കണ്ണൂർ ∙ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശ്രമം കഴിഞ്ഞ് ഇറങ്ങുന്ന അന്നു മുതൽ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെഎസ്‌യു നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്നും കള്ളം പറഞ്ഞ മന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മ്ലേച്ഛമായ പ്രതികരണമാണ് മന്ത്രി നടത്തിയത്. ‘അഭിനയ റാണി’ എന്ന തരത്തിലാണ് പെരുമാറുന്നത്. ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി തരംതാഴരുത്.
മന്ത്രി സമരങ്ങൾ ഒന്നും ചെയ്യാത്തതുകൊണ്ടും വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കടന്നുവരാത്തതു കൊണ്ടുമാണ് സമരങ്ങളെല്ലാം ഭീകര സംഭവമായി കാണുന്നത്. എങ്ങനെ സമരം ചെയ്യണമെന്ന് ഞങ്ങൾക്ക് മാർഗരേഖ തരേണ്ടതില്ല. റെയിൽവേ സ്റ്റേഷനിൽ മാത്രമല്ല എവിടെയെല്ലാം പ്രതിഷേധം നടത്താൻ സാധിക്കുമോ അവിടെയെല്ലാം പ്രതിഷേധം നടത്തും. കണ്ണൂരിൽ കെഎസ്‍യു ജനാധിപത്യപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. മന്ത്രിയെ കയ്യേറ്റം ചെയ്യണമെന്ന് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല.
എന്നാൽ വിഷയത്തെ വലിയ രീതിയിൽ വക്രീകരിച്ച് കലാപത്തിന് ആഹ്വാനം കൊടുക്കുകയാണ് മന്ത്രി ചെയ്തത്. കെഎസ്‌യു ഭാരവാഹികളുടെ വീട്ടിലേക്ക് ബോംബ് എറിയുന്ന സാഹചര്യമുണ്ടായി. സമൂഹ മാധ്യമങ്ങളിൽ വലിയ വെല്ലുവിളികൾ നടന്നു. ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം വീണാ ജോർജിന്റെ പ്രസ്താവനയാണ്. സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ നടത്തിയ ഗൂഢാലോചന വ്യക്തമാണ്. വലിയ പ്രതിസന്ധിയിലായ സർക്കാർ അവരുടെ മുഖം മിനുക്കാൻ നടത്തിയ ശ്രമം മുഖം കൂടുതൽ വികൃതമാക്കുകയാണ് ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. English Summary:
KSU state president Aloshious Xavier has announced that protests will continue against Health Minister Veena George from the day she resumes duty after her break. KSU will continue their legal and political fight, aiming to make the minister apologize for her alleged false statements. |
|