കൊളത്തൂർ ∙ ‘കൺമണീ...’ എന്ന് നീട്ടി വിളിച്ചാൽ അവൾ എവിടെയുണ്ടെങ്കിലും ഓടിച്ചാടി ഫാമിലെ ജീവനക്കാരുടെ അടുത്തെത്തും. മഹാമാരിയിൽ എല്ലാം അവസാനിച്ചു എന്നു കരുതിയിടത്ത് പ്രതീക്ഷയുടെ കിരണം പോലെ ഒരു മാസം മുൻപ് പിറന്നുവീണ കൺമണിയാണ് ഇപ്പോൾ ബേഡഡുക്ക ഗവ.ഹൈടെക് ആട് ഫാമിലെ 44 ആടുകളുടെയും ജീവനക്കാരുടെയും കണ്ണിലുണ്ണി.
മൂന്നര മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫാമിൽ പിറന്ന ആദ്യത്തെ ആട്ടിൻകുട്ടിയാണ് ഫാം ജീവനക്കാർ കൺമണി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഈ പെണ്ണാട്. കൺമണിയുടെ അമ്മയും കാസർകോട്ടുകാരിയാണ്.
ഒന്നര വയസ്സുള്ള ഈ ആട് ഫാമിലെത്തിക്കുമ്പോൾ തന്നെ ഗർഭിണിയായിരുന്നു. ഫാമിലെ ആടുകൾ കൂട്ടത്തോടെ ചാകാനിടയാക്കിയ ആട് വസന്ത (പിപിആർ) എന്ന ഗുരുതര രോഗത്തെ അതിജീവിച്ചാണ് കൺമണിയുടെ പിറവി.
അവളുടെ അമ്മയ്ക്കും രോഗം ബാധിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ ഭേദമായി. ആട് വസന്ത ബാധിച്ചാൽ ആ ഫാമിലെ മുഴുവൻ ആടുകളും ചാകുന്നതാണ് പതിവെങ്കിലും ഇവിടെ മരണസംഖ്യ പകുതിയിൽ താഴെയായി പിടിച്ചുനിർത്താൻ സാധിച്ചു. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി എത്തിച്ച 81 ആടുകളുമായാണ് കഴിഞ്ഞ ഒക്ടോബർ 30 ന് ഫാം പ്രവർത്തനം ആരംഭിച്ചത്. ആടുകളെ ക്വാറന്റീൻ നിർത്താനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇവയെ നേരിട്ടു കൂടുകളിലേക്കു മാറ്റുകയായിരുന്നു. ADVERTISEMENT Go AD-FREE
അതിന്റെ പിറ്റേന്ന് തന്നെ രോഗം റിപ്പോർട്ട് ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഒരാഴ്ചയ്ക്കു ശേഷം ആടുകൾ ചാകാൻ തുടങ്ങി. എല്ലാ ആടുകൾക്കും രോഗം ബാധിക്കുകയും ചെയ്തു. എന്നാൽ സ്പെഷൽ ഓഫിസർ ഡോ.എസ്.രാജുവിന്റെ മേൽനോട്ടത്തിൽ സൂപ്പർവൈസർമാരായ സുരേഷ്, അശ്വതി എന്നിവരുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പിന്നീട് ലക്ഷ്യം കണ്ടു. അങ്ങനെ മരണസംഖ്യ 38ൽ പിടിച്ചുനിർത്തി. ജനുവരി മാസത്തോടെയാണ് രോഗബാധ പൂർണമായും ഒഴിഞ്ഞത്.
അതിനു ശേഷമാണ് കൺമണിയുടെ ജനനം. രോഗഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ 57 ആടുകളെ കൂടി ഉടനെ വാങ്ങാനാണ് തീരുമാനം. അടുത്ത വർഷം ജനുവരി മാസത്തോടെ ഫാമിൽ നിന്നു ആട്ടിൻ കുട്ടികളുടെ വിൽപന ആരംഭിക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഫാം മുന്നോട്ട് കൊണ്ടുപോകുന്നത്. ADVERTISEMENT Go AD-FREE English Summary:
Kanmani the goat kid is a symbol of hope at the Bedadukka Govt. Hi-tech Goat Farm, being the first to be born after a deadly Goat Plague outbreak. Her survival marks a new beginning for the farm, which is now recovering and planning to expand its operations. |
|