കണ്ണൂർ ∙ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും ഏപ്രിൽ ഒന്നുമുതൽ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാൻ ജയിൽ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ 2 ദിവസം മത്സ്യവിഭവമുണ്ട്. പ്രാദേശികമായാണ് ഇപ്പോൾ മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളിൽ മത്സ്യം കിട്ടാറില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങൾ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും.
25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിനു നൽകിയതിൽ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കി ജയിലിലെത്തിക്കും. ജയിൽ കൗണ്ടറിലേക്കു മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകും. പൊതുജനത്തിന് ഇവ വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിനു വരുമാനം വർധിപ്പിക്കാനാകുമെന്ന് എംഡി ഡോ. പി.സഹദേവൻ പറഞ്ഞു. English Summary:
Fisheries Department (Matsyafed) will supply fish to all jails in Kerala starting April 1st. This initiative aims to ensure a consistent and quality supply of fish, including popular varieties like Mathi, Ayala, and Choora, for inmate meals and for sale at jail counters. |
|