LHC0088 • 9 hour(s) ago • views 884
കേന്ദ്ര സർക്കാർ പുതിയ വിത്തു ബില്ലിന്റെ കരട് പുറത്തിറക്കിയിരിക്കുന്നു. 1966ലെ വിത്തു നിയമവും 1968ലെയും 1983ലെയും വിത്തു നിയന്ത്രണ ഉത്തരവുകളും റദ്ദാക്കി ഈ മേഖലയിൽ പുതിയ ചട്ടക്കൂട് സൃഷ്ടിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. ഈ നിയമം കൊണ്ടുവരുന്നതിനു കേന്ദ്ര സർക്കാർ പറയുന്ന ചില കാരണങ്ങളുണ്ട്; വിത്തുൽപാദനരംഗത്തെ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ഇപ്പോൾ ഏറെ മാറി, പൊതുമേഖലയെക്കാൾ ഈ രംഗത്തു സ്വകാര്യമേഖല കൂടുതൽ ശക്തമായി, വിത്തുകളുടെ വൻതോതിലുള്ള കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നു. അതിനാൽ, വിത്തുകളുടെ ഗുണനിലവാരം നിലനിർത്താനും കർഷകർക്കു നല്ല വിത്ത് ലഭ്യമാക്കാനും പുതിയ നിയമം അനിവാര്യമാണെന്നു കേന്ദ്രം വാദിക്കുന്നു.
- Also Read ശബരിമലയിലെ തിരക്കിനു കുറവില്ല, സ്പോട് ബുക്കിങ് നിലയ്ക്കലിലും വണ്ടിപ്പെരിയാറിലും മാത്രം; ക്യൂ ശരംകുത്തി വരെ
കേന്ദ്ര സർക്കാർ പറയുന്ന കാരണങ്ങൾ പലതും ശരിയാണ്. പക്ഷേ, സങ്കീർണമായ ചില വൈരുധ്യങ്ങൾക്കിടയിൽ ഞെരുങ്ങിനിന്നേ ഇക്കാലത്ത് വിത്തുകൾക്കായുള്ള നിയമനിർമാണം സാധ്യമാകൂ. ഈ വൈരുധ്യങ്ങൾ പലപ്പോഴും കർഷകർക്കു ഗുണകരമായ ചട്ടക്കൂട് നിർമിക്കുന്നതിനു തടസ്സവുമാണ്.
- Also Read കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം
ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യ ഒപ്പിട്ട രാജ്യാന്തര കരാറുകൾ തമ്മിലുള്ള വൈരുധ്യമാണ്. ഇന്ത്യ ഒപ്പുവച്ചിട്ടുള്ള ലോകവ്യാപാര സംഘടനയുടെ ട്രിപ്സ് കരാറും (1994) ജൈവവൈവിധ്യ കൺവൻഷനും (1992) സസ്യജനിതക വിഭവങ്ങൾക്കായുള്ള രാജ്യാന്തര ഉടമ്പടിയും (2001) തമ്മിൽ ഒത്തുപോകുന്നതല്ല. ട്രിപ്സ് കരാർ വിത്തുൽപാദകരുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുമ്പോൾ 1992ലെയും 2001ലെയും ഉടമ്പടികൾ വിത്തുകൾ ഉൽപാദിപ്പിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കാനും കൈമാറാനുമുള്ള കർഷകരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നു. ഇവ രണ്ടും ഒത്തുകൊണ്ടുപോകാനുള്ള ശ്രമമായിരുന്നു 2001ൽ ഇന്ത്യ പാസാക്കിയ ‘സസ്യവൈവിധ്യങ്ങളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ നിയമം’. എന്നാൽ, പുതിയ വിത്തു ബിൽ ഒരേസമയം വിത്തുൽപാദകർക്കു സംരക്ഷണം ഉറപ്പുവരുത്താനും 2001ലെ നിയമവുമായി ഒത്തുപോകാനുമാണ് ശ്രമിക്കുന്നത്. ഇവ തമ്മിലൊരു ഒത്തുതീർപ്പ് നിയമപരമായി അസാധ്യമാണ്.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
ഒന്നാമതായി, ഈ ബിൽ പലതരത്തിലും 2001ലെ നിയമത്തിന്റെ ലക്ഷ്യങ്ങൾക്കു വിരുദ്ധമാണ്. രണ്ടാമതായി, സ്വകാര്യ വിത്തു കമ്പനികളുടെയും ഉൽപാദകരുടെയും ബൗദ്ധിക സ്വത്തവകാശങ്ങളെ സംരക്ഷിക്കുന്ന നിലപാടിനാണ് പുതിയ ബില്ലിൽ കൂടുതൽ പരിഗണന നൽകിയിരിക്കുന്നത്. ആർ. രാംകുമാർ
ബിൽ ഉയർത്തുന്ന ചില പ്രധാന പ്രശ്നങ്ങൾ
1 . 2001ലെ നിയമം ഇന്ത്യയിലെ വിവിധയിനം വിത്തുകളുടെ തനതു സവിശേഷതകളും വൈവിധ്യങ്ങളും സ്ഥിരതയും അടിസ്ഥാനമാക്കി റജിസ്ട്രേഷൻ സംവിധാനം കൊണ്ടുവന്നിരുന്നു. എന്നാൽ, ഇതേ റജിസ്‌ട്രേഷൻ മറ്റൊരു രീതിയിൽ കൊണ്ടുവരാനാണ് പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. ഈ ബില്ലിലെ റജിസ്ട്രേഷന് ആധാരം വിത്തുകളുടെ കാർഷിക ഉപയോഗ മൂല്യമാണ്. ഏതാണ് പരിഗണിക്കുക? വിത്തുകളുടെ സവിശേഷതയോ ഉപയോഗമൂല്യമോ? 2001ലെ നിയമത്തിലെ കർഷക സൗഹൃദമായ റജിസ്‌ട്രേഷൻ സംവിധാനത്തെ അട്ടിമറിക്കാനാണ് വിത്തു ബിൽ ശ്രമിക്കുന്നത്.
2. കർഷകരുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി സീഡ് ബാങ്കുകളും സഹകരണ കർഷക കൂട്ടായ്മകളും വിത്തുൽപാദകരായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വിത്തു ബില്ലിലെ വ്യവസ്ഥകൾ ഇവർക്കും റജിസ്ട്രേഷനും പരിശോധനകളും പിഴകളും നിർബന്ധമാക്കുന്നു. ‘കർഷകരുടെ വിത്തുകൾ’ ബില്ലിന്റെ പരിധിയിൽ വരില്ലെന്നു പറയുന്നുണ്ടെങ്കിലും കർഷകവിത്തിനു കൃത്യമായ നിർവചനം ബില്ലിൽ ഇല്ലതാനും. ഇതൊക്കെ കർഷകരുടെ കൂട്ടായ്മകളെ ദുരിതത്തിലാക്കുമെന്നു മാത്രമല്ല, പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
3. വിത്തു വ്യവസായത്തിലെ കോർപറേറ്റുകൾക്ക് അനുകൂലമാണ് ബില്ലിലെ പല വ്യവസ്ഥകളും. ഉദാഹരണത്തിന്, വിത്തുകളുടെ ഉദ്ഭവം കണ്ടെത്താനുള്ള ഡിജിറ്റൽ സംവിധാനം നിർബന്ധമാക്കൽ (ഡിജിറ്റൽ ട്രേസബിലിറ്റി) പോലെയുള്ള പരിഷ്‌കാരങ്ങൾ. അവ പൊതുമേഖലാ ഗവേഷണ സംവിധാനങ്ങളെ ദോഷകരമായി ബാധിക്കും. സ്വകാര്യ വിത്തു കമ്പനികൾ വിത്തുകളുടെ ഉദ്ഭവം തിരിച്ചറിയാനുള്ള മാർഗവും ബ്രാൻഡഡ് ലേബലിങ് പോലെയുള്ള ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് പരമ്പരാഗത വിത്തിനങ്ങൾ കൈവശപ്പെടുത്തുമ്പോൾ കർഷക കൂട്ടായ്മകൾക്ക് ഒന്നും ചെയ്യാനാകില്ല. മാത്രമല്ല, സ്വകാര്യ കമ്പനികളെ നിയമപരമായി എതിരിടാനുള്ള പ്രാപ്തിയും കൂട്ടായ്മകൾക്കുണ്ടാവില്ല. മാത്രമല്ല, ഒരു വിത്തിന് കേന്ദ്ര അക്രഡിറ്റേഷൻ ലഭിച്ചാൽ എല്ലാ സംസ്ഥാനങ്ങളിലും അതുവഴി ആ വിത്തിനു റജിസ്ട്രേഷൻ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. സംസ്ഥാനങ്ങൾക്കു വിത്തുകളെ നിയന്ത്രിക്കാനുള്ള അധികാരം ഇതുവഴി നഷ്ടമാകും.
4. വിത്തുകളുടെ വില നിയന്ത്രണത്തിനുള്ള ഒരു നടപടിയും ബില്ലിൽ ഇല്ല. ഉപവാക്യം 22 പറയുന്നതനുസരിച്ച്, കേന്ദ്ര സർക്കാർ ‘അടിയന്തര സാഹചര്യങ്ങളിൽ’ മാത്രമാകും വിത്തുവില നിയന്ത്രിക്കുക. അടിയന്തര സാഹചര്യത്തെ നിർവചിച്ചിരിക്കുന്നത് വിത്തുകളുടെ ക്ഷാമം, വിലയിലെ അസാധാരണ വർധന, കുത്തകവില നിശ്ചയിക്കൽ എന്നിവയൊക്കെയാണ്. പക്ഷേ, ഈ വ്യവസ്ഥകളിൽ വ്യക്തതക്കുറവുണ്ട്. എന്താണ് ക്ഷാമം? ഒരു വിത്തിന്റെ വില എപ്പോഴാണ് അസാധാരണമെന്നു കണക്കാക്കുക? വിത്തിനു കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന വിലയെന്താണ്? കുത്തകവില എങ്ങനെ കണക്കാക്കും? ഈ വ്യക്തതയില്ലായ്മ സ്വകാര്യ വിത്തു കമ്പനികളെ കൊള്ളവില ഈടാക്കാൻ തുടർന്നും സഹായിക്കുകയേയുള്ളൂ.
5. ഇന്ത്യയുടെ ജൈവവൈവിധ്യ നയനിലപാട് ദുർബലമാക്കാൻ വിത്തു ബിൽ ഇടവരുത്തും. 1992ലെയും 2001ലെയും രാജ്യാന്തര ധാരണകളെയും ഇന്ത്യ തന്നെ 2001ൽ പാസാക്കിയ നിയമത്തെയും അവയിൽ അടിവരയിട്ടു പറഞ്ഞിട്ടുള്ള ‘ജൈവവൈവിധ്യ പരമാധികാരം’ എന്ന സങ്കൽപത്തെയും ബിൽ ദുർബലപ്പെടുത്തുന്നു. കർഷകരുടെ പരമ്പരാഗത വിത്തിനങ്ങൾ വാണിജ്യവൽക്കരിക്കപ്പെടുന്നതിലൂടെ, അവർക്കു ന്യായമായി കിട്ടേണ്ട ആനുകൂല്യങ്ങളും വിത്തുവില പങ്കിടലും നിയമാനുസൃതമായി ലഭ്യമാക്കാൻ സർക്കാരിനു കഴിയാതെയാകും.
ചുരുക്കത്തിൽ, 2025ലെ ബിൽ ഇന്ത്യയിലെ കർഷകരുടെ വിത്ത് അവകാശങ്ങൾ, തദ്ദേശീയ ജൈവവൈവിധ്യങ്ങൾ, പൊതുമേഖലയിലെ വിത്തുൽപാദനം തുടങ്ങിയവയെ ദുർബലപ്പെടുത്തുകയും കുത്തക കമ്പനികൾക്ക് അനുകൂലമായ വിപണി സൃഷ്ടിക്കുകയും ചെയ്യും.
(മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രഫസറും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമാണ് ലേഖകൻ) English Summary:
Nottam: Seed Bill 2025 is designed to help farmers but favors private companies, impacting the nation\“s biodiversity. The bill\“s clauses may undermine traditional seed varieties and farmer\“s rights, potentially creating a market skewed towards corporate interests and a new digital system. |
|