കഴക്കൂട്ടം ∙ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തിൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ.പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്ണേന്ദുവിൽ ഷീബ പ്രമോദ് (47) ഇതു സംബന്ധിച്ച പരാതി കഴക്കൂട്ടം പൊലീസിനും മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നൽകിയതിനു പിന്നാലെയാണു നടപടി.
വയറുവേദനയെ തുടർന്നു കഴിഞ്ഞ ഡിസംബർ 3നാണ് ഷീബ ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടർ അറിയിച്ചു. തുടർന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബർ 12ന് വീട്ടിലേക്കു മടങ്ങി. പിന്നീടു പലതവണ ഇതേ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്തെങ്കിലും വയറിൽ വേദന അനുഭവപ്പെടുകയും തുന്നിച്ചേർത്ത സ്ഥലത്തു മുറിവിന്റെ ഒരു ഭാഗം പഴുക്കുകയും ചെയ്തു. തുടർന്നും ഇതേ ആശുപത്രിയിൽ എത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവധിയിലാണെന്നും മറ്റൊരു ഡോക്ടർ പരിശോധിച്ച ശേഷം ‘കുഴപ്പമില്ല’ എന്ന മറുപടിയാണു നൽകിയതെന്നും ഷീബ പറഞ്ഞു. മുറിവുണങ്ങാൻ ചില മരുന്നുകളും നൽകി.
വേദന കുറയാഞ്ഞതോടെ ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂൽ പുറത്തുവന്നതായി കണ്ടെത്തി. വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ തുണിയും പഞ്ഞിയുടെ ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതോടെ വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും ഫെബ്രുവരി 4നു വീണ്ടും ശസ്ത്രക്രിയ നടത്തി തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ പുറത്തെടുത്തെന്നും ഷീബ പ്രമോദ് പറയുന്നു.
കഴക്കൂട്ടത്തു നടത്തിയ ആദ്യ ശസ്ത്രക്രിയയ്ക്കു തന്നെ 1.20 ലക്ഷം രൂപ ചെലവായി. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ നടത്തിയതിനു 18,000 രൂപയിൽ കൂടുതലും ചെലവായെന്നു ഷീബ പ്രമോദ് പറയുന്നു. 3 മാസത്തോളം വേദന അനുഭവിച്ചെന്നും സംഭവത്തിൽ മാനസികമായി ഏറെ പ്രയാസം നേരിട്ടെന്നും ഷീബ പ്രമോദ് പറയുന്നു. ADVERTISEMENT Go AD-FREE English Summary:
Alleged medical negligence has led to a case against a surgeon at a private hospital after a woman\“s abdomen was stitched with surgical material inside. The patient experienced persistent pain and a festering wound, leading to the discovery of the retained items during a subsequent examination and surgery. |
|