തിരുവനന്തപുരം ∙ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മടുത്ത് സുപ്രീംകോടതി ബംഗാള്‍ മോഡലില്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെ സംസ്ഥാനത്ത് രണ്ട് സര്‍വകലാശാലകളില്‍ കൂടി സ്ഥിരം വൈസ് ചാന്‍സലര്‍ നിയമിതനാകും. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 14 സര്‍വകലാശാലകളില്‍ ഒരിടത്തു മാത്രമാണ് സ്ഥിരം വിസിയുള്ളത്. വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന്റെ കാലാവധി 2024 ഒക്ടോബറില്‍ അവസാനിച്ചതിനു പിന്നാലെ 5 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയതിനാല്‍ ആരോഗ്യ സര്‍വകലാശാലയ്ക്കു മാത്രം സ്ഥിരം വിസിയെ ലഭിച്ചു. അദ്ദേഹത്തിനു തന്നെയാണ് കേരള സര്‍വകലാശാലയുടെ അധികച്ചുമതലയും. 13 സര്‍വകലാശാലകളിലും താല്‍കാലിക വിസിമാര്‍ക്കു ചുമതല നല്‍കിയിരിക്കുകയാണ്.
- Also Read ‘മുന്നമാരുടെ അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കും, ഇത് സാംപിൾ, വെടിക്കെട്ട് വരുന്നതേയുള്ളൂ’
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ഡിജിറ്റല്‍ സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല (കെടിയു), മലയാളം സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, കുഫോസ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളിലാണ് സ്ഥിരം വിസിമാര്‍ ഇല്ലാത്തത്. സംസ്ഥാന സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി ഡോ. സിസ തോമസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സുപ്രീംകോടതിയുടെ ബംഗാള്‍ മോഡല്‍ ഇടപെടലിലേക്കു കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പഴ്‌സന്‍ റിട്ട. ജഡ്ജി സുധാംശു ധൂലിയയോടു ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളിലേക്ക് ഓരോ പേരുകള്‍ നിര്‍ദേശിക്കാനാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
- Also Read ‘മുഖ്യമന്ത്രി എന്തുകൊണ്ട് വന്നില്ല?\“; വിസി നിയമനത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാർ നീക്കം പാളി
ജസ്റ്റിസ് സുധാംശു ധൂലിയ നിര്‍ദേശിക്കുന്നവരെ വ്യാഴാഴ്ച രണ്ടു സര്‍വകലാശാലകളുടെയും വിസിമാരായി സുപ്രീംകോടതി നിയമിക്കും. ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ സി.വി.ആനന്ദബോസും തമ്മില്‍ വിസി നിയമനത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ സ്വീകരിച്ച അതേ നടപടി തന്നെയാണ് സുപ്രീംകോടതി കേരളത്തിലും ആവര്‍ത്തിക്കുന്നത്. ബംഗാളില്‍ എട്ടു സര്‍വകലാശാലകളിലാണ് കോടതി വിസിമാരെ നിയമിച്ചത്. 36 സര്‍വകലാശാലകളിലേക്കുള്ള വിസി നിയമനങ്ങളെ ചെല്ലി സര്‍ക്കാര്‍ - ഗവര്‍ണര്‍ തര്‍ക്കം കലശലായപ്പോള്‍ മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെയാണ് ബംഗാളില്‍ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചിരുന്നത്.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
കമ്മിറ്റിയുടെ ഇടപെടല്‍ മൂലം 19 സര്‍വകലാശാലകളില്‍ നിയമനം നടന്നെങ്കിലും 17 ഇടത്ത് തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് 2025 ഒക്‌ടോബറില്‍ കൊല്‍ക്കത്ത സര്‍വകലാശാല, ബിശ്വ ബംഗ്‌ള സര്‍വകലാശാല, സാധു റാംചന്ദ് മുര്‍മു സര്‍വകലാശാല, ഗൗര്‍ ബംഗ സര്‍വകലാശാല, കാസി നസ്‌റുല്‍ സര്‍വകലാശാല, ജാദവ്പുര്‍ സര്‍വകലാശാല, റായ്ഗഞ്ച് സര്‍വകലാശാല, നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിമാരെ സുപ്രീംകോടതി നേരിട്ടു നിയമിക്കുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയ മുന്‍ഗണനാ പട്ടികയില്‍നിന്നുള്ളവരെ നിയമിക്കാന്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് തയാറാകാതിരുന്നതോടെയാണ് വിഷയം സുപ്രീംകോടതി ഏറ്റെടുത്തത്. ബംഗാളിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത തന്നെയാണ് ഇപ്പോള്‍ കേരളത്തിനു വേണ്ടിയും ഹാജരാകുന്നത്.
- Also Read ‘കൊല്ലാൻ വേണ്ടി കൊണ്ടുവന്നതു പോലെ; ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിലില്ല’: വിമർശനവുമായി ഹൈക്കോടതി
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിമാരായ ഡോ.കെ.ശിവപ്രസാദിന്റെയും ഡോ.സിസ തോമസിന്റെയും നിയമനം യുജിസി ചട്ടങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമയുദ്ധം ആരംഭിച്ചത്. 2025 ജൂലൈയില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായി വിധി വന്നതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറിയിരുന്നു. തൊട്ടുപിന്നാലെ ഇരു സര്‍വകലാശാലകളിലേക്കും സര്‍ക്കാര്‍ 3 പേര്‍ വീതമുള്ള പാനല്‍ ഗവര്‍ണര്‍ക്കു നല്‍കി. എന്നാല്‍, ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഡാ.കെ.ശിവപ്രസാദിനെയും ഡോ.സിസ തോമസിനെയും വീണ്ടും നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കി.
ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയതോടെയാണ് സുപ്രീംകോടതി നേരിട്ട് റിട്ട. ജഡ്ജി സുധാംശു ദൂലിയയെ അധ്യക്ഷനാക്കി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്ന് രണ്ടു വാഴ്‌സിറ്റികളിലെയും വിസി നിയമനത്തിനു സേര്‍ച് കമ്മിറ്റി പേരുകള്‍ തയാറാക്കി രണ്ടു പട്ടിക മുഖ്യമന്ത്രിക്കു നല്‍കുകയും, കോടതി നിര്‍ദേശിച്ച പ്രകാരം മുഖ്യമന്ത്രി മുന്‍ഗണനാക്രമത്തില്‍ ഗവര്‍ണര്‍ക്ക് അംഗീകാരത്തിനായി കൈമാറുകയുമായിരുന്നു.
ഡിജിറ്റല്‍ വാഴ്‌സിറ്റിയുടെ പട്ടികയില്‍ ഡോ.സജി ഗോപിനാഥും കെടിയുവിന്റേതില്‍ സി.സതീഷ്‌കുമാറിന്റെയും പേരാണു മുഖ്യമന്ത്രി നല്‍കിയ ലിസ്റ്റില്‍ ആദ്യം. എന്നാല്‍, ഇരു പട്ടികയിലും ഇടം പിടിച്ചതു ഡോ.സിസ തോമസും ഡോ.പ്രിയ ചന്ദ്രനുമാണ്. രണ്ടുപേരും ഗവര്‍ണര്‍ക്കു താല്‍പര്യമുള്ളവരാണ്. രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവര്‍ ഇവര്‍ മാത്രമാണെന്നു വാദിച്ച്, കെടിയുവിലേക്കു സിസയെയും ഡിജിറ്റലിലേക്കു പ്രിയയെയുമാണു നിര്‍ദേശിക്കുന്നതെന്നു ഗവര്‍ണര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ആണ് വിസി നിയമനം നേരിട്ടു നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
സര്‍വകലാശാലകളും വിസിമാരും അവര്‍ ചുമതലയേറ്റ കാലവും ക്രമത്തില്‍
സ്ഥിരം വൈസ് ചാന്‍സലര്‍: ആരോഗ്യ സര്‍വകലാശാല - ഡോ.മോഹനന്‍ കുന്നുമ്മല്‍ (2024 ഒക്ടോബര്‍ മുതല്‍ 5 വര്‍ഷത്തേക്ക്)
മറ്റു താല്‍ക്കാലിക വിസിമാര്‍: കേരള - ഡോ.മോഹനന്‍ കുന്നുമ്മല്‍ (2024 ഒക്ടോബര്‍ മുതല്‍)
എപിജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല (കെടിയു) - ഡോ.കെ.ശിവപ്രസാദ് (2024 നവംബര്‍ മുതല്‍. 2025 ജൂലൈയില്‍ മാറി ഓഗസ്റ്റില്‍ തിരിച്ചെത്തി)
ഡിജിറ്റല്‍ സര്‍വകലാശാല - പ്രഫ.ഡോ.സിസ തോമസ് (2024 നവംബര്‍ മുതല്‍. 2025 ജൂലൈയില്‍ മാറി ഓഗസ്റ്റില്‍ തിരിച്ചെത്തി)
എംജി - പ്രഫ.ഡോ.സി.ടി.അരവിന്ദകുമാര്‍ (2023 ജൂണ്‍ മുതല്‍)
മലയാളം സര്‍വകലാശാല - പ്രഫ.ഡോ.സി.ആര്‍.പ്രസാദ് (2025 ജൂണ്‍ മുതല്‍)
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല - പ്രഫ.കെ.കെ.ഗീതാകുമാരി (2024 മാര്‍ച്ച് മുതല്‍)
കാലിക്കറ്റ് - ഡോ.പി.രവീന്ദ്രന്‍ (2024 ജൂലൈ മുതല്‍)
കണ്ണൂര്‍- പ്രഫ.കെ.കെ.സാജു (2024 ജൂണ്‍ മുതല്‍)
കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) - ഡോ.എം.ജുനൈദ് ബുഷ്‌റി (2024 സെപ്റ്റംബര്‍ മുതല്‍)
ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല (കുഫോസ്) - ഡോ.എ.ബിജുകുമാര്‍ (2025 ജൂണ്‍ മുതല്‍)
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല - ഡോ.വി.പി.ജഗതി രാജ് (2024 മാര്‍ച്ച് മുതല്‍)
കാര്‍ഷിക സര്‍വകലാശാല - ഡോ.ബി.അശോക് (2023 മാര്‍ച്ച് മുതല്‍)
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല - ഡോ.കെ.എസ്.അനില്‍ (2024 മാര്‍ച്ച് മുതല്‍) English Summary:
Resolving the VC Appointment Feud: VC appointments are now under scrutiny by the Supreme Court due to ongoing disputes between the Governor and the state government. The Supreme Court is intervening to appoint Vice Chancellors in universities where there are vacancies. |