ഛത്തീസ്ഗഡ്∙ പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി (29)യാണ് ആത്മഹത്യ ചെയ്തത്. ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
പെണ്‍സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഗൗരവ് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടിലെത്തിയ ഗൗരവ് കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. വീട്ടിലെത്തിയശേഷം യുവാവ് അധികമാരോടും സംസാരിച്ചിരുന്നില്ല. എല്ലാവരില്‍ നിന്നും അകലം പാലിച്ചു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്.
നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പീഡനക്കേസില്‍ പ്രതിയായി ഗൗരവ് ജയിലിലായത്. നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി ഗൗരവ് പരാതിക്കാരിയായ 29 വയസ്സുകാരിയെ പരിചയപ്പെട്ടത്.
തുടര്‍ന്ന് ഇരുവരും പ്രണയത്തിലായെന്നും എന്നാല്‍, പിന്നീട് ഇതേ യുവതി ഗൗരവിനെതിരേ പീഡനം ആരോപിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം DeadlyLaw എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Chhattisgarh: Techie Commits Suicide After Sexual Assault Complaint and Bail Release |