കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത 105 സ്‌നേഹഭവനങ്ങളുടെ ആദ്യ ഘട്ടത്തിലെ 51 വീടുകൾ കൈമാറി. നിറകണ്ണുകളോടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും ദുരന്തബാധിതരുടെ കുടുംബങ്ങൾ ഏറ്റുവാങ്ങിയത്.
മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും കിച്ചനും വർക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമെല്ലാമായി 1060 സ്‌ക്വയർഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ലീഗ് ഒരുക്കിയത്. കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ, കസേരകൾ, ക്ലോക്ക് തുടങ്ങി ഫർണിച്ചറുകളും മിക്‌സി, ഗ്രെയിന്റർ തുടങ്ങി ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്. പൂട്ടുകട്ട പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ പൂട്ടുകട്ടകൾ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറിയത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായിരുന്നു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എംഎൽഎ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എംപി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എംഎൽഎ, സെക്രട്ടറി ഹാരിസ് ബീരാൻ എംപി, ടി. സിദ്ദീഖ് എംഎൽഎ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. ലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, പോഷക ഘടകങ്ങളുടെ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും ADVERTISEMENT Go AD-FREE
പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർത്ഥന നിർവഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്ലിംലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിം ലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്. English Summary:
The Muslim League housing project in Wayanad has successfully handed over the first 51 \“Snehabhavanangal\“ to the tearful families of the Mundakkai-Churalmala disaster victims. These fully furnished homes, complete with community amenities, were presented in a ceremony attended by national leaders. |