ശ്രീകൃഷ്ണപുരം∙ ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഈ മാസം 13ന് അർധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് ബോധ്യമായത്. തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു.
പ്രേമയെ കാണാതായെന്ന പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഓൺലൈൻ തട്ടിപ്പിനും കേസെടുത്തു. ഗുരുവായൂരിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. പ്രേമയിൽ നിന്നു വിശദമായ മൊഴി ഇന്നു രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം എസ്എച്ച്ഒ എസ്. അനീഷ് അറിയിച്ചു. English Summary:
Online fraud victim returns home after realizing she was scammed: The woman left home after losing money in an online fraud but was found in Guruvayur. Police have registered a case and are investigating the matter. |