ചങ്ങനാശേരി ∙ കേരളം കാണാനെത്തിയ ജർമൻ വ്ലോഗറുടെ വിഡിയോയിൽ പതിഞ്ഞ ചങ്ങനാശേരിയിലെ മാലിന്യ പ്രശ്നത്തിനു പിന്നാലെ പ്രതികരണങ്ങളുമായി ജോബ് മൈക്കിൾ എംഎൽഎയും ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരനും. ‘ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. അത്യാധുനിക സൗകര്യമുള്ള സ്റ്റാൻഡാണ് വരുന്നത്. അന്ന് വ്ലോഗർ എത്തിയാൽ ചങ്ങനാശേരിയിലെ മാറ്റം കണ്ട് അദ്ഭുതപ്പെടും. മാലിന്യം വലിച്ചെറിയൽ സംസ്കാരം ജനം ഉപേക്ഷിക്കണം. മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കനത്ത പിഴ ചുമത്തണമെന്നും’ ജോബ് മൈക്കിൾ എംഎൽഎ വ്ലോഗറുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ചു.
Read More
- ‘ചങ്ങനാശേരി നഗരസഭയ്ക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടെ’; ജർമൻ വ്ലോഗറുടെ വിഡിയോയ്ക്ക് താഴെ കമന്റുകൾ Kottayam
‘നഗരസഭാപരിധിയിലെ മാലിന്യം നീക്കി പരിസരം വൃത്തിയാക്കുന്നുണ്ട്. വൃത്തിയാക്കുന്തോറും ആളുകൾ മാലിന്യം തള്ളുകയാണ്. പലരും വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിച്ചിട്ടില്ല. ജനങ്ങളുടെ സഹകരണമുണ്ടായാൽ നാട് സുന്ദരമാകും’– ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഇങ്ങനെ പ്രതികരിച്ചു.
മൂന്നാറിലേക്കുള്ള ബസ് കണ്ടെത്താൻ അലഞ്ഞതും ചങ്ങനാശേരിയിലെ മാലിന്യക്കാഴ്ചകളുമായിരുന്നു ജർമൻ വ്ലോഗറായ അലക്സാണ്ടർ വെൽഡർ വിഡിയോയിൽ ചിത്രീകരിച്ചത്. ഇതിനു പിന്നാലെ അലക്സാണ്ടറിനോട് ക്ഷമ പറഞ്ഞ് മലയാളികൾ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു.
കേരളത്തിന്റെ മുഴുവൻ പ്രശ്നമായാണ് മലയാളികൾ ഈ വിഷയം ഏറ്റെടുത്തത്. ‘വേസ്റ്റ് ഇട്ടത് ലോകം മുഴുവൻ കാണുന്നുണ്ട് കേട്ടോ മലയാളികളേ’, ‘ലോകം മുഴുവൻ കണ്ടു, കേരളത്തിന്റെ വൃത്തിയും വെടിപ്പും’ ‘ ചങ്ങനാശേരി നഗരസഭയ്ക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടെ’ ‘മറ്റു നഗരസഭകളിലും ഇതാണു സ്ഥിതി’ എന്നിങ്ങനെയാണ് കമന്റുകൾ. ഇതുവരെ 7 ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. അലക്സാണ്ടറുടെ ഇൻസ്റ്റ അക്കൗണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോകളിൽ ഒന്നാണിത്.
മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറിനും പി.എ.മുഹമ്മദ് റിയാസിനും പലരും ഈ വിഡിയോ ടാഗ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര അലക്സാണ്ടർ സമൂഹ മാധ്യമത്തിലൂടെ വിവരിക്കുന്നുണ്ട്. English Summary:
Changanassery waste issue highlighted by a German vlogger sparks reactions from local leaders. The MLA and municipal chairperson address the problem, urging residents to change their habits and cooperate in keeping the town clean and beautiful. |
|