലത്ത് ‘ജയിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചിട്ടുള്ള മണ്ഡലങ്ങളിൽ വേണ്ടിവന്നാൽ കശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും’ എന്നു പാർട്ടി നേതാവ് ബി.ഗോപാലകൃഷ്‌ണൻ പറഞ്ഞത് എത്ര സത്യസന്ധമായാണ്. തിരുവനന്തപുരത്തു പാർട്ടി നിയന്ത്രണത്തിലുള്ളതും പൊളിഞ്ഞ് നിക്ഷേപകർക്കു കോടികൾ നഷ്‌ടം വന്നതുമായ തിരുവിതാംകൂർ സഹകരണ സംഘത്തിൽനിന്നു വായ്‌പയെടുത്തു മുങ്ങിയ ബിജെപി നേതാക്കളുടെ പേര് പുറത്തുവിടുമെന്ന് പാർട്ടിനേതാവും സംഘം പ്രസിഡന്റുമായ എം.എസ്.കുമാർ കഴിഞ്ഞദിവസം പറഞ്ഞത് ഈ തുറന്ന സമീപനത്തിൽനിന്ന് ആവേശം ഉൾക്കൊണ്ടിട്ടല്ലെന്നാരു കണ്ടു!

സ്‌റ്റോപ് പ്രസ്

താൻ ഇപിയെ സന്ദർശിച്ച് 24 മണിക്കൂർകൂടി കഴിഞ്ഞിരുന്നെങ്കിൽ കക്ഷിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നെന്നും ഇ.പി. ജയരാജന്റെ പുസ്‌തകത്തിന് ‘കള്ളന്റെ ആത്മകഥ’ എന്നാണ് പേരിടേണ്ടതെന്നും ശോഭ സുരേന്ദ്രൻ.

ഷാളെങ്ങാനും വീണിരുന്നെങ്കിൽ ‘സത്യസന്ധന്റെ ആത്മകഥ’ എന്നു പേരു മാറ്റാമായിരുന്നു.
English Summary:
Aazhchakurippukal: Kerala Politics is currently facing scrutiny, especially focusing on familial dominance within parties. This article analyzes recent political events in Kerala, including the criticism of Congress leader Shashi Tharoor and issues within the healthcare sector.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277