കൊച്ചി ∙ പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. കേസിൽ വ്യാഴാഴ്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അതുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്ന് റോഡ് ഗതാഗതം താറുമാറായ കാര്യം തൃശൂർ ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടിയതോടെയാണ് കേസിൽ വിധി പറയുന്നത് മാറ്റാൻ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്.
ഇതിനെ ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർത്തെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
എന്നാൽ മുരിങ്ങൂരിൽ എറണാകുളം ഭാഗത്ത് ഇന്നലെ സർവീസ് റോഡ് ഇടിഞ്ഞത് ഇന്ന് കലക്ടർ ചൂണ്ടിക്കാട്ടി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെയായിരുന്നു ഇത്. സർവീസ് റോഡ് തകർന്നതു മൂലം റോഡ് ഗതാഗതത്തിന് തടസം നേരിടുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ ചെറിയ തടസങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്നായിരുന്നു ദേശീയ പാത അതോറിറ്റിയുടെ നിലപാട്. മുരിങ്ങൂരിലെ പ്രശ്നം പരിഹരിച്ചു വരികയാണെന്നും താൽക്കാലിക റോഡിലൂടെ ഗതാഗതമുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഇത്തരത്തില്‍ ടോള്‍ നിർത്തി വച്ചിരിക്കുന്നത് വലിയ തോതിൽ ബാധിക്കുന്നുവെന്നും അതോറിറ്റിയും കരാറുകാരും വാദിച്ചു. അപ്പോൾ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ കാര്യമോ എന്ന് കോടതി തിരികെ ചോദിച്ചു. മുരിങ്ങൂരിലെ പ്രശ്നം പരിഹരിച്ചെങ്കിൽ അക്കാര്യത്തിൽ കലക്ടർക്ക് റിപ്പോർട്ട് നൽകണം. അദ്ദേഹം അത് പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിധി പറയാമെന്നും കോടതി വ്യക്തമാക്കി.
ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിച്ചു എന്നും സർവീസ് റോഡുകൾ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ കോടതി ആശ്രയിക്കുന്നത്. English Summary:
Paliyekkara Toll Plaza collection will continue to be suspended: The High Court has requested a report from the collector regarding the damaged service road at Murinjur which affects traffic. |