പാലക്കാട് ∙ പ്രവർത്തനം ആരംഭിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ 217 ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾ. പഠനത്തിനായി താൽക്കാലികമായി അനുവദിച്ച നിലയിൽ പെൺകുട്ടികൾക്ക് ഒരു ശുചിമുറിയാണുള്ളത്. താഴത്തെ നിലയിൽ താൽക്കാലിക ശുചിമുറിയും അനുവദിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരടക്കം ഉപയോഗിക്കുന്നതിനാൽ ഇവിടെ വലിയ തിരക്കാണ്. സാനിറ്ററി പാഡ് മാറ്റാൻ പോലും കഴിയാത്ത അവസ്ഥയുണ്ടെന്ന് വിദ്യാർഥിനികൾ പറയുന്നു. പ്രതിമാസം 7000 രൂപയാണ് പുറത്തു താമസിക്കാൻ വാടക. വെള്ളം, വൈദ്യുതി, യാത്രാ ചെലവ് എന്നിവയ്ക്കുള്ള തുക വേറെയും. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന ഒട്ടേറെ വിദ്യാർഥികൾക്ക് ഇതു വലിയ ഭാരമാണ്. പലരും വലിയ പ്രയാസത്തിലാണു കഴിയുന്നത്. കോഴ്സ് ആരംഭിച്ചതു മുതൽ മൂന്നു വർഷമായി ബസ് ഫീസ് വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് ബസ് അനുവദിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു.
നഴ്സിങ് കോളജിനു സ്വന്തമായി ഭൂമി കണ്ടെത്താനോ കെട്ടിട നിർമാണത്തിനോ ഇതുവരെ നടപടിയായിട്ടില്ല. നിലവിൽ മെഡിക്കൽ കോളജ് പ്രധാന ബ്ലോക്കിന്റെ മൂന്നാം നിലയിലാണു താൽക്കാലികമായി നഴ്സിങ് കോളജ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം 10:1 എന്ന അനുപാതത്തിൽ 22 അധ്യാപകർ വേണ്ട സ്ഥാനത്ത് പ്രിൻസിപ്പൽ ഉൾപ്പെടെ 5 സ്ഥിരം അധ്യാപകർ മാത്രമാണുള്ളത്. അതിനാൽ സിലബസ് സമയത്തിനു തീരുന്നില്ല. പരീക്ഷയ്ക്കു മുൻപു പല ഭാഗങ്ങളും സ്വന്തമായി പഠിക്കേണ്ട സ്ഥിതിയിലാണെന്നു വിദ്യാർഥികൾ പറയുന്നു. മതിയായ സംവിധാനമില്ലാത്തതിനാൽ പല വിഭാഗത്തിന്റെയും പ്രായോഗിക പരിശീലനത്തിനു ജില്ലാ ആശുപത്രിയെയും തൃശൂർ മെഡിക്കൽ കോളജിനെയും ആശ്രയിക്കണം. അതിന്റെ യാത്രാ- താമസ ചെലവുകൾ വിദ്യാർഥികൾ സ്വന്തമായി കണ്ടെത്തണം.
217 വിദ്യാർഥികൾക്ക് ഇവിടെയുള്ളതു 4 ശുചിമുറികളാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കു രണ്ടെണ്ണം വീതം. കൂടുതൽ വിദ്യാർഥികളും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. സ്വന്തം ഹോസ്റ്റൽ ഇല്ലാത്തതിനാൽ മാസം വലിയ തുക നൽകി വേണം പുറത്തു താമസിക്കാൻ. നഴ്സിങ് കൗൺസിൽ നിഷ്കർഷിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കാതെയാണു കോളജ് പ്രവർത്തിക്കുന്നതെന്നു വിദ്യാർഥികൾ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര സ്ഥാപനങ്ങളിലും ജോലിചെയ്യാനും വിദേശത്തും ഐഎൻസി അംഗീകാരം നിർബന്ധമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്തതിൽ പ്രതിഷേധിച്ചു പാലക്കാട് സർക്കാർ നഴ്സിങ് കോളജ് വിദ്യാർഥികൾ കലക്ടറേറ്റിലേക്കു മാർച്ചും കുത്തിയിരിപ്പ് സമരവും നടത്തി. ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് എംഡിഎം അറിയിച്ചതിനെ തുടർന്നു സമരം അവസാനിപ്പിച്ചു. English Summary:
Palakkad government nursing college students are facing severe infrastructure and faculty shortages, impacting their education and well-being. Despite being operational for three years, the 217 BSc nursing students lack basic facilities like adequate restrooms and housing, forcing many to incur significant expenses for off-campus accommodation. |