search

കുഴക്കുന്ന ദിശാസൂചി

deltin33 Yesterday 11:19 views 380
  

  



ഭരണഘടനയുടെ 143–ാം വകുപ്പുപ്രകാരം, പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം ചോദിക്കാം. ഇതാണ് പ്രസിഡൻഷ്യൽ റഫറൻസ്. ഇതു പരിഗണിക്കുമ്പോൾ രാഷ്ട്രപതിയുടെ ചോദ്യങ്ങൾ ഫയലിൽ സ്വീകരിച്ച് അതിന്മേൽ വാദം കേട്ടശേഷം കോടതി അഭിപ്രായം അറിയിക്കും. 1993ലെ അയോധ്യ റഫറൻസിൽ സംഭവിച്ചതുപോലെ, അഭിപ്രായം പറയാതെ റഫറൻസ് തിരിച്ചയയ്ക്കാനും കോടതിക്ക് അധികാരമുണ്ട്.

  • Also Read എം.എ.ബേബിയുടെ വാർഡിൽ പാർട്ടിക്ക് റിബൽ; സിപിഎം പ്രവർത്തകൻ സ്വതന്ത്രനായി പത്രിക നൽകി   


ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് നൽകിയ വിധിയെ പിൻപറ്റിയാണ് രാഷ്ട്രപതി 14 ചോദ്യങ്ങൾ കോടതിയോട് ഉന്നയിച്ചത്. സുപ്രീം കോടതി പറയുന്ന അഭിപ്രായത്തിന് കോടതിയുടെതന്നെ വിധിന്യായങ്ങളുടെ മൂല്യം കൽപിക്കപ്പെടില്ല. പക്ഷേ, കോടതിയുടെ അഭിപ്രായം എന്ന നിലയ്ക്ക് സമാന കേസുകളിൽ ഉദ്ധരിക്കപ്പെടാം.

  • Also Read നായ പാഞ്ഞെത്തി, 3–ാം നിലയിൽനിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു; ലൈസൻസില്ലാതെ നായയെ വളർത്തിയ ഉടമസ്ഥനെതിരെ കേസ്   


നിയമസഭ പാസാക്കിയ ബില്ലുകളുടെ തുടർനടപടിയിൽ ഗവർണർ കാലതാമസമുണ്ടാക്കുന്നു എന്ന വാദം അംഗീകരിച്ചുള്ളതായിരുന്നു തമിഴ്നാട് കേസിലെ വിധി. ബില്ലുകളിന്മേൽ രാഷ്ട്രപതിയുടെയും ഗവർണറുടെയും നടപടിക്ക് കോടതി സമയപരിധി നിശ്ചയിച്ചു. ഭരണഘടനയുടെ 200–ാം വകുപ്പു പ്രകാരം, ഗവർണർക്ക് ബിൽ അംഗീകരിച്ച് ഒപ്പുവയ്ക്കാം, അംഗീകാരം നൽകാതിരിക്കാം, രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാം; ബിൽ നിയമസഭയുടെ പുനഃപരിശോധനയ്ക്കായി മടക്കിയയയ്ക്കാനും സാധിക്കും. പക്ഷേ, 200–ാം വകുപ്പിൽ ഈ നടപടികൾക്കു കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തമിഴ്നാട് കേസിൽ ബില്ലുകളിന്മേലുള്ള നടപടിക്ക് രാഷ്ട്രപതിക്കും ഗവർണർക്കും കൃത്യമായ സമയപരിധി നിശ്ചയിച്ചതിനു പുറമേ, ഈ പരിധിക്കുള്ളിൽ തീരുമാനമാകുന്നില്ലെങ്കിൽ ബില്ലുകൾക്ക് അംഗീകാരം ലഭിച്ചതായി (കൽപിത അംഗീകാരം) കണക്കാക്കാമെന്നും പറഞ്ഞിരുന്നു. ഏതു നടപടിയുമാകട്ടെ, അതു സമയബന്ധിതമാകണമെന്ന നിലപാടാണു രണ്ടംഗ ബെഞ്ച് പറഞ്ഞത്. ഗവർണറുടെ അധികാരത്തിലുള്ള കടന്നുകയറ്റമായി അതിനെ കാണാനാകില്ല.   അഡ്വ. മുകുന്ദ് പി.ഉണ്ണി

തമിഴ്നാട് കേസിലെ വിധി ഭരണഘടനാ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്ന നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിച്ചത്. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തിൽ, കേരള ഗവർണർക്കെതിരെ തങ്ങൾ നൽകിയ ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാർ താൽപര്യപ്പെട്ടപ്പോൾ ഇത്തരം പ്രധാനപ്പെട്ട ഭരണഘടനാ വിഷയങ്ങളെ സാമാന്യവൽക്കരിച്ച് ഹർജി ഫയൽ ചെയ്യാനും പിൻവലിക്കാനും സാധിക്കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ റഫറൻസ് ഉണ്ടായത്.

പ്രസിഡൻഷ്യൽ റഫറൻസ് പരിഗണനയ്ക്കെടുത്തപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കോടതി നോട്ടിസ് അയച്ചിരുന്നു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ റഫറൻസിനെ പിന്തുണച്ചു; കേന്ദ്രത്തിലെ പ്രതിപക്ഷകക്ഷികളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങൾ എതിർത്തു. നേരത്തേ തീരുമാനമായ വിഷയമായതിനാൽ റഫറൻസിനു പ്രസക്തിയില്ലെന്ന് കേരളമുൾപ്പെടെ സംസ്ഥാനങ്ങൾ വാദിച്ചപ്പോൾ, തമിഴ്നാട് കേസിനുശേഷം ഗവർണറുടെ അധികാരം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതായാണു കോടതി പറഞ്ഞത്. ഗവർണർക്കു സമയപരിധി നിശ്ചയിക്കുന്ന വിധി തെറ്റാണെന്നു സ്ഥാപിക്കാൻ ഒട്ടേറെ കാരണങ്ങൾ അഞ്ചംഗ ബെഞ്ചിന്റെ മറുപടിയിൽ അക്കമിട്ടു വിശദീകരിച്ചിട്ടുണ്ട്.

ഗവർണർമാരുടെ അധികാരം സംബന്ധിച്ച നിരവധിയായ വിധിന്യായങ്ങൾ തമിഴ്നാട് കേസിൽ ശരിയായ രീതിയിൽ പരിഗണിച്ചിട്ടില്ലെന്നാണ് അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചത്. 200–ാം വകുപ്പിൽ ഗവർണറുടെ നടപടികൾക്കു സമയപരിധി പറയാത്ത സാഹചര്യത്തിൽ, സമയപരിധി നിശ്ചയിച്ച് ഭരണഘടനയിലേക്ക് അധികമായി വ്യാഖ്യാനിച്ചുചേർക്കാൻ കോടതിക്ക് അധികാരമില്ലെന്നാണു പ്രധാന നിരീക്ഷണം. ബില്ലിനു കൽപിത അംഗീകാരമെന്നത് ഭരണഘടനയ്ക്കു തികച്ചും അന്യമാണെന്നും അഭിപ്രായപ്പെട്ടു.

ഗവർണറും സർക്കാരുമായി വിയോജിപ്പുണ്ടാകുമ്പോൾ ചർച്ചകളിലൂടെ ഭരണഘടനാപരമായ സ്തംഭനം നീക്കണമെന്നാണു കോടതി അഭിപ്രായപ്പെട്ടത്. ഒരു ‘ചെക്ക് ആൻഡ് ബാലൻസ്’ സംവിധാനമായി ഗവർണറുടെ ഓഫിസ് നിലനിൽക്കുമെന്നാണു കോടതിയുടെ കാഴ്ചപ്പാട്. പ്രതിപക്ഷസംസ്ഥാനങ്ങളുമായി നിരന്തരം പോരിലേർപ്പെടുന്ന ഗവർണർമാരുള്ളപ്പോൾ ഇരുകൂട്ടരും തമ്മിൽ ചർച്ചകളിലൂടെ പ്രശ്നങ്ങൾ തീർക്കണമെന്നു പറയുന്നത് യാഥാർഥ്യം പരിഗണിക്കാതെയുള്ള നിലപാടാണ്. ഗവർണറുടെ അധികാരവിനിയോഗത്തിനു മാർഗരേഖ രൂപപ്പെടുത്താനുള്ള അവസരം പാഴാക്കിയ കോടതി, ഗവർണർ കേന്ദ്രത്തിന്റെ റസിഡന്റ് കമ്മിഷണറെപ്പോലെ പ്രവർത്തിക്കാതിരിക്കാനും ആ സ്ഥാപനത്തെ സ്വതന്ത്രവൽക്കരിക്കാനും താൽപര്യപ്പെട്ടുമില്ല.

200–ാം വകുപ്പുപ്രകാരം ഗവർണർ എടുക്കുന്ന നടപടികൾക്കെതിരെ കോടതിയിൽ പോകാനാകില്ല എന്നു പറയുമ്പോൾ‍ത്തന്നെ, ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ പെട്ടെന്നു തീർപ്പുകൽപിക്കൽ ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാമെന്നാണ് റഫറൻസിലുള്ള കോടതിയുടെ അഭിപ്രായം. അപ്പോഴും, തീരുമാനമെടുക്കുന്നില്ലെങ്കിൽ ഗവർണർക്കെതിരെ ഏതു രീതിയിൽ നീങ്ങുമെന്നതിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഇനി കോടതിയിൽ പോയാൽത്തന്നെ പ്രസിഡൻഷ്യൽ റഫറൻസിലെ അഭിപ്രായം ചൂണ്ടിക്കാണിച്ച് തമിഴ്നാട് വിധിയെ അസ്ഥിരപ്പെടുത്താൻ സുപ്രീം കോടതിയുടെ മറ്റ് ഉയർന്ന ബെഞ്ചുകൾക്കു സാധിക്കും. തമിഴ്നാട് വിധിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചല്ലാതെ, അതു പൂർണാർഥത്തിൽ മറികടക്കാത്ത സാഹചര്യത്തിൽ തമിഴ്നാട് വിധി ഉപയോഗപ്പെടുത്തി മറ്റൊരു സംസ്ഥാനത്തിന് ഗവർണർക്കെതിരെ നീങ്ങാനാകുമോ എന്ന നിയമപ്രശ്നം അവശേഷിക്കുന്നു.

കൃത്യമായി പറഞ്ഞാൽ, മികച്ച ഫെഡറൽ സഹകരണത്തിനു ദിശാസൂചിയായി നിലനിന്ന തമിഴ്നാട് വിധിയെ പ്രസിഡൻഷ്യൽ റഫറൻസിനുള്ള മറുപടിയിലൂടെ സുപ്രീം കോടതിതന്നെ ദുർബലപ്പെടുത്തിയിരിക്കുകയാണ്. ഭാവിയെക്കരുതിയുള്ള റഫറൻസ് എന്നാണു കേന്ദ്രം പറഞ്ഞത്. ആശയക്കുഴപ്പം ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണു മറുപടിയെന്നു സുപ്രീം കോടതിയും വിശേഷിപ്പിച്ചു. എന്നാൽ, കൂടുതൽ ആശയക്കുഴപ്പത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

(സുപ്രീം കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ)
English Summary:
Presidential Reference: Presidential Reference creates more confusion regarding the Governor\“s powers and federal cooperation. The Supreme Court\“s response to the Presidential Reference has weakened the Tamil Nadu verdict, leading to uncertainty about the Governor\“s authority and the process of bill assent.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470031