പുന്നയൂർക്കുളം ∙ ദേശീയപാതയിൽ പെരിയമ്പലം മുതൽ ബദർ പള്ളി വരെ ബസുകൾ സർവീസ് നടത്തുന്നത് ആറു വരി പാതയിലെ സ്പീഡ് ട്രാക്കിലൂടെ. ബസ് കയറാൻ യാത്രക്കാർ റോഡിലേക്ക് കയറിപ്പറ്റുന്നത് സർവീസ് റോഡിൽ ചാരി വച്ച ഏണി വഴി. അപകടകരമായ യാത്ര തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ബന്ധപ്പെട്ടവർ മൗനത്തിലാണ്.
ജില്ലാ അതിർത്തിക്ക് സമീപം പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം മുതൽ പുന്നയൂർ പഞ്ചായത്ത് ബദർ പള്ളി വരെ സർവീസ് റോഡ് പണി നടക്കുന്നതാണ് ബസുകൾ ഹൈവേ വഴി പോകാൻ കാരണം. പൊന്നാനി ബസുകൾ പെരിയമ്പലം വരെ സർവീസ് റോഡിലൂടെയാണ് വരുന്നത്. ഇവിടെ നിന്നു ആറുവരി പാതയിലേക്ക് കയറിയാൽ ബദർ പള്ളി പാലം കഴിഞ്ഞാണ് വീണ്ടും സർവീസ് റോഡിലേക്ക് ഇറങ്ങുക.
ബസിൽ പോകേണ്ട യാത്രക്കാർക്ക് സ്റ്റോപ്പിലേക്കുള്ള എളുപ്പ വഴിയാണ് ഏണി. ഇല്ലെങ്കിൽ പെരിയമ്പലത്തേക്കോ ബദർ പള്ളി ഭാഗത്തേക്കോ പോകണം. ഇത്രയും ഭാഗത്ത് മൂന്നിടത്ത് സ്ഥിരം ഏണിയുണ്ട്. മറ്റ് മൂന്നെണ്ണം ആവശ്യത്തിനു വയ്ക്കുന്നതാണ്. ഒരിടത്ത് കല്ല് അടുക്കി വച്ചാണ് ആളുകൾ കയറിയിറങ്ങുന്നത്.
ഏണി കയറി അതിവേഗ പാതയിലേക്ക് ഇറങ്ങുന്നതും തിരിച്ച് സർവീസ് റോഡിലേക്ക് ഇറങ്ങുന്നതും അപകടമാണ്. വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് കുട്ടികളടക്കമുള്ളവർ ഏണി കയറി വരുന്നതും റോഡിന്റെ മറുവശത്തേക്ക് ഡിവൈഡറും ചാടിക്കടന്ന് പോകുന്നതും പതിവു കാഴ്ചയാണ്. ഏകദേശം എട്ടടി വരെ ഉയരത്തിലാണ് ഏണികയറ്റം. ADVERTISEMENT Go AD-FREE
വ്യാഴാഴ്ച പെരിയമ്പലത്ത് റോഡ് കുറുകെ കടക്കുമ്പോൾ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചിരുന്നു. മറ്റ് മാർഗമില്ലാത്തതിനാലാണ് ഹൈവേയിലൂടെ പോകുന്നതെന്ന് ബസ് ഡ്രൈവർമാർ പറയുന്നു. അടച്ചിട്ട സർവീസ് റോഡ് ഭാഗികമായെങ്കിലും തുറന്നാൽ പ്രശ്നം പരിഹരിക്കാം. English Summary:
Punnayurkulam highway danger is escalating as passengers use makeshift ladders to climb from the service road onto the main six-lane highway to catch buses. This hazardous shortcut, a result of ongoing service road construction, has led to near-misses and highlights the authorities\“ inaction despite a recent fatality in the area. |