search

മുങ്ങും മുൻപേ മുട്ടുകുത്തി

LHC0088 11 hour(s) ago views 631
  



ഗവർണർ രാജേന്ദ്ര ആർലേക്കർക്കു മുന്നിൽ വെള്ളക്കൊടി കാട്ടി ‘ഈ കപ്പലിന്റെ കപ്പിത്താൻ’ കീഴടങ്ങിയതു സഹിക്കാനും ദഹിക്കാനും ശേഷിയില്ലാത്ത ചിലർ സിപിഎമ്മിന്റെ നാവികപ്പടയിൽ ബാക്കിയുണ്ടത്രേ. വാർ റൂമിൽ മുഖത്തു നോക്കി ആരൊക്കെയോ അതു പറഞ്ഞെന്നും കേട്ടു. ‘പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്ത’ മാധ്യമങ്ങൾ കേട്ടപാതി വാർത്തയാക്കുകയും ചെയ്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് കപ്പിത്താനൊപ്പം പടയാളികൾ ഐകകണ്ഠ്യേന ഉറച്ചു നിൽക്കുന്ന കാര്യം പുറത്തറിയിക്കാൻ തീരുമാനിച്ചത്.

  • Also Read ഞാനെന്റെ സ്വന്തം പ്രതിജ്ഞ ചൊല്ല‌ും!; തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ പല പേരിൽ   


വൈസ് ചാൻസലർ നിയമനത്തിന്റെ അവകാശക്കാര്യത്തിലാണ് യുദ്ധം തോറ്റത്. ചാൻസലറാണ് അന്തിമ അവകാശി എന്ന പരമമായ സത്യം മുഖ്യമന്ത്രിക്കു പിടികിട്ടാൻ കൊല്ലങ്ങൾ വേണ്ടിവന്നു. കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും എന്നാണു ചൊല്ല്. ഒടുവിൽ, പാർട്ടിയോട് ആലോചിക്കാതെ ഗവർണർ പറഞ്ഞിടത്തെല്ലാം ഒപ്പു വച്ചു എന്ന ആക്ഷേപം ബാക്കി. തിരഞ്ഞെടുപ്പു ഫലം ശനിയാഴ്‌ച വന്നതുതൊട്ട് മുഖ്യമന്ത്രിക്കു ശനിയുടെ അപഹാരമാണ്. ഗവർണർ വിളിച്ചുവരുത്തി തിരുത്തിച്ചതോടെ ക്ഷീണം ഇരട്ടിച്ചു. ഗ്രഹണകാലത്ത് പാർട്ടിയിലാണെങ്കിലും ഞാഞ്ഞൂലുകൾ തല പൊക്കും.

തോൽക്കുന്ന കപ്പിത്താൻമാർക്ക് എന്നും ദുരനുഭവമാണ് ചരിത്രത്തിൽ. ഡച്ച് നാവികപ്പടയുടെ ക്യാപ്റ്റൻ ഡിലനോയിയെ തോൽപിച്ചതുകൊണ്ട് തിരുവിതാംകൂറിലെ മഹാരാജാവ് മാർത്താണ്ഡവർമ അടങ്ങിയോ? കക്ഷിയെ തന്റെ കപ്പിത്താനായി നിയമിക്കുകകൂടി ചെയ്തുകളഞ്ഞു. ആർലേക്കർ അത്ര കടുംകൈ ഒന്നും ചെയ്‌തില്ല. പിണറായി -സംഘപരിവാർ അന്തർധാരയെന്നൊക്കെ വി.ഡി.സതീശൻ കുശുമ്പു പറയുന്നതാണ്.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തോൽവി ഗവർണറോടു മാത്രമാണെങ്കിൽ സഹിക്കാമായിരുന്നു. ആജന്മശത്രുവായി പാർട്ടിയും എസ്എഫ്ഐയും ഇടതു യൂണിയനുകളും പ്രഖ്യാപിച്ച ഡോ. സിസ തോമസിനു മുന്നിൽക്കൂടി കീഴടങ്ങേണ്ടി വന്നതാണ് കഷ്‌ടാൽ കഷ്ടം. സിസ വൈസ് ചാൻസലറായ വാഴ്‌സിറ്റിയിൽ എസ്എഫ്ഐക്കാർ ഇനി എങ്ങനെ നെഞ്ചുവിരിച്ചു നടക്കും? അവരുടെ ഉത്തരവുകൾ യൂണിയൻ നേതാക്കൾ എങ്ങനെ എതിർവാ ഇല്ലാതെ അനുസരിക്കും? മന്ത്രിമാരടക്കം അവർക്കു മുന്നിൽ മനഃസാക്ഷിക്കുത്തില്ലാതെ എങ്ങനെ ഇരിക്കും?

ഗവർണറുടെ ഉത്തരവനുസരിച്ചു എന്ന ഒരൊറ്റക്കാര്യത്തിന് പെൻഷൻ തടഞ്ഞതു മുതൽ രേഖകളുടെ മോഷണക്കേസിൽ കുടുക്കിയതു വരെ സിസയോടു ചെയ്‌ത പോക്കണംകേടുകൾ പറഞ്ഞാൽ തീരില്ല. കോടതിയും ട്രൈബ്യൂണലും കയറിയിറങ്ങി ചക്രശ്വാസം വലിച്ചു. ആളു ഡീസന്റായതു കൊണ്ട് വൈരാഗ്യബുദ്ധിയില്ലാതെയും ഇതൊന്നും മനസ്സിൽ വയ്ക്കാതെയും സിസ പെരുമാറിയേക്കാം. എന്നാലും ഉള്ളിലൊരു മന്ദഹാസം ഇല്ലാതിരിക്കുമോ? അതു സഹിക്കേണ്ടി വരുന്നതാണ് പാട്.

ആരും ചോദിച്ചിട്ടല്ലെങ്കിലും കാണുന്നവരോട് ‘കപ്പൽ മുങ്ങില്ല കേട്ടോ’ എന്നു വിശദീകരിക്കുന്ന ഒരു മാനസികരോഗം സിപിഎമ്മിൽ പടരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പറഞ്ഞുതുടങ്ങിയത്. മുന്നണി കൺവീനർ ടി.പി.രാമകൃഷ്‌ണൻ ഏറ്റുപറഞ്ഞു. 58 നിയമസഭാ മണ്ഡലത്തിൽ ഇപ്പോഴും എൽഡിഎഫ് മുന്നിലാണ് എന്നാണ് ഗോവിന്ദൻ ആശ്വസിച്ചത്. സർക്കാരുണ്ടാക്കാൻ അത്രയും ധാരാളം എന്നും തോന്നിത്തുടങ്ങിയിട്ടുണ്ടാവണം.

35 സീറ്റ് കിട്ടിയാൽ സർക്കാരുണ്ടാക്കും എന്ന് ബിജെപി സംസ്‌ഥാന പ്രസിഡന്റായിരുന്ന കാലത്ത് കെ.സുരേന്ദ്രനു തോന്നിയിരുന്നു. അതു പുറത്തു പറഞ്ഞതോടെ ഉണ്ടായിരുന്ന നേമം കൂടി കൈവിട്ടുപോയി. 25 കൊല്ലത്തെ തുടർഭരണമാണ് സിപിഎമ്മിന്റെ ലക്ഷ്യം എന്നു ഗോവിന്ദൻ മാഷും പണ്ട് തോന്നൽ പുറത്തുപറഞ്ഞിട്ടുണ്ട്. ആരായാലും ജനത്തെ പേടിപ്പിക്കുന്നതിന് ഒരു അതിരൊക്കെ നല്ലതാണ്.

കപ്പൽ മഞ്ഞുപാളിയിലിടിക്കുമായിരുന്നു എന്ന് ടൈറ്റാനിക്കിന്റെ ക്യാപ്റ്റൻ എഡ്വേഡ് സ്‌മിത്തിനു നേരത്തേ അറിയാമായിരുന്നു എന്നു കേട്ടിട്ടുണ്ട്. സമീപത്തെ ചെറുകപ്പലുകളിൽനിന്നു മുന്നറിയിപ്പു ലഭിച്ചിരുന്നത്രേ. പക്ഷേ, ഇടിച്ചാലും ഏതു ഐസ് മലയെയും തകർക്കാൻ ടൈറ്റാനിക്കിനു കരുത്തുണ്ടെന്ന് സ്മിത്ത് വിശ്വസിച്ചു. സിപിഐയെപ്പോലുള്ള ചെറുകപ്പലുകൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഇടയിൽ പേടിച്ച് മുന്നറിയിപ്പു കൊടുത്തേക്കാം. പക്ഷേ, അതു കേട്ടു ലൈൻ മാറ്റിപ്പിടിക്കാൻ ക്യാപ്റ്റൻ പിണറായി വേറെ ജനിക്കണം. ലക്ഷണമൊത്ത പുതിയ കപ്പിത്താനെ കണ്ടെത്തുക എന്നതൊന്നും പെട്ടെന്നു നടപ്പുള്ള കാര്യമല്ല. അന്തം വിട്ട പോക്കാണെന്നു പലർക്കും ഉള്ളിലുണ്ടെങ്കിലും ‘കപ്പലോട്ടിയ മന്നനുക്ക് യാർ ബദൽ’ എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമല്ല. തൽക്കാലം പേടി മറച്ച് കണ്ണടച്ച് ‘ഐകകണ്ഠ്യേന’ കൈ കോർത്തു നിൽക്കുന്നതാണ് ബുദ്ധി. ബാക്കി വരുമ്പോലെ വരട്ടെ.

സ്വർണം കട്ടവനാരപ്പാ

വന്നു വന്ന് ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വണ്ടികളിൽപോലും കേട്ടു തുടങ്ങി ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ’ എന്ന ഗാനം. ‘സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന അടുത്ത വരിയാണ് ചതിച്ചത്. പുതിയ അയ്യപ്പഭക്തിഗാനമാണെന്നു ഭാഷ അറിയാത്ത പാവങ്ങൾ കരുതിയിട്ടുണ്ടാവണം. നാട്ടിലാണെങ്കിൽ സഖാക്കളുടെ വീട്ടിൽപ്പോലും പിഞ്ചുകുട്ടികൾ ‘സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന് അറിയാതെ മൂളിപ്പാട്ടു പാടി അടി മേടിക്കുന്നുണ്ടെന്നാണ് കേൾവി. ഈ പറഞ്ഞ വകുപ്പിൽ നാട്ടിൽ ലക്ഷക്കണക്കിനു സഖാക്കളുണ്ടായിരിക്കെ സ്വർണക്കേസിൽ തന്റെ നേരെ മാത്രം സംശയത്തിന്റെ മുന ആരെങ്കിലും നീട്ടിയാൽ സഖാവും ദേവസ്വം മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനു ദേഷ്യം വരുന്നതിൽ തെറ്റൊന്നുമില്ല. അതുകൊണ്ടാണ് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ആരോപിച്ച വി.ഡി.സതീശനെതിരെ കടകംപള്ളി കേസു കൊടുത്തത്. അല്ലാതെ കക്ഷി വ്യവഹാരപ്രിയനാണെന്നു ശത്രുക്കൾപോലും പറയില്ല. മാനനഷ്‌ടക്കേസ് കൊടുക്കാൻ സിപിഎം അനുമതി നൽകിയിട്ടും കേസിനൊന്നും പോകാതെ മാനംമര്യാദയായി ജീവിക്കുന്ന ചരിത്രമുള്ള ആളാണ്.

അടി പൂക്കുറ്റി

സർക്കാർ നിലപാടിനു വിരുദ്ധമായി സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ സമരത്തെ പിന്തുണച്ചതോടെയാണ്, ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്ത് നടൻ പ്രേംകുമാർ സർക്കാരിന്റെ കണ്ണിലെ കരടായതെന്നു കേട്ടിട്ടുണ്ട്. എന്തായാലും, തനിക്കു പകരം ഓസ്കർ അവാർഡ് ജേതാവും സൗണ്ട് എൻജിനീയറിങ് വിദഗ്ധനുമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചത് പത്രം വായിച്ച് അറിയാനായിരുന്നു പ്രേംകുമാറിനു യോഗം.

പുതിയ ചെയർമാൻ രാജ്യാന്തര ചലച്ചിത്രമേളയുടെ തുടക്കത്തിൽ ഇല്ലായിരുന്നെങ്കിലും സംഗതി തീരുന്നതിനു മുൻപ് രാജ്യാന്തര അതിർത്തി കടന്നെത്തി. മാസ് എൻട്രി അടിപൊളിയായി എന്നു പറയാതെ വയ്യ. കേന്ദ്രം നിരോധിച്ച 19 സിനിമയും പ്രദർശിപ്പിക്കുമെന്നൊക്കെ ഉത്തരവും ഫെയ്സ് ബുക് പോസ്‌റ്റുമായി നിന്നതാണ് മുഖ്യമന്ത്രിയും വകുപ്പു മന്ത്രി സജി ചെറിയാനുമൊക്കെ. ‘വിദേശ നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾകൊണ്ട് ചില സിനിമകൾക്ക് അനുമതി നൽകുന്നില്ല എന്ന് ഇന്ത്യാ ഗവൺമെന്റ് പറഞ്ഞാൽ അതിനെ എതിർക്കുന്നവർ ഇന്ത്യാക്കാരനാണോ’ എന്നായിരുന്നു വന്ന വഴിക്കുതന്നെ പൂക്കുട്ടിയുടെ വെടിയുണ്ട. ടിവി സംഗീതമത്സരങ്ങളിൽ ജഡ്‌ജിമാർ ‘അടി പൂക്കുറ്റി’ എന്നു പ്രോത്സാഹിപ്പിക്കുന്നതു കേട്ടിട്ടുണ്ട്. പ്രേംകുമാർ എത്ര ഭേദമെന്നു മന്ത്രി സജി ചെറിയാനു തോന്നിയിട്ടുണ്ടാവാം. കാതു കുത്തിയവൻ പോകുമ്പോൾ കടുക്കനിട്ടവൻ വരുമെന്നു വെറുതേ പറയുന്നതല്ല.

ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്നു വരെ തോന്നിയിട്ടുള്ള മന്ത്രി സജിക്കു മുൻപിൻ നോക്കാനില്ല. അതുപോലാണോ റസൂലിന്റെ കാര്യം. രാജ്യാന്തര അതിർത്തികൾ പതിവായി കടന്നു പറന്നാലേ കക്ഷിയുടെ അടുപ്പിൽ അരി വേവൂ. വെറുതേ വിദേശ മന്ത്രാലയത്തിന്റെ കണ്ണിലെ കരടാവാൻ നിന്നുകൊടുക്കാഞ്ഞതു ബുദ്ധിയായി. എവിടെ ഒച്ചയെടുക്കണം, എവിടെ നിശ്ശബ്ദത പാലിക്കണം എന്നറിയുന്നതും ഒരു തരത്തിൽ സൗണ്ട് എൻജിനീയറിങ് തന്നെ. ചില കാര്യങ്ങൾ ഓസിനു നടത്തിക്കൊടുക്കാൻകൂടി കഴിയുന്നവർക്കേ അക്കാദമി ചെയർമാൻ സ്ഥാനത്തൊക്കെ മനഃസമാധാനത്തോടെ ഇരിക്കാൻ പറ്റൂ എന്നു കേട്ടിട്ടുണ്ട്. ഓസ്‌കറുകാർക്കു ബുദ്ധിമുട്ടാണ്.

സ്‌റ്റോപ് പ്രസ്

പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയാണ് ജോസഫ് ഗ്രൂപ്പെന്ന് ജോസ് കെ.മാണി.

എങ്കിലും ഔസേപ്പച്ചൻ അൽപം ഒതുങ്ങിയിരുന്നാൽ ഒരു കുരുവിക്കുകൂടി സ്‌ഥലം ബാക്കിയുണ്ട്.
English Summary:
Aazhchakurippukal: Kerala Politics takes center stage as recent events spark debate. The focus is on political events, key figures, and policy implications, offering insights into the current political scenario in Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158708