ബെംഗളൂരു ∙ രാത്രി ഇരുചക്ര വാഹനങ്ങളിലെത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. മുൻപു വിജനമായ സ്ഥലങ്ങളിലും ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലുമായിരുന്നു ഇത്തരം ആക്രമണങ്ങൾ കൂടുതലെങ്കിൽ, ഇപ്പോൾ തിരക്കുള്ള റോഡുകളിലും അക്രമികൾ വിലസുകയാണ്. പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനങ്ങളിലും മറ്റും താമസിച്ച് രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്ന കോളജ് വിദ്യാർഥികളാണ് പലപ്പോഴും കവർച്ചയ്ക്കിരയാകുന്നത്. പലരും പരാതിപ്പെടാൻ തയാറാകാത്തത് കവർച്ചസംഘത്തിന് സഹായവുമാണ്. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. കെങ്കേരി, ആർആർ നഗർ, ജ്ഞാനഭാരതി മെട്രോ സ്റ്റേഷൻ, ശാന്തിനഗർ, എച്ച്എസ്ആർ ലേഔട്ട്, എന്നിവിടങ്ങളിലെല്ലാം അടുത്തയിടെ ഇത്തരം ആക്രമണങ്ങൾ നടന്നു. കവർച്ചശ്രമത്തിനിടെ കൊല്ലാനും സംഘം മടിക്കാറില്ല. 2 വർഷം മുൻപ് മലയാളി യുവാവ് കുത്തേറ്റു മരിച്ചിരുന്നു.
കുത്തിപ്പരുക്കേൽപിച്ച് ഫോൺ കവർന്നു
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷനു സമീപം സ്കൂട്ടറിലെത്തിയ 2 പേർ എംബിഎ വിദ്യാർഥിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ച ശേഷം ഒന്നര ലക്ഷം രൂപയുടെ ഐഫോൺ തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സ്വകാര്യ കോളജിൽ ഒന്നാം വർഷ എംബിഎ വിദ്യാർഥിയായ കോയമ്പത്തൂർ സ്വദേശി ജെ.ജി. നവീനാണ് ആക്രമിക്കപ്പെട്ടത്. ഇടത് കവിളിൽ ആഴത്തിൽ മുറിവേറ്റ് 22 സ്റ്റിച്ച് ഉണ്ട്. പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്കു പോയപ്പോൾ അക്രമികൾ പിന്നിൽ സ്കൂട്ടറിൽ എത്തി ആക്രമിച്ചു ഫോൺ കവരുകയായിരുന്നു.
ചോരവാർന്ന മുഖവുമായി വിദ്യാർഥി പിജിയിൽ തിരിച്ചെത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി. ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
പിന്നിൽ ആക്രമണം പതിവാക്കിയവർ
അടുത്തയിടെ കെങ്കേരി ആർആർ നഗറിന് സമീപം മലയാളി കോളജ് വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ അറസ്റ്റിലായ 5 പേരും പ്രദേശത്ത് ഒട്ടേറെ സമാന സംഭവങ്ങളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 12 മണിയോടെ ഭക്ഷണം കഴിച്ച് താമസ സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. ഏതാനും ദിവസം മുൻപ് ശാന്തിനഗറിലും സ്കൂട്ടറിലെത്തിയ 3 പേർ യാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ തട്ടിപ്പറിച്ചിരുന്നു. നാട്ടിൽ നിന്ന് മടങ്ങിവരുന്നതിനിടെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇറങ്ങുന്നവരെ കത്തികാട്ടി കവർച്ച നടത്തുന്നതും പതിവായിരുന്നു. കലാശിപാളയം, മജെസ്റ്റിക്, മഡിവാള ഭാഗങ്ങളിലായിരുന്നു ഇത്തരം സംഭവങ്ങൾ കൂടുതൽ. English Summary:
Bengaluru Robberies are on the rise, especially targeting students at night. Police are urged to increase patrols to combat the escalating street crime and ensure public safety. |
|